എസ്. ജഗദീഷ് ബാബു
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു ഏതെന്ന ശിഷ്യന്‍ ഉപഗുപ്തന്റെ ചോദ്യത്തിന് ശ്രീബുദ്ധന്‍ നല്‍കിയ മറുപടി ‘മനുഷ്യന്‍’ എന്നായിരുന്നു. ശ്രീബുദ്ധന്റെ പേര് തന്നെയുള്ള സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിലൂടെ മനുഷ്യരില്‍ നികൃഷ്ട ജീവികളുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പൂക്കോട് വെറ്റിനറി കോളേജിലെ എസ്എഫ്‌ഐക്കാര്‍. ശ്രീബുദ്ധന്‍ ജീവിച്ചിരുന്നെങ്കില്‍ മുന്‍കാല പ്രാബല്യത്തോടെ മനുഷ്യനാണ് ഏറ്റവും അമൂല്യമായ വസ്തു എന്ന അഭിപ്രായം തിരുത്തി എസ്എഫ്‌ഐക്കാരോട് ക്ഷമ ചോദിക്കുമായിരുന്നു.
വെറ്റിനറി സര്‍വ്വകലാശാല വിസിയെ സസ്‌പെന്റ് ചെയ്യുകയും ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്ത ഗവര്‍ണര്‍ ആരിഫ് ഖാനാണ് ശരി. പൂക്കോട് കോളേജില്‍ സിദ്ധാര്‍ത്ഥന്‍ കൊല ചെയ്യപ്പെട്ട് രണ്ടാഴ്ചയോളം കഴിയുമ്പോഴും കുറ്റകരമായ മൗനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി എടുക്കേണ്ടിയിരുന്ന നടപടിയാണ് ഗവര്‍ണര്‍ ആരിഫ് ഖാന് എടുക്കേണ്ടി വന്നത്. ഭരണഘടനാപരമായി ഗവര്‍ണര്‍ ചെയ്തത് തെറ്റാണോ, ശരിയാണോ എന്ന ചര്‍ച്ചയ്ക്ക് ഈ ഘട്ടത്തില്‍ ഒരു പ്രസക്തിയുമില്ല.
പൂക്കോട് സര്‍വ്വകലാശാലയിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടാന്‍ കഴിയാത്ത ആര്‍ഷോ നേതൃത്വം നല്‍കുന്ന എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാനാണ് സിപിഎം നടപടിയെടുക്കേണ്ടത്. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ പീഡനങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ക്രൂരതയാണ് എസ്എഫ്‌ഐക്കാര്‍ പൂക്കോടില്‍ നടത്തിയത്. ചിന്താശേഷിക്കു പകരം കായികബലം മാത്രമുള്ള എസ്എഫ്‌ഐ നേതാക്കള്‍ മൂന്നു ദിവസമാണ് സിദ്ധാര്‍ത്ഥനെ നഗ്നനാക്കി പീഡിപ്പിച്ചത്. പരിക്കേല്‍ക്കാത്ത ഒരിടം പോലും ആ വിദ്യാര്‍ത്ഥിയുടെ ശരീരത്തിലില്ല. കുറ്റവിചാരണയുടെ പേരില്‍ കുടിവെള്ളം പോലും നല്‍കാതെയാണ് കുട്ടി മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സാക്ഷ്യപ്പെടുത്തുന്നു. ഭക്ഷണമോ, വെള്ളമോ കഴിച്ചിട്ട് മൂന്നു ദിവസമെങ്കിലുമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ’15 കൊല്ലം ഗള്‍ഫില്‍ താന്‍ ജോലി ചെയ്തത് മകന്റെയും കുടുംബത്തിന്റെയും പട്ടിണി മാറ്റാനാണ്. എന്നിട്ടും എന്റെ മകന് അവര്‍ ഒരിറ്റു വെള്ളം പോലും കൊടുത്തില്ലല്ലോ’ എന്ന അച്ഛന്‍ ജയപ്രകാശിന്റെ വിലാപം കേള്‍ക്കാത്തവര്‍ മനുഷ്യ മൃഗങ്ങളാണ്.
‘മുഖ്യമന്ത്രി പിണറായിയാണെങ്കില്‍ കുറ്റക്കാര്‍ ആരായാലും സിപിഎമ്മായാലും നടപടിയെടുക്കു’മെന്നാണ് കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. എന്നാല്‍ കാപാലികന്‍മാരായ എസ്എഫ്‌ഐക്കാരുടെ പാര്‍ട്ടി ചുമതല ഈ പ്രസ്താവന നടത്തിയ എ.കെ ബാലനാണ്. പറഞ്ഞ കാര്യത്തില്‍ ആത്മാര്‍ത്ഥതയുടെ കണികയെങ്കിലും ഉണ്ടെങ്കില്‍ എസ്എഫ്‌ഐയുടെ ചുമതലയില്‍ നിന്ന് മാറിനില്‍ക്കാനുള്ള മിനിമം അന്തസ്സാണ് ബാലന്‍ കാണിക്കേണ്ടത്. ബ്രണ്ണന്‍ കോളേജിലൂടെയും സര്‍വ്വകലാശാല നേതാവായും ഒറ്റപ്പാലം എംപിയായും രംഗത്തുവന്ന ബാലന്റെ കാലത്ത് എസ്എഫ്‌ഐ ഇത്തരം കാടത്തങ്ങള്‍ കാണിച്ചിരുന്നോ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ ചെവിയ്ക്ക് പിടിച്ച് പുറത്താക്കാന്‍ കഴിയുന്ന ഇഎംഎസും നായനാരും വിഎസും ഒക്കെയായിരുന്നു അന്ന് പാര്‍ട്ടി സെക്രട്ടറിമാര്‍. ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന് നട്ടെല്ലുണ്ടെങ്കില്‍ എസ്എഫ്‌ഐക്കാരോടും ബാലനോടും വിശദീകരണം ചോദിച്ച് അവരെ മാറ്റിനിര്‍ത്താന്‍ കഴിയണം. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സിദ്ധാര്‍ത്ഥന്റെ അരുംകൊല കണ്ടില്ലെന്ന് നടിച്ചാല്‍ പാര്‍ട്ടിക്ക് വലിയ വില കൊടുക്കേണ്ടി വരും.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19 സീറ്റ് നഷ്ടപ്പെടുത്തിയ ശബരിമല വിഷയം പോലെ സിദ്ധാര്‍ത്ഥന്റെ ദുരന്തം ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി മാറും. അതീവ ഗുരുതരമായി മാറിയിരിക്കുന്ന ഈ മരണത്തിന്റെ ഉത്തരവാദികളായ എസ്എഫ്‌ഐക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നാല്‍ മാത്രം പോരാ. ഇവര്‍ വയനാട്ടിലെ നരഭോജികളായ കടുവകളെ മയക്കുവെടി വെയ്ക്കാന്‍ പോലും യോഗ്യരല്ല. മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങള്‍ വയനാട്ടിന്റെ ഉറക്കം കെടുത്തുമ്പോഴാണ് വെറ്റിനറി കോളേജിലെ മനുഷ്യ മൃഗങ്ങള്‍ സിദ്ധാര്‍ത്ഥനെ ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊന്നത്. ആത്മഹത്യയായാലും കൊലപാതകമായാലും സിദ്ധാര്‍ത്ഥനെ മൂന്നുദിവസത്തോളം താലിബാന്‍ മോഡലില്‍ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട ഈ ക്രിമിനലുകള്‍ ഒരു ദയയും അര്‍ഹിക്കുന്നില്ല. ടിപി വധക്കേസിലെ കൊലയാളികള്‍ക്ക് ഇരട്ട ജീവപര്യന്തം ഹൈക്കോടതി വിധിച്ച ഷോക്കില്‍ നിന്ന് സിപിഎം കര കയറും മുന്‍പാണ് വയനാട്ടിലെ ഈ അരുംകൊല.
രക്തമല്ല, നീതിയാണ് വേണ്ടതെന്ന് പ്രതികരിച്ച കെ.കെ രമയെ പോലെ പറയാന്‍ അച്ഛന്‍ ജയപ്രകാശിന് കഴിഞ്ഞെന്നു വരില്ല. വര്‍ഷങ്ങളുടെ പീഡനം ഏറ്റുവാങ്ങിയിട്ടും പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാത്തതിനെക്കുറിച്ചാണ് രമ രക്തമല്ല, നീതിയാണ് തനിക്ക് വേണ്ടതെന്ന് പ്രതികരിച്ചത്. ഒരു മനുഷ്യന്റെയും ജീവനെടുക്കരുത്. പ്രതികള്‍ക്ക് ക്യാപിറ്റല്‍ പണിഷ്‌മെന്റ് വേണ്ടെന്ന നിലപാടിന് അതാണ് കാരണമെന്ന് കെ.കെ രമ പറഞ്ഞു. എന്നാല്‍ പൂക്കോട് കോളേജിലെ എസ്എഫ്‌ഐ കോടതി സിദ്ധാര്‍ത്ഥന് വിധിച്ചത് ക്യാപിറ്റല്‍ പണിഷ്‌മെന്റാണ്. അവരോട് നിയമവും കോടതിയും പൊതുസമൂഹവും പൊറുക്കുമോ?
സിദ്ധാര്‍ത്ഥന്റെ മരണം എസ്എഫ്‌ഐക്ക് പറ്റിയ ഒറ്റപ്പെട്ട കൈപ്പിഴയാണോ? അല്ല. ഈ വിദ്യാര്‍ത്ഥി സംഘം നിയന്ത്രിക്കുന്ന ക്യാംപസുകളിലെല്ലാം ഇതാണ് സ്ഥിതി. യൂണിവേഴ്‌സിറ്റി കോളേജിലും മഹാരാജാസിലും ഒരു അര്‍ബുദം പോലെ ഈ രോഗം പടരുകയാണ്. പ്രതിയോഗികളെ ആശയം കൊണ്ട് കീഴ്‌പ്പെടുത്തുന്നതിന് പകരം ആയുധം ഉപയോഗിച്ച് വീഴ്ത്തുകയാണ് ഇവര്‍ ചെയ്യുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യത്തിന്റെ എല്ലാ അര്‍ത്ഥവും ഇവര്‍ നഷ്ടപ്പെടുത്തിക്കഴിഞ്ഞു. നാളെ ഇവരാണ് ഭരണാധികാരികളെങ്കില്‍ രാജ്യത്തിന്റെ സ്ഥിതി എന്തായിരിക്കും? അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇന്ന് പ്രധാനമന്ത്രി മോദി നല്‍കുന്ന പരിഗണനയെങ്കിലും ഇവര്‍ നല്‍കുമോ? മനുഷ്യരെക്കാള്‍ അനുകമ്പയും പരിചരണവും അര്‍ഹിക്കുന്ന മിണ്ടാപ്രാണികളെ ചികിത്സിക്കേണ്ടവരാണ് മൃഗ ഡോക്ടര്‍മാര്‍. മനുഷ്യരോടു പോലും ഇത്രയും ക്രൂരത കാണിക്കുന്ന ഇവര്‍ ഡോക്ടര്‍മാരായി പുറത്തെത്തിയാല്‍ മിണ്ടാപ്രാണികളുടെ ഗതിയെന്താകും.
റബ്ബര്‍ സ്റ്റാമ്പെന്ന് പരിഹസിക്കുന്ന ഗവര്‍ണര്‍ പദവിയിലിരിക്കുന്ന ആരിഫ് ഖാന്‍ നെടുമങ്ങാട്ടെ സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തി അച്ഛനെയും അമ്മയെയും കണ്ടു. അതിനുശേഷമാണ് അദ്ദേഹം വിസിയെ സസ്‌പെന്റ് ചെയ്തതും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതും. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ വിലക്കുകള്‍ അവഗണിച്ച് ഒഞ്ചിയത്തെത്തിയ മുഖ്യമന്ത്രി വിഎസ് കെ.കെ രമയെ ആശ്വസിപ്പിക്കുന്ന ചിത്രം മലയാളി മറന്നിട്ടില്ല. സിദ്ധാര്‍ത്ഥനെ അപകടപ്പെടുത്തിയത് ആര് തന്നെയായാലും മകന്‍ നഷ്ടപ്പെട്ട ആ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധാര്‍മ്മികമായ ഉത്തരവാദിത്വമുണ്ട്. നെടുമങ്ങാട്ടേക്ക് എത്താന്‍ കഴിയാത്ത അവസ്ഥയിലല്ല മുഖ്യമന്ത്രിയെന്ന് എല്ലാവര്‍ക്കും അറിയാം.
ഏതുനിമിഷവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുമ്പോഴാണ് എസ്എഫ്‌ഐ ഗുണ്ടകള്‍ സിദ്ധാര്‍ത്ഥനെ വക വരുത്തിയത്. അതിനിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിനെയാണ് സിപിഎമ്മും ഇടതുപക്ഷവും നേരിടുന്നത്. ആ തിരിച്ചറിവെങ്കിലും ഇല്ലാത്ത എസ്എഫ്‌ഐക്കാരെ എന്തിനാണ് പാര്‍ട്ടി സംരക്ഷിക്കുന്നത്? മുഖ്യമന്ത്രി പിണറായിയാണെങ്കില്‍ നടപടിയെന്ന് ആക്രോശിക്കുന്ന എ.കെ ബാലന്‍ ഫലത്തില്‍ കടന്നാക്രമിക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്