ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പിക്കുകയാണ് വടകര. രണ്ട് സിറ്റിംഗ് എം.എല്‍.മാരുടെ നേര്‍ക്കുനേരെയുള്ള പോരാട്ടം ഇവിടെ ബാക്കിയാക്കുന്നത്, പാലക്കാടോ, മട്ടന്നൂരോ ഏതെങ്കിലും ഒരു നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ്. വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്തിയാല്‍ മതിയെന്ന എല്‍.ഡി.എഫിന്റെ പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് കെ.കെ. ശൈലജയ്ക്ക് വടകരയില്‍ മത്സരിക്കാന്‍ നറുക്കു വീഴുന്നത്. ന്യൂനപക്ഷ മുഖമെന്ന നിലയിലാണ് യു.ഡി.എഫ് ഷാഫി പറമ്പിലിനെ വടകയില്‍ എത്തിക്കുന്നത്.
ഇനി വടകരയിലെ ജനങ്ങള്‍ തീരുമാനിക്കും, ഉപതെരഞ്ഞെടുപ്പ് എവിടെ നടത്തണണെന്ന്. മൂന്നു തവണ തുടര്‍ച്ചയായി ജയിപ്പിച്ച പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് മാറുമ്പോള്‍ പരിഭവമൊന്നുമില്ല. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ്ണ സമ്മതത്തോടെ ഏറ്റെടുക്കുന്നുവെന്നാണ് ഷാഫി അന്വേഷണത്തോട് പറഞ്ഞത്. വടകര ടി.പി. ചന്ദ്രശേഖരന്റെ ആത്മാവുറങ്ങുന്ന ഇടം കൂടിയാണ്. അവിടെ സ.ിപി.എം വിയര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. മാത്രമല്ല, കെ. മുരളീധരന്‍ പിടിച്ചടക്കിയ മണ്ഡലം കൂടിയാണ്. അതിനെ നിലനിര്‍ത്തുകയേ വേണ്ടൂ. അതാണ് ദൗത്യവും. ഷാഫി പറയുന്നു.
മണ്ഡലത്തില്‍ മുരളീധരന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് പ്രചരണായുധം. രാഷ്ട്രീയം പറയേണ്ടി വരുമെന്നുറപ്പാണ്. പക്ഷെ, വ്യക്തിഹത്യെന്നത് അജണ്ടയില്ലില്ലെന്നും ഷാഫി പറയുന്നു. മണ്ഡലം മാറുന്നുവെന്നേയുള്ളൂ. പക്ഷെ,മനസ്സ് മാറുന്നില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനത്തിന് മാറ്റമില്ല. ആദ്യം മണ്ഡലത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ കാണുകയാണ്. പിന്നാലെ സാമുദായി നേതാക്കളെയും, മത നേതാക്കളെയും കാണും. ഇതെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം തന്നെയാകും പോവുകയെന്നും ഷാഫി പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഫിയുടെ വിജയം 3859 വോട്ടുകള്‍ക്കായിരുന്നു.
ഷാഫി, വടകരയില്‍ വിജയിക്കുകയും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താല്‍, മണ്ഡലം നിലനിര്‍ത്താനാകുമോയെന്ന് കോണ്‍ഗ്രസിന് ഉറപ്പു പറയാനാവാത്ത അവസ്ഥയാണ്. പാലക്കാട് ഷാഫിക്കൊത്ത സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനും കോണ്‍ഗ്രസ് പ്രയാസപ്പെടും. 2016 ലെ ഷാഫിയുടെ 17,483 വോട്ടുകളുടെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ഇ. ശ്രീധരനോടുളള മത്സരത്തില്‍ കുത്തനെ ഇടിഞ്ഞത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നാല്‍ അത് യു.ഡി.എഫിന് വലിയ തിരിച്ചടിയാകും നല്‍കുക.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ മട്ടന്നൂരില്‍ കെകെ ശൈലജയ്ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷം 60,963 വോട്ടുകളുടേതാണ്. ഇത്തവണ വടകര ലോക്‌സഭാ മണ്ഡലത്തില്‍ ശൈലജ വിജയിച്ചാല്‍ മട്ടന്നൂരില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകും. എല്‍.ഡി.എഫിന് ഒട്ടും ആശങ്കപ്പെടാനില്ലാത്ത മണ്ഡലമാണ് മട്ടന്നൂര്‍. ഡസന്‍ കണക്കിന് നേതാക്കളും, സ്ഥാനാര്‍ത്ഥികളും മട്ടന്നൂരിലേക്ക് മത്സരിക്കാനും ജയിക്കാനുമുണ്ടെന്നതാണ് എല്‍.ഡി.എഫിന്റെ വിശ്വാസം. എന്നാല്‍, വടകരയില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ കെ.കെ. ശൈലജക്ക് അടിപതറിയാലും പ്രശ്‌നം ഉണ്ടാകില്ല.
മട്ടന്നൂരിന്റെ അംഗമായി നിയമസഭയില്‍ തന്നെ ഇരിക്കാനാകുമെന്ന ആശ്വാസവുമുണ്ട്. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭ അധികാരത്തിലേറും മുമ്പ് ശൈലജ കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാകുമോ എന്നൊരാഗ്രഹം കേരളത്തിനുണ്ടായിരുന്നു. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശൈലജ വന്‍ വിജയമായിരുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പ്രതിപക്ഷം പോലും ഇത് സമ്മതിക്കുന്നുണ്ട്. പക്ഷെ, ഈ വിജയത്തിന്റെ കഥയും പറഞ്ഞ് വടകരയില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ലോക്‌സഭ കാണാനാകുമോയെന്നതാണ് പ്രധാന ചോദ്യം.
ടി.പി. ചന്ദ്രശേഖര്‍ വധവും, അതുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമയുദ്ധങ്ങളും വടകരയിലെ വോട്ടുകളെ സ്വാധീനിക്കുമെന്നുറപ്പാണ്. കെകെ. ശൈലജയെ തോല്‍പ്പിക്കാല്‍ കെ.കെ. രമയായിരിക്കും മുമ്പില്‍ നില്‍ക്കുന്നത്. ഷാഫി പറമ്പിലിന് ഇത് വലിയ അനുംഗ്രഹമായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍. എന്തായാലും വടകരയില്‍ മാത്രമായിരിക്കും സിറ്റിംഗ് എം.എല്‍.എമാരുടെ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നത്. വടകരയിലെ സിറ്റിംഗ് എം.പി കെ. മുരളീധരന്‍ സഹോദരിക്കെതിരേ മത്സരിക്കാന്‍ സ്വയം സന്നദ്ധത അറിയിച്ചതോടെ മണ്ഡലം തൃശൂരിലേക്ക് പറിച്ചു നടുകയായിരുന്നു.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവാണ് ഷാഫി പറമ്പില്‍ 1983 ഫെബ്രുവരി 12നാണ് ജനിച്ചത്. നിലവില്‍ 2011 മുതല്‍ പാലക്കാട് നിന്നുള്ള നിയമസഭാംഗമാണ് ഷാഫി. 2020 മുതല്‍ 2023 വരെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു. മൂന്നുതവണ പാലക്കാടിനെ കോണ്‍ഗ്രസ് പാളയമാക്കി വെച്ചതില്‍ ഷാഫി പറമ്പിലെന്ന യുവ രാഷ്ട്രീയക്കാരന് വലിയ പങ്കുണ്ട്. രണ്ടു തവണയാണ് കെ.കെ. ശൈലജ നിയമസഭയിലേക്ക് മത്സരിച്ചത്. ആദ്യ മത്സരത്തില്‍ വിജയിച്ചപ്പോള്‍ കാത്തിരുന്നത് കേരളത്തിന്റെ ആരോഗ്യമന്ത്രിയുടെ കസേരയായിരുന്നു.
രണ്ടാം തവണ മത്സരിക്കുമ്പോള്‍ അഭ്യൂഹങ്ങളും ജനങ്ങളുടെ ആഗ്രഹങ്ങളും വാനോളം ഉയര്‍ന്നിരുന്നു. എന്നാല്‍, വെറുമൊരു സാമാജികയ്ക്കപ്പുറം ശൈലജയെ ഒന്നുമാക്കിയില്ല. എന്നാല്‍, ഇപ്പോള്‍ വടകര പിടിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്.
Read more ….
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- വധുവിന് ക്രിസ്ത്യൻ പേര്; തൂത്തുക്കുടി ശിവൻ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി നിഷേധിച്ചു
- ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഇനി ഒരാഴ്ചമാത്രം : ആയാറാം, ഗയാറാം രാഷ്ട്രീയത്തിനിടെ സഖ്യങ്ങളെ ചേർത്ത് നിർത്താൻ മുന്നണികൾ
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ