കേരളപ്പിറവിയുടെ എഴുപതാം വാർഷികം കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി മാറ്റാനുള്ള സ്വപ്നയാത്രയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രസ്താവിച്ചു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ‘ഫെസ്റ്റിവൽ ഓഫ് കേരളം 2026’ ന്റെ ലോഗോ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ നിലയിലേക്ക് കേരളത്തെ വളർത്തിയെടുക്കാൻ പ്രയത്നിച്ച പ്രമുഖരെ അനുസ്മരിച്ച അദ്ദേഹം, വിശ്രമമില്ലാത്ത കഠിനാധ്വാനത്തിലൂടെ മാത്രമേ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ സാധിക്കൂ എന്നും കൂട്ടിച്ചേർത്തു.
സംസ്ഥാന രൂപീകരണത്തിന്റെ ഏഴ് പതിറ്റാണ്ടുകൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ പ്രമുഖ നഗരങ്ങളിൽ ‘ഫെസ്റ്റിവൽ കേരള’ സംഘടിപ്പിക്കും.
നവംബർ ഒന്നിന് ആരംഭിക്കുന്ന ഈ മേളയിലൂടെ കേരളത്തിന്റെ തനത് കലകളും സാംസ്കാരിക പാരമ്പര്യവും ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിടുന്നു.
ഉന്നത വിദ്യാഭ്യാസ നിലവാരം, മികച്ച ആരോഗ്യരംഗം, വ്യവസായ-സംരംഭകത്വ പുരോഗതി, തൊഴിലവസരങ്ങൾ, ശക്തമായ ക്ഷേമപ്രവർത്തനങ്ങൾ എന്നിവയിലൂടെ കേരളത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കുകയാണ് ലക്ഷ്യം.
പരമ്പരാഗത കലയും സാഹിത്യവും സംരക്ഷിക്കുന്നതിനൊപ്പം മുന്നിൽ നിൽക്കുന്ന മേഖലകളിൽ മുന്നേറ്റം തുടരാനും പിന്നാക്കം നിൽക്കുന്ന മേഖലകളെ കൈപിടിച്ചുയർത്താനും ഈ കൂട്ടായ പ്രയത്നത്തിലൂടെ സാധിക്കുമെന്നും ഇതിനായി എല്ലാവരുടെയും പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.















