വോട്ട് ചോരി വിവാദത്തിലും ആരോപണങ്ങളിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിഷയത്തിൽ പാർലമെന്റിൽ പ്രത്യേക സമ്മേളനം വിളിച്ച് ചർച്ച നടത്താൻ അമിത് ഷാ ഇരു നേതാക്കളെയും വെല്ലുവിളിച്ചു. ഉത്തർപ്രദേശിൽ ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ചോരി ആരോപണത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്നാണ് അമിത് ഷാ രാഹുല്‍ ഗാന്ധിയോടും അഖിലേഷ് യാദവിനോടും ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഇതിനായി പ്രത്യേക സമ്മേളനം വിളിക്കാം. ഇരു നേതാക്കളേയും വെല്ലുവിളിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നാണ് അമിത് ഷായുടെ ആരോപണം. രാഹുല്‍ ഗാന്ധിക്ക് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനല്ല, പകരം തെരുവില്‍ ബഹളമുണ്ടാക്കാനാണ് താത്പര്യമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പരിഹസിച്ചു.















