ഇന്ദ്രപ്രസ്ഥം ആവശ്യപ്പെട്ട രാവണ സഹോദരൻ്റെ നാവിൽ വികട സരസ്വതി വിളയാടിയതിനാല്‍ ലഭിച്ചത് നിദ്രാസനമായിരുന്നുവെന്നാണ് പുരാണ കഥ. ഇതേ അവസ്ഥയിലാണ് നിലവിൽ കേരളത്തിലെ ബിജെപിയും അവിടേക്ക് ചേക്കേറിയ പിസി ജോർജും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശന ദിവസമായിരുന്നു പിസി ജോർജിൻ്റെ ജന പക്ഷം പാർട്ടി ഔദ്യോഗികമായി ബിജെപിയിൽ ലയിച്ചത്.
പത്തനംതിട്ട, കോട്ടയം എന്നിവയിൽ ഒരു സീറ്റ് മോഹിച്ചാണ് ജോർജും മകൻ ഷോണും താമരയിൽ അഭയം പ്രാപിച്ചത്. പിസിയുടെ വരവ് കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിനിടയിൽ സ്വാധീനം ചെലുത്തുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. ഇപ്പോൾ പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ ജോർജിൻ്റെയും ബിജെപിയുടേയും കണക്കുകൂട്ടൽ തെറ്റിയിരിക്കുകയാണ്. ഹിന്ദു പുരാണ കഥാപാത്രമായ കുംഭകർണൻ്റെ അവസ്ഥ തന്നെയാണ് ഇരുകൂട്ടർക്കും.
എൻഡിഎ മുന്നണിയിലെ ധാരണ പ്രകാരം കോട്ടയം സീറ്റ് ഘടകകക്ഷിയായ ബിഡിജെഎസിനാണ് നൽകിയിട്ടുള്ളത്. ബിഡിജെഎസിന് വേണ്ടി പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തന്നെ കളത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ കോട്ടയം സീറ്റ് എന്ന പിസി ലയനത്തിന് മുമ്പേ തട്ടിൻപുറത്ത് കയറ്റിവച്ചതാണ്. പത്തനംതിട്ട സീറ്റ് സ്വപ്നം കണ്ട് പിസി നടക്കുന്നതിനിടയിലാണ് വില്ലനായി കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായിരുന്ന എ.കെ.ആൻ്റണിയുടെ മകൻ അനിൽ ആൻ്റണിയുടെ മണ്ഡലത്തിലേക്കുള്ള അപ്രതീക്ഷിത എൻട്രി. ഇതോടെ പിസിയുടെ കിളി പോയി.മുമ്പ് എൽഡിഎഫിലും യുഡിഎഫിലും പിന്നെ തനിച്ച് നിന്നപ്പോഴും പിസിയുടെ നാവിൽ കളിയാടിയ വികട സരസ്വതി വീണ്ടും പണി തുടങ്ങി.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അനിൽ ആൻ്റണിയെ കടന്നാക്രമിച്ച പിസി ‘കുറ്റിച്ചൂൽ’ എന്ന പരോക്ഷ വിമർശനവും പാർട്ടി സ്ഥാനാർത്ഥിക്കെതിരെ നടത്തി. പത്തനംതിട്ട കൈവിട്ട് പോയി എന്ന തിരിച്ചറിവിൽ മനസിൽ മണിച്ചിത്രതാഴിട്ട് പൂട്ടിയ കോട്ടയം സീറ്റിൽ മത്സരിക്കാനിരുന്ന ഘടക കക്ഷി നേതാവിനും തൻ്റെ വായ് മൊഴി പ്രയോഗത്തിലൂടെ പിസി ഒരു ചെറിയ പണി കൊടുത്തു. പത്തനംതിട്ടയിൽ മത്സരിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചുവെന്നായിരുന്നു പിസി തട്ടിവിട്ടത്. ഇതിനെതിരെ ബിജെപി നേതൃത്വത്തിന് തുഷാർ വെള്ളാപ്പള്ളി പരാതിയും നൽകി. തുടർന്ന് പിസി ജോർജിൻ്റെ പരാമർശത്തിനെതെിരെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും താക്കീതുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഭാഷയിൽ മിതത്വം പാലിക്കണമെന്നാണ് ജോർജിന് സുരേന്ദ്രൻ വക നൽകിയ ഉപദേശം. സുരേന്ദ്രനല്ല സാക്ഷാൽ നരേന്ദ്ര മോദി പറഞ്ഞാലും പിസിക്ക് അതിന് കഴിയില്ല എന്ന് പിസി ജോർജിനെക്കാൾ നന്നായി കേരളത്തിലെ ജനങ്ങൾക്കറിയാം.
പിസി ജോർജിൻ്റെ നാവാട്ടത്തെപ്പറ്റിയുള്ള ഖ്യാദി കേരളത്തിൻ്റെ അതിർത്തി കടന്ന് ദേശീയ തലത്തിൽ വരെ മുമ്പ് ചർച്ചയായിട്ടുണ്ട്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോയുടെ ലൈംഗിക പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച ജോർജിൻ്റെ പരാമർശം ദേശീയ തലത്തിൽ തന്നെ ചർച്ചയായിട്ടുണ്ട്. അന്ന് പിസി ജോർജിൻ്റെ വാമൊഴി പ്രയോഗങ്ങളെപ്പറ്റി ദേശീയ മാധ്യമങ്ങൾ വിശദമായി റിപ്പോർട്ടും കൊടുത്തു. ജോർജിൻ്റെ ചാനൽ ചർച്ചകളിലെ പരാമർശങ്ങളും, സ്ത്രീവിരുദ്ധ പ്രയോഗങ്ങളും, ദളിത് വിരുദ്ധ പ്രസംഗവും സർവീസ് വൈകിയതിന് ഹോട്ടൽ ജീവനക്കാരനെ തല്ലിച്ചതും, തൻ്റെ മണ്ഡലത്തിൽ പണിമുടക്കിയ തേയിലത്തോട്ടത്തിലെ തൊഴിലാളികൾക്ക് നേരെ പിസ്റ്റൾ ചൂണ്ടിയതും, മൂന്ന് കാത്ത് നിന്നു എന്ന പേരിൽ ടോൾ ഗേറ്റ് തകർത്തതുമെല്ലാം ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങൾ നൽകിയിരുന്നു.
ഈ കുപ്രസിദ്ധ ജീവചരിത്രം വായിച്ചിട്ടുള്ളത് കൊണ്ടാകാം ജോർജിനെ ബിജെപിയിൽ എടുക്കാനുള്ള സംസ്ഥാന നേതൃത്യത്തിൻ്റെ തീരുമാനത്തിന് നരേന്ദ്ര മോദിയും, അമിത്ഷായും ജെപി നദ്ദയും രാജ്നാഥ് സിംഗും അടക്കമുള്ള നേതാക്കൾ കാവിക്കൊടി വീശിയത്. അല്ലെങ്കിലും ബിജെപിയിൽ ചേരാൻ ഇതിൽ കൂടുതൽ യോഗ്യതയുള്ള ആളെ വേറെ എവിടെക്കിട്ടാനാണ്. ഇനി ജോർജിൻ്റെ നാവാട്ടം താമരയിൽ നിന്ന് കൊണ്ടുതന്നെ. അതിനെതിരെ പറഞ്ഞാൽ സുരേന്ദ്രൻ വരെ പിസിയുടെ നാവിൻ്റെ ചൂട് തിരിച്ചറിയും. അതിനുള്ള സമയം വിദൂരമല്ല. പിക്ച്ചർ അഭിബാക്കി ഹേ…. ജോർജ് കളി സോറി നാവാട്ടം തുടങ്ങിയിട്ടേയുള്ളു… അത് ഇനി സുരേന്ദ്രൻ ആൻഡ് കമ്പനി ഇനി അറിയാനിരിക്കുന്നതേയുള്ളു എന്നതാണ് യാഥാർത്ഥ്യം.