ഇനി കണക്കു കൂട്ടാൻ കാൽക്കുലേറ്റർ വേണ്ട പകരം ഫോൺ ക്യാമറ

ഫോണിന്റെ ക്യാമറ ഉത്തരം കിട്ടേണ്ട ഒരു കണക്ക് പ്രശ്‌നത്തിനു മുകളില്‍ പിടിക്കുക. ഇത് പ്രിന്റ് ചെയ്തതോ എഴുതിയതോ ആകാം. അപ്പോള്‍ മൈക്രോസോഫ്റ്റ് മാത് സോള്‍വര്‍ (Math Solver), ഗൂഗിള്‍ ഫോട്ടോമാത് (Photomath) തുടങ്ങിയ ആപ്പുകളിലെ എഐ മാന്ത്രികന്‍ പണി തുടങ്ങും! ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഉത്തരം കാണിക്കും. ഉത്തരത്തിലെത്തിയ വഴിയും വിശദമായി ഒപ്പം നല്‍കും.

വിദ്യാര്‍ഥികള്‍ക്ക് കണക്കു പഠിക്കുന്നതില്‍ വിലപ്പെട്ട ടൂളുകളായി മാറിക്കഴിഞ്ഞ ആപ്പുകളാണ് മാത് സ്‌സോള്‍വറും ഫോട്ടോമാതും. ഒരു ഗണിതക പ്രശ്‌നത്തിന്റെ ഉത്തരത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നത് വിശദമായി കാണിച്ചുതരുന്നു എന്നതാണ് ഇവയുടെ മേന്മ. 

കണക്കില്‍ മിടുക്കരല്ലാത്ത രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ ചെയ്ത ഗണിത പ്രശ്‌നം ശരിയാണോ എന്ന് പരിശോധിക്കാനും ഈ ആപ്പുകള്‍ സഹായകമാകും എന്ന കാര്യവും എടുത്തു പറയണം.

രണ്ട് ആപ്പുകളും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഉണ്ട് എന്നതും, അവയ്ക്ക് മികച്ച റേറ്റിങ് ഉണ്ട് എന്നതും ഇവയുടെ പ്രാധാന്യം കാണിച്ചു തരുന്നു. പ്ലേ സ്റ്റോറില്‍ മാത് സോള്‍വര്‍ എന്നാണ് മൈക്രോസോഫ്റ്റിന്റെ ആപ്പിനു പേരിട്ടിരിക്കുന്നതെങ്കില്‍, ആപ് സ്റ്റോറില്‍ മാത്‌സ് (Maths) സോള്‍വര്‍-എച്ഡബ്ല്യു (HW) എന്നാണ് നല്‍കിയിരിക്കുന്നത്. രണ്ടു പ്ലാറ്റ്‌ഫോമിലും ഇത് പൂര്‍ണ്ണമായും ഫ്രീയാണ്. 

എന്നാല്‍, ഗൂഗിളിന്റെ ആപ്പിന് ഫോട്ടോമാത് പ്ലസ് എന്ന് ഒരു വേര്‍ഷനും ഉണ്ട്. ഇതിന് 449/849 രൂപ മാസവരി നല്‍കണം. എന്നാല്‍, ഈ വേര്‍ഷനില്‍ പാഠ്യപുസ്തകത്തിലുള്ള കണക്കുകളും നല്‍കും എന്നതുകൂടാതെ ആനിമേറ്റ് ചെയ്ത ട്യൂട്ടോറിയലുകളും ലഭിക്കും. ഫ്രീ വേര്‍ഷനില്‍ ലഭിക്കുന്നതിനേക്കാള്‍ വിശദമായ രീതിയില്‍ ഒരു ഗണിത പ്രശ്‌നം എങ്ങനെ പരിഹരിച്ചു എന്നും പറഞ്ഞുതരും. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ആപ്പുകള്‍ പരീക്ഷിച്ചു നോക്കുകതന്നെ വേണം.

എങ്ങനെ ഇന്‍സ്റ്റോള്‍ ചെയ്യാം? 

ആപ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ആപ്പുകളുടെ പേരുകള്‍ നല്‍കി സേര്‍ച്ച് ചെയ്യുക. ഓരോ ആപ്പും തുറന്ന് ചെയ്യാനുള്ള കണക്കിനു നേരെ ക്യാമറ പിടിക്കുക. തുടര്‍ന്ന് ആപ്പില്‍ വരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ലഭിക്കുന്ന ഉത്തരങ്ങളും, ആപ്പുകള്‍ക്ക് ലഭിച്ചിരിക്കുന്ന റേറ്റിങും മികച്ചതാണെന്ന സൂചന നൽകുന്നു.