രണ്ടാം വട്ടവും തൃശൂര്‍ ഇങ്ങെടുക്കാന്‍, നേര്‍ച്ചയായ നേര്‍ച്ചകളെല്ലാം നേര്‍ന്ന സുരേഷ്‌ഗോപി ഇപ്പോള്‍ വിവാദത്തിന്റെ മുള്‍ക്കിരീം ചൂടിയിരിക്കുകയാണ്. കുടുംബത്തിന്റെ നേര്‍ച്ചയുടെ ഭാഗമായി മകളുടെ വിവാഹത്തിന് മുന്നോടിയായി തൃശ്ശൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടത്തിന്റെ പേരിലാണ് സുരേഷ്‌ഗോപി പെട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കിരീടത്തിലെ സ്വര്‍ണ്ണത്തിന്റെ അളവുമായി ബന്ധപ്പെട്ടാണ് വിവാദം. വിവാദത്തിന് തിരികൊളുത്തിയത് മുന്‍ എം.എല്‍.എ അനില്‍ അക്കരെയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു.
സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടത്തിന്റെ പരിശുദ്ധിയെപ്പറ്റി വിശ്വാസികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട് എന്നായിരുന്നു അനില്‍അക്കരയുടെ ഫോസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞമാസം 27നാണ് പേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ സ്വര്‍ണ്ണക്കിരീടത്തിന്റെ പരിശുദ്ധി വലിയതോതില്‍ ചര്‍ച്ചയാവുകയായിരുന്നു. ചെമ്പില്‍ സ്വര്‍ണം പൂശി നല്‍കിയതാണ് കിരീടമെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നു. കിരീടത്തിലെ സ്വര്‍ണ്ണത്തിന്റെ തൂക്കമറിയണമെന്ന് പള്ളി ഇടവക പ്രതിനിധി യോഗത്തില്‍ ആവശ്യം ഉന്നയിച്ചെന്ന് കൗണ്‍സിലര്‍ ലീലാ വര്‍ഗീസ് രംഗത്തെത്തിയതോടെ വിവാദത്തിന്റെ രൂപം മാറി. കിരീടത്തിന്റെ സ്വര്‍ണ്ണത്തൂക്കമറിയാന്‍ അഞ്ചംഗ പ്രതിനിധികളെ നിയോഗിച്ച് പ്രത്യേക കമ്മിറ്റി രൂപീകരിച്ചെന്നും കൗണ്‍സിലര്‍ പറഞ്ഞിരുന്നു.
മകളുടെ വിവാഹത്തിന് മുന്നോടിയായാണ് ഇക്കഴിഞ്ഞ ജനുവരി 15 ന് സുരേഷ് ഗോപിയും കുടുംബവും നേരിട്ടെത്തി തൃശൂരിലെ ലൂര്‍ദ് മാതാ പള്ളിയില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. എന്നാല്‍, കിരീടത്തിന്റെ പരിശുദ്ധി പരിശുദ്ധി അളക്കില്ലെന്ന് തൃശ്ശൂര്‍ ലൂര്‍ദ് മാതാ പള്ളി അധികൃതര്‍ വ്യക്തമാക്കിയിരിക്കുകയാണ്. മാത്രമല്ല ഭക്തര്‍ വിശ്വാസ പൂര്‍വ്വം സമര്‍പ്പിക്കുന്ന കാണിക്കയുടെ പരിശുദ്ധി അളക്കുന്നത് ശരിയല്ല. അങ്ങനെ ഒരു പതിവ് ഇടവകയ്ക്ക് ഇല്ലെന്നും കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ്. അതിന്റെ മൂല്യവും പരിശുദ്ധിയും അളക്കുന്നത് ഭക്തരുടേയും അവരുടെ സമര്‍പ്പണത്തേയും അവഹേളിക്കുന്നതിന് തുല്യമാണ്.
എന്നാല്‍ ഓരോ ട്രസ്റ്റിന്റേയും ഭരണ കാലത്ത് പള്ളിക്ക് ലഭിക്കുന്ന നേര്‍ച്ചകളുടെ കണക്ക് തിട്ടപ്പെടുത്തണമെന്ന് മാത്രമാണ് കഴിഞ്ഞ ദിവസം തീരുമാനിച്ചതെന്ന് പള്ളി അധികൃതര്‍ വ്യക്തമാക്കി. ഇത് നേരത്തേ തുടരുന്ന പതിവാണ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ കണക്ക് തയ്യാറാക്കുക പതിവാണ്. ട്രസ്റ്റിന്റെ ഭാഗമായി ലഭിക്കുന്ന വസ്തുവകകളുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തും. കിരീടത്തിന്റെ തൂക്കം നോക്കലും മാറ്റളക്കലുമല്ല നടത്തുന്നത്. ഈ വിഷം വിവാദമായത് വേദനയുണ്ടാക്കിയെന്നും പള്ളി അധികൃതര്‍ പറയുന്നു.
തൃശ്ശൂര്‍ മണ്ഡലത്തില്‍ രണ്ടം തവണയും മത്സരത്തിനിറങ്ങുന്ന സുരേഷ്‌ഗോപി ബി.ജെ.പിയുടെ ഐക്കണ്‍ സ്ഥാനാര്‍ത്ഥിയാണ്. വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് മത്സരത്തിനിറങ്ങുന്നത്. ഇന്ന് പ്രചാരണത്തിന് ഔദ്യോഗികമായി ഇറങ്ങാനിരിക്കുമ്പോഴാണ് സ്വര്‍ണ്ണക്കിരീടം തെമ്പും വെള്ളിയുമൊക്കെയായി മാറിയത്. ഇതു തന്നെ പ്രചാരണ ആയുധമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സുരേഷ് ഗോപി. എന്നാല്‍, തൃശ്ശൂരില്‍ നടക്കാന്‍ പോകുന്നത് പൊരിഞ്ഞ പോരാട്ടമായിരിക്കുമെന്ന് മുന്‍ മന്ത്രിയായിരുന്ന വി.എസ്. സുനില്‍കുമാറും, സിറ്റിംഗ് എം.പിയായ ടി.എന്‍ പ്രതാപനും പറയുന്നു.
തന്റെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകാമാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നുമാണ് സുരേഷ്‌ഗോപി ഈ വിഷയത്തില്‍ പ്രതികരിച്ചത്. എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. പള്ളിക്കു നല്‍കിയത്, തന്റെ കുടുംബത്തിന്റെ നേര്‍ച്ചയാണ്. അതിനെ ഓഡിറ്റ് ചെയ്യാന്‍ ഒരാള്‍ക്കും അവകാശമില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുമ്പോള്‍ മുതല്‍ ജനങ്ങളാണ് സ്ഥാനാര്‍ത്ഥികളെ ഉള്‍ക്കൊള്ളണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. അവിടെ സ്ഥാനാര്‍ത്ഥികളാകുന്ന വ്യക്തികള്‍ ഏതൊക്കെ വിഷയങ്ങളില്‍ എങ്ങെയൊക്കെ ഇടപെട്ടിട്ടുണ്ടെന്ന് നോക്കും. അതില്‍ നല്ലതും മോശവും ജനങ്ങള്‍ തീരുമാനിക്കും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്‌ഗോപി ‘തൃശ്ശൂര്‍ ഇങ്ങ് എടുക്കുവാ’ എന്നു പറഞ്ഞത് വലിയ ചര്‍ച്ചയായതാണ്. ട്രോളര്‍മാര്‍ക്ക് ചാകര സൃഷ്ടിക്കാനും ഈ ഡയലോഗ് ഉപകരിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തവണ കുറച്ചുകൂടി പക്വതയോടു കൂടിയാണ് സുരേഷ്‌ഗോപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മകളുടെ വിവാഹത്തിന് വ്യക്തിപരമായി പ്രധാനമന്ത്രി കേരളത്തില്‍ എത്തിയതു തന്നെ സുരേഷ്‌ഗോപിയുടെ സ്വീകാര്യതയെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും വോട്ടാക്കിമാറ്റാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് സുരേഷ് ഗോപി. എന്നാല്‍, ജനങ്ങള്‍ എന്താണ് വിചാരിച്ചിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പിനു ശേഷമേ പറയാന്‍ കഴിയൂ.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ