സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന് കേസ്. മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കണ്ടോൺമെന്റ് പോലീസ് കേസെടുത്തത്.
സമരസമിതി കൺവീനർ എസ്. വളർമതിയെ ഒന്നാം പ്രതിയാക്കി, തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, അടിയന്തര തീരുമാനമുണ്ടായില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.
വിഷയത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയ 45 ദിവസത്തെ കാത്തിരിപ്പ് കാലാവധി പൂർത്തിയായിട്ടും മന്ത്രി വാക്ക് പാലിച്ചില്ലെന്ന് സമരസമിതി ആരോപിക്കുന്നു.
50 ദിവസം പിന്നിട്ടിട്ടും അനുകൂല നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സമരപ്പന്തൽ വീണ്ടും ശക്തമായ പരസ്യപ്രതിഷേധങ്ങളിലേക്ക് നീങ്ങിയത്.















