കോഴിക്കോട് നിപ രോഗികൾക്ക് നൽകിയ മരുന്നുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്ത്. രോഗികൾക്ക് നൽകിയത് ക്ലിനിക്കൽ ട്രയൽ മരുന്നാണോ എന്ന് സംശയമുണ്ടെന്നും, മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മരുന്നുകളിൽ നിർമാണ തീയതിയും കാലാവധി തീയതിയും രേഖപ്പെടുത്തേണ്ടതുണ്ടെങ്കിലും, നിർമാണ തീയതി രേഖപ്പെടുത്താത്ത മരുന്നുകളാണ് എത്തിയത്.
മുൻ സർക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി വലിയ രീതിയിലുള്ള ഇടപാടുകൾ നടന്നിട്ടുണ്ടെന്നും, ഇതിൽ ആരെല്ലാം ഇടനിലക്കാരായി പ്രവർത്തിച്ചു എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തിൽ വില കുറഞ്ഞ മരുന്നുകൾ നൽകരുത് എന്ന് മാത്രമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ക്ലിനിക്കൽ ട്രയലുകളെ കുറിച്ച് അതിൽ പരാമർശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















