സംസ്ഥാനം വീണ്ടും ഗുരുതരമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. വിവിധ സംസ്ഥാനങ്ങളുമായി വൈദ്യുതി കൈമാറ്റ കരാറുകളിൽ ഏർപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കാതെ സർക്കാർ വലയുകയാണ്.
വൈദ്യുതി ക്ഷാമമുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ് സമ്മതിക്കുമ്പോഴും, വിഷയം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി സർക്കാരിന് നൽകിയ കത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. വരുന്ന മാസത്തിന്റെ തുടക്കം മുതൽ തന്നെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് സൂചന.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡ്ഡിംഗ് ഭീഷണി ഉയരുന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ കെ.എസ്.ഇ.ബി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകാത്തതാണ് നിലവിലെ അനിശ്ചിതത്വത്തിന് പ്രധാന കാരണം.
കൂടിയ തുക ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിയുടെ ഹർജി റെഗുലേറ്ററി കമ്മീഷൻ നിരസിക്കുകയായിരുന്നു. ഇതോടെ യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് അറിയിച്ചിരുന്ന ഹിമാചൽ പ്രദേശ് കരാറിൽ നിന്ന് പിന്മാറി.
കെ.എസ്.ഇ.ബിയുടെ കത്ത് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയെങ്കിലും അന്തിമതീരുമാനം വൈകുകയാണ്.















