ലണ്ടൻ∙ പ്രവാസികൾക്കും വിദേശത്ത് കുടിയേറി അവിടുത്തെ പൗരത്വമെടുത്ത ഒ.സി.ഐക്കാർക്കും ഇനി ആധാറെടുക്കാം. ആധാർ നൽകുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് (UIDAI) പുതിയ സർക്കുലറിലൂടെ ഇതുസംബന്ധിച്ച് നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തിയത്. ജനുവരി 26നായിരുന്നു ആധാർ എൻറോൾമെന്‍റ് ആൻഡ് അപ്ഡേറ്റ് റൂൾസിൽ മാറ്റങ്ങൾ വരുത്തിയുള്ള വിജ്ഞാപനം പുറത്തിറങ്ങിയത്.
പുതിയ വിജ്ഞാപനം അനുസരിച്ച് കുട്ടികൾ ഉൾപ്പെടെ, ഇന്ത്യൻ പാസ്പോർട്ടുള്ള പ്രവാസി ഇന്ത്യക്കാർക്കെല്ലാം ഇനിമുതൽ ആധാറെടുക്കാം. ആധാർ കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയാൽ മറ്റൊരു തടസവും കൂടാതെ ഇവർക്ക് ഇനി ആധാർ ലഭിക്കും. പാസ്പോർട്ട് മാത്രമാണ് ഇതിന് അടിസ്ഥാന രേഖയായി കാണിക്കേണ്ടത്. പ്രൂഫ് ഓഫ് ഐഡന്‍റിറ്റി, പ്രൂഫ് ഓഫ് അഡ്രസ് എന്നിവയ്ക്കെല്ലാം പാസ്പോർട്ടാകും അടിസ്ഥാന രേഖയായി സ്വീകരിക്കുക. നാട്ടിലെ വിലാസം ആധാറിൽ രേഖപ്പെടുത്താൻ മറ്റ് അനുബന്ധ രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കാവുന്നതാണ്. 2023 ഒക്ടോബർ ഒന്നിനു ശേഷം ജനിച്ച എൻ.ആർ.ഐ കുട്ടികൾക്കാണ് ആധാറെടുക്കുന്നതെങ്കിൽ ജനന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം നിർബന്ധമാണ്.
പുതിയ ഫോം – വണ്ണിൽ അപേക്ഷ നൽകുമ്പോൾ പ്രവാസികൾ ഇ -മെയിൽ വിലാസവും നൽകണം. ഇതും ആധാർ വിവരങ്ങളിൽ രേഖപ്പെടുത്തും. വിദേശത്തെ ഫോൺ ടെക്സ്റ്റ് മെസേജായി വിവരങ്ങൾ ലഭ്യമാകില്ല. പകരം ഇമെയിൽ വിലാസത്തിലാകും ഇവർക്ക് ഇതുമായു ബന്ധപ്പെട്ട സന്ദേശങ്ങൾ ലഭിക്കുക. വിദേശത്തെ വിലാസം രേഖപ്പെടുത്തിയുള്ള പ്രത്യേക ഫോമും (ഫോം-2) അപേക്ഷയോടൊപ്പം നൽകേണ്ടതുണ്ട്.
ആറു മാസം നാട്ടിൽ നിന്നാൽ ഒ.സി.ഐ കാർഡുള്ളവർക്കും ഇനിമുതൽ ആധാറെടുക്കാം. 18 വസയ് പൂർത്തിയായ ഒസിഐ കാർഡുകാർക്ക് ആധാറെടുക്കാൻ ഫോം- ഏഴും പതിനെട്ടു വയസിൽ താഴെയുള്ളവർക്ക് ഫോം –എട്ടുമാണ് പൂരിപ്പിച്ചു നൽകേണ്ടത്.വിദേശ പാർസ്പോർട്ട്, ഒ.സി.ഐ കാർഡ് എന്നിവയാണ് ഇതിനായി സമർപ്പിക്കേണ്ട അടിസ്ഥാന രേഖകൾ. ഇ-മെയിൽ വിലാസം ഇതിനും നിർബന്ധമാണ്. 18 വയസിൽ താഴെയുള്ളവരുടെ ആധാറെടുക്കാൻ മാതാപിതാക്കളുടെ അനുമതിയും ആവശ്യമാണ്. ആധാർ ലഭ്യമാകുന്നതോടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ, സ്റ്റോക്ക് എക്സ്ചേഞ്ച് ഇടപാടുകൾ എന്നിവയ്ക്കുള്ള പ്രവാസികളുടെ ഓൺലൈൻ കെ.വൈ.സി (നോ യുവർ കസ്റ്റമർ) ഉൾപ്പെടെയുള്ള കാര്യങ്ങൾ വളരെ എളുപ്പമാകും. പ്രവാസികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ