പത്മത്തെ (താമര)പ്രണയിക്കാതിരിക്കാന്‍ പത്മജയ്ക്ക് കഴിയില്ല. ഉള്ളിലുണ്ടായിരുന്ന പ്രണയം പുറത്തേക്കു തള്ളിവരാന്‍ കാലം കുറേയെടുത്തു എന്നേയുള്ളൂ. അച്ഛന്‍ കെ. കരുണാകരന്‍ മകള്‍ക്കു പേരിട്ടതു പോലും ബി.ജെ.പിയിലെത്തുമെന്നു മുന്‍കൂട്ടി കണ്ടാണെന്നാണ് ദോഷൈക ദൃക്കുകള്‍ പറയുന്നത്. ഇന്ത്യയുടെ ദേശീയ പുഷ്പത്തിന്റെ പേരാണ് മകള്‍ക്കിട്ടതെന്ന് ലീഡര്‍ സ്വര്‍ഗത്തിലിരുന്ന് വിളിച്ചു പറയുന്നുണ്ടാകും. എന്നാല്‍, കോണ്‍ഗ്രസ്സുകാരൊന്നും അത് വിശ്വസിക്കുന്നില്ല. എന്തിന്, സ്വന്തം മകന്‍ കെ. മുരളീധരന്‍ പോലും വിശ്വസിക്കില്ല. പിറന്നപ്പോഴേ മകളുടെ രാഷ്ട്രീയ വഴിയും ലീഡര്‍ മനസ്സിലാക്കിയിരുന്നു എന്നു വേണം കരുതാന്‍.
അതുകൊണ്ടാണ്, തന്റെ മരണശേഷം മകള്‍ പത്മത്തെ പ്രണയിക്കുമെന്നും പിടിച്ചു നില്‍ക്കാനാവാതെ ബി.ജെ.പിയില്‍ ചേരുമെന്നും മുന്‍കൂട്ടി മനസ്സിലാക്കി പത്മജ എന്ന പേരുതന്നെയിട്ടത്. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ ഒതുക്കുന്നവര്‍ക്ക് ദേശീയ രാഷ്ട്രീയത്തിലൂടെ മറുപടി നല്‍കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇപ്പോള്‍ ലീഡറുടെ മകള്‍ക്കുള്ളൂ. അതിന് ബി.ജെ.പിയേക്കാള്‍ നല്ലൊരു ലാവണം വേറെയില്ലെന്ന് മനസ്സിലാക്കിയാണ് ചാട്ടം. പത്മജയെ ഡെല്‍ഹി വഴിയാണ് ബി.ജെ.പിയായി മാമോദീസ മുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ബി.ജെ.പി നേതാക്കളും മാമോദീസയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചിട്ടുണ്ട്.
സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് ഇതേക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയില്ലെന്ന് പത്മജയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എല്ലാം ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും നേരിട്ടായിരുന്നു. അവഗണനകള്‍ക്കു നടുവില്‍ ഇത്രനാള്‍ ഇരുന്നത് അസഹിഷ്ണുതയോടെയാണ്. ചെളിയില്‍ വളരാനാകാതെ പ്തമം എങ്ങനെയാണ് ഇത്രയും നാള്‍ കഴിഞ്ഞതെന്ന് ബി.ജെ.പി അണികളുടെ കൗതുകം. ചേറില്‍ വേരോടാതെ ഒരു പത്മവും വിരിയാറില്ല. വിരിയുന്നത് വെള്ളത്തിനു മുകളിലാണെങ്കിലും പത്മത്തിന്റെ അടിവേരുകള്‍ വെളളത്തിനടിയില്‍ ചേറിലാണ് ആഴ്ന്നിറങ്ങിയിരിക്കുന്നത്. അതുപോലെയാണ് പത്മജയും.
കോണ്‍ഗ്രസ്സെന്ന വെള്ളത്തിനു മുകളില്‍ വിരിഞ്ഞു നിന്ന പത്മജയുടെ വേരുകള്‍ ബി.ജെ.പിയില്‍ ആഴ്ന്നിറങ്ങിയിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. അത്രയേറെ ആത്മബന്ധം കാത്തു സൂക്ഷിക്കാത്തവര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ബി.ജെ.പിയാകാനുമാവില്ല. പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവിന്റെ മകള്‍ക്ക്. ബി.ജെ.പിയുമായി വളരെ നേരത്തെ തന്നെ പത്മജ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനു തെളിവാണ് 2022ല്‍ പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസ്സിനോട് മാനസികമായി ഇടയുന്നുവെന്നാണ് ഇത് കാട്ടിത്തന്നത്. അന്നുമുതല്‍ ഡെല്‍ഹിയിലൂടെ ഒരു പത്മത്തിന്റെ വേരോട്ടം ആരംഭിച്ചിരുന്നു.
കേരളത്തിലെ ബി.ജെ.പിയുടെ പ്രവര്‍ത്തനം കണ്ട് മോഹിച്ച് ഒരാളും പാര്‍ട്ടി മാറില്ലെന്ന് ഡെല്‍ഹിയിലെ ബിജെ.പി നേതാക്കള്‍ക്ക് വ്യക്തമായറിയാം. മാത്രമല്ല, കേരളത്തില്‍ ബി.ജെ.പിയില്‍ ചേരുന്നവര്‍ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി മാത്രമാണ് പാര്‍ട്ടി മാറുന്നതും. സംസ്ഥാന ബി.ജെ.പി നേതൃത്വത്തില്‍ എത്താനോ, പാര്‍ട്ടി പ്രവര്‍ത്തനം നടത്താനോ ആരും താല്‍പ്പര്യപ്പെടുന്നുമില്ല എന്നത് വസ്തതുതയാണ്. ഇത് കേന്ദ്രനേതൃത്വത്തിനും അറിയാം. അതുകൊണ്ടുതന്നെ കേന്ദ്ര മന്ത്രിഭയിലും, കൂടുതല്‍ പരിഗണനകളും നല്‍കിയുള്ള രാഷ്ട്രീയ തന്ത്രത്തിന് പ്രാധാന്യം നല്‍കിയാണ് നരേന്ദ്രമോദിയുടെ ഇടപെടലുകള്‍.
ഇതേ രീതിയിലാണ് എ.കെ. ആന്റണിയുടെ മകന്‍ അനിലിന്റെ ചാട്ടവും സംഭവിച്ചത്. അനനിലിനു പിന്നാലെ പത്മജ എത്തുന്നതോടെ കൂടുതല്‍ ഊര്‍ജ്ജത്തിലായിരിക്കുകയാണ് ബി.ജെ.പി പാളയം. രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കാള്‍ ബി.ജെ.പിയില്‍ ആളെ എത്തിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇതിന് കോണ്‍ഗ്രസ്സിലെ നേതാക്കളെയും നേതാക്കളുടെ മക്കളെയും നോട്ടമിട്ടുള്ള പ്രവര്‍ത്തനം സജീവമാണ്. പേരുപോലെ അന്വര്‍ത്ഥമാക്കിയാണ് പത്മജ ബി.ജെ.പിയിലേക്ക് എത്തുന്നത്. പത്മത്തിന്റെ പേരുമിട്ട് കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കാനാവില്ല.
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ടെന്ന പരസ്യം പോലെയാണ് പത്മജയുടെ കാര്യവും. കോണ്‍ഗ്രസ്സില്‍ നില്‍ക്കുന്നതിന് എപ്പോഴും ഒരു കാരണമുണ്ട്. അത് പാര്‍ലമെന്ററി മോഹം ഒന്നുമാത്രമാണ്. അത് ലഭിക്കാതെ വരുമ്പോള്‍ സ്വാഭാവികമായും അസ്വസ്ഥതയുണ്ടാകും. എന്നാല്‍, ഒരു കുടുംബത്തില്‍ നിന്നും രണ്ടുപേരൊക്കെ പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നതിലുള്ള ഔചിത്യക്കുറവ് ചിന്തിച്ച നേതാക്കളുണ്ട്. അച്ഛന്‍ ആനപ്പുറത്തിരുന്ന തഴമ്പ് മക്കള്‍ക്കുണ്ടാകണമെന്നില്ലല്ലോ. ഇതാണ് കോണ്‍ഗ്രസ്സിനുള്ളിലെ അടക്കം പറച്ചില്‍. മുരളീധരനെ പരിഗണിക്കുന്നുണ്ട്.
അതുപോലെ പത്മജയെയും പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ്സിനുള്ളത്. എന്തായാലും പുകഞ്ഞകൊള്ളി പുറത്തെന്ന് കോണ്‍ഗ്രസ്സ് രണ്ടാമതൊരാളെ കുറിച്ചും പറഞ്ഞു കഴിഞ്ഞു. പക്ഷെ, രാത്രിയും പകലും കോണ്‍ഗ്രസ് നേതാക്കളെ ഒരുപോലെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
Read more :
- സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
- കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
- മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
- ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
- മൂന്നാംദിനവും റേഷൻ വിതരണം സ്തംഭിച്ചു; കുഴഞ്ഞുമറിഞ്ഞ് റേഷൻ വിതരണവും മസ്റ്ററിങ്ങും
- പുതിയ ഉൽപന്നങ്ങള് ഏപ്രില്‍ മുതല്‍ വിൽക്കില്ല; കെ.സി.ഡി.എഫ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ