ബി.എല്‍.എം (BLM) ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവില്‍ സാധാരാണക്കാരില്‍ നിന്ന് മുന്നൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ സ്ഥാപക ചെയര്മാന് പ്രേംകുമാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ചെന്നൈയിലെ വസതിയില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സൊസൈറ്റി വഴി സാധാരണക്കാരില്‍ നിന്ന് ശേഖരിച്ച നിക്ഷേപത്തുക നിയമവിരുദ്ധമായി സ്വന്തം പേരിലേക്കും ഭാര്യയുടെ പേരിലേക്കും രൂപീകരിച്ച വ്യാജ (ഷെല്‍) കമ്പനികളിലേക്കും വകമാറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രേംകുമാറിനെ ഉടന്‍ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നതടക്കമുള്ള തുടര്‍ നിയമനടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. സൊസൈറ്റിയിലേക്ക് എത്തുന്ന നിക്ഷേപം മറ്റ് മേഖലകളിലേക്ക് വകമാറ്റരുതെന്ന നിയമം ലംഘിച്ച് 17 ഷെല്‍ കമ്പനികള്‍ രൂപീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. സൊസൈറ്റിയുടെ പണം ഉപയോഗിച്ച് തിരുവനന്തപുരത്ത് 17 കോടി രൂപയ്ക്ക് ലക്ഷ്വറി സ്വീറ്റ് ഹോട്ടല്‍ പ്രേംകുമാറിന്റെ ഭാര്യയുടെ പേരില്‍ വാങ്ങി. കൂടാതെ, പ്രേംകുമാര്‍ ഡയറക്ടറായ കമ്പനി മൂന്നാറില്‍ 29 കോടി രൂപ ചിലവഴിച്ച് രണ്ട് റിസോര്‍ട്ടുകളും, തൃശൂരിലെ പ്രശസ്തമായ രാഗം തിയേറ്ററും സൊസൈറ്റിയുടെ പണം വകമാറ്റി സ്വന്തമാക്കി.
ഇയാള്‍ ചെയര്‍മാനായ എജ്യുക്കേഷന്‍ സൊസൈറ്റിയിലേക്ക് 31 കോടി രൂപയും, തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഭാര്യയുടെ പേരില്‍ വസ്തുക്കള്‍ വാങ്ങാനും സൊസൈറ്റി പണം ഉപയോഗിച്ചു. പ്രാഥമിക അന്വേഷണത്തില്‍ 300 കോടിയുടെ തട്ടിപ്പാണ് തെളിഞ്ഞതെങ്കിലും ആയിരത്തി ഇരുനൂറ് കോടി രൂപയുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ബാങ്കുകള്‍ വഴി നടന്നിട്ടുണ്ടെന്നാണ് നിഗമനം.
ബി.എല്‍.എം കമ്പനിയില്‍ 80 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സി.ഇ.ഒ നല്കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കേസിന് ആധാരം. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കേസില്‍ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റാണിത്. കസ്റ്റഡിയിലുള്ള പ്രേംകുമാറിനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ സാമ്പത്തിക തട്ടിപ്പുകളുടെ വിവരങ്ങളും തട്ടിപ്പിന് കൂട്ടുനിന്ന മറ്റു ഉദ്യോഗസ്ഥരെക്കുറിച്ചുള്ള സൂചനകളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.















