അഴീക്കോടിനെ മലർത്തിയടിച്ച് ലോക്സഭയിലെത്തിയ പൊറ്റക്കാട്; മലയാളത്തിലെ ‘ജോൺഗന്തറിൻ്റെ ‘ 111-ാം ജൻമവാർഷിക ദിനം

മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരൻമാരിൽ ഒരാളാണ് ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റക്കാട് എന്ന എസ്.കെ.പൊറ്റക്കാട്. മലയാളത്തിൽ സഞ്ചാരസാഹിത്യം എന്ന ശാഖക്ക് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. മലയാളത്തിലെ ‘ജോൺഗന്തർ’ എന്നും ‘എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ‘എന്നൊക്കെയാണ് സാഹിത്യലോകം പൊറ്റക്കാടിന് നൽകിയ വിശേഷണങ്ങൾ.’ അദ്ദേഹത്തിൻ്റെ നൂറ്റിപതിനൊന്നാം ജൻമവാർഷികമാണിന്ന്. എസ്കെയുടെ ഈ വർഷത്തെ  ജൻമദിനം കടന്നു പോകുന്നതാവട്ടെ തെരഞ്ഞെടുപ്പ് ചൂടിലൂടെയും. സാഹിത്യകാരൻ എന്ന നിലയിൽ മാത്രമല്ല രാഷ്ട്രീയത്തിലും അദ്ദേഹം വിജയക്കൊടി പാറിച്ചിട്ടുണ്ട്. പരാജയപ്പെടുത്തിയതാവട്ടെ മലയാള സാഹിത്യത്തിലെ മറ്റൊരു അതികായകനെയും.

     ഐക്യകേരള രൂപീകരണത്തിന് ശേഷം 1957ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ തൻ്റെ നാൽപത്തിനാലാം വയസിലാണ് പൊറ്റക്കാട് ആദ്യമായി മത്സരത്തിനിറങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പും ലോക്സഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസും  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും (അന്ന് പാർട്ടി പിളർന്നിട്ടില്ല) തമ്മിലുള്ള നേർക്കുനേർ പോരാട്ടം. അന്നത്തെ തലശ്ശേരി മണ്ഡലം പിടിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികളത്തിലിറക്കിയത് എസ്കെ പൊറ്റക്കാടിനെയായിരുന്നു. 

     വയനാടിൻ്റെ ശില്പി എന്നറിയപ്പെടുന്ന കോണ്‍ഗ്രസിലെ എംകെ ജിനചന്ദ്രനെതിരെ കമ്മ്യൂണിസ്റ്റ് സ്വതന്ത്രനായി എസ്കെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി. വാശിയേറിയ മത്സരം നടന്നു. എന്നാൽ തൻ്റെ കന്നിയങ്കത്തിൽ മലയാള സാഹിത്യത്തിലെ അതികായകനായ എസ്കെ പരാജയം രുചിച്ചു. വെറും 1382 വോട്ടുകള്‍ക്കായിരുന്നു തോൽവി.

    മണ്ഡലത്തില്‍ ആകെ 4,68,639 സമ്മതിദായകരായിരുന്നു ഉണ്ടായിരുന്നത്. 63.2% പോളിംഗ് ശതമാനം രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ  2,96,394 പേർ വോട്ടവകാശം വിനിയോഗിച്ചു. ഒന്നാമതെത്തിയ  ജിനചന്ദ്രന്‍ 1,10,114 വോട്ടുകള്‍ സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എസ്.കെ.  1,08,732 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത്. പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി കളത്തിലിറങ്ങിയ പത്മപ്രഭ ഗൗഡര്‍ 77,548 വോട്ടുകളും പിടിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാനാർത്ഥിയില്ലായിരുന്നെങ്കിൽ പൊറ്റക്കാട് വിജയിക്കുമായിരുന്നു എന്നതായിരുന്നു യാഥാർത്ഥ്യം.

    കന്നിയങ്കത്തിൽ പരാജയം കൊണ്ട് തെരഞ്ഞെടുപ്പ് കളം വിടാൻ എസ്കെ ഒരുക്കമായിരുന്നില്ല. 1962 ൽ വീണ്ടും അദ്ദേഹം തലശ്ശേരിയിൽ തന്നെ രണ്ടാമങ്കത്തിനിറങ്ങി. ഇക്കുറി എതിർ സ്ഥാനാർത്ഥി എഴുത്തുകാരനും പ്രാസംഗികനുമായ സുകുമാർ അഴിക്കോട്. കോൺഗ്രസിന് വേണ്ടി  കെടി സുകുമാരന്‍ എന്ന പേരിലാണ് അഴിക്കോട് അന്ന് തൻ്റെ കന്നിയങ്കത്തിനിറങ്ങിയത്. സഞ്ചാരസാഹിത്യത്തിലെ കുലപതിയും പ്രസംഗകലയുടെ കുലപതിയും തമ്മിലുള്ള അപൂർവ്വ മത്സരത്തിനാണ് അന്ന് മണ്ഡലം സാക്ഷം വഹിച്ചത്. ഇക്കുറി 64950 വോട്ടുകള്‍ക്ക് അഴിക്കോടിനെ തെരഞ്ഞെടുപ്പ് ഗോദയിൽ മലർത്തിയടിച്ച് എസ്.കെ. പൊറ്റക്കാട് ലോക്‌സഭയിലേക്കെത്തി.

     5,03,010 വോട്ടര്‍മാരാണ് ഇത്തവണ മണ്ഡലത്തിൽ ഉണ്ടായിരുന്നത്. ആകെ പോള്‍ ചെയ്‌തതില്‍ നിന്ന് എസ്‌കെ പൊറ്റക്കാട് 2,16,836 വോട്ടുകള്‍ നേടിയപ്പോൾ സുകുമാര്‍ അഴീക്കോട് 1,51,886 വോട്ടുകൾ പെട്ടിയിലാക്കി രണ്ടാമതെത്തി. ലോക്സഭയിൽ  494ല്‍ 371 എംപിമാരുമായി ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ നേതൃത്വത്തില്‍ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തി. 27 ആയിരുന്നു പ്രധാന പ്രതിപക്ഷമായിരുന്ന  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ലോക്സഭയിലെ അംഗബലം. അതിനോടൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ 5 സ്വതന്ത്രരുടെ പിന്തുണയോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായും അധികാരമേറ്റു.

Read more:

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ