ലണ്ടൻ• കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി യുകെയിലെ കേംബ്രിഡ്ജ് സർവകലാശാല സന്ദർശിച്ചു. 27, 28 തീയതികളിലായി സർവകലാശാലയിൽ നടന്ന രണ്ട് പ്രഭാഷണങ്ങളിൽ പങ്കെടുക്കുന്നതിനാണ് രാഹുൽ ഗാന്ധി കേംബ്രിഡ്ജിൽ എത്തിയത്. ഇന്ത്യയിലേക്ക് മടങ്ങും മുൻപ് ലണ്ടനിൽ ഐഒസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ന്യായ് യാത്രയിൽ നിന്നും 5 ദിവസത്തെ ഇടവേള എടുത്താണ് യുകെയിൽ എത്തിയത്. ഇന്ത്യയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് സുപ്രധാന മീറ്റിങ്ങുകൾക്ക് ശേഷം മാർച്ച് 2 ന് ന്യായ് യാത്ര പുനരാരംഭിക്കും.
കുറച്ചുകാലമായി വിദേശ സർവകലാശാലകളിലെ സ്ഥിരം സന്ദർശകനും വാഗ്മിയുമാണ് രാഹുൽ ഗാന്ധി. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ട്രിനിറ്റി കോളേജിലെ വിദ്യാർഥിയായിരുന്ന രാഹുൽ ഗാന്ധി 1995-ൽ ഡെവലപ്‌മെന്റ് സ്റ്റഡീസിൽ എംഫിൽ കരസ്ഥമാക്കി. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെ വിസിറ്റിംഗ് ഫെലോ ആയ രാഹുൽ കഴിഞ്ഞ വർഷം മാർച്ചിൽ ‘Learning to Listen in the 21st Century’ എന്ന വിഷയത്തിൽ സർവകലാശാലയിലെ വിദ്യാർഥികൾക്കായി ക്ലാസുകൾ നടത്തിയിരുന്നു.
ന്യായ് യാത്ര യിൽ നിന്നും 5 ദിവസത്തെ ഇടവേളയെടുത്താണ് കേംബ്രിഡ്ജ് സർവകലാശാലയിൽ എത്തിയത്. രാഹുലിൻ്റെ പിതാവ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും രാജീവിന്റെ മുത്തശ്ശനുമായ ജവഹർലാൽ നെഹ്‌റു എന്നിവരും കേംബ്രിഡ്ജ് സർവകലാശാലയിലെ പൂർവ്വ വിദ്യാർഥികളായിരുന്നു.
ലണ്ടനിൽ നിന്നും മടങ്ങുന്നതിന് മുൻപ് യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളുമായി രാഹുൽ ഗാന്ധി കൂടികാഴ്ച നടത്തി. ഐഒസി യുകെ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കമൽ ദലിവാൾ, വൈസ് പ്രസിഡന്റുമാരായ ഗുരുമിന്തർ റാന്തവ, സുധാകർ ഗൗഡ, ജനറൽ സെക്രട്ടറി ഗമ്പ വേണുഗോപാൽ, വക്താവ് അജിത് മുതയിൽ, വനിത വിഭാഗം ജനറൽ സെക്രട്ടറി അശ്വതി നായർ എന്നിവർ ഉൾപ്പടെയുള്ളവരുമായാണ് കൂടിക്കാഴ്ച നടന്നത്. രാഹുൽ ഗാന്ധിക്ക് ഒപ്പം യുകെ സന്ദർശനത്തിൽ ഇന്ത്യൻ ഓവർസീസ് ഗ്ലോബൽ ചെയർമാൻ സാം പിത്രോഡയും പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ