ലണ്ടന്‍ ∙ ഇന്ത്യയിൽ നിന്നും ധാരാളം വിദ്യാർഥികൾ വിദേശരാജ്യങ്ങളില്‍ പഠനത്തിനായി എത്തുന്നത് ഇപ്പോൾ ഒരു സാധാരണ സംഭവമാണ്. എന്നിരുന്നാലും യുകെ അടക്കുമുള്ള വിദേശ രാജ്യങ്ങളിൽ പഠനത്തിനായി എത്തണമെങ്കിൽ ധാരാളം പണം വേണമെന്നത് യാഥാർഥ്യം. എങ്കിലും ജോലി ചെയ്തു പഠിക്കാം എന്നതാണ് മിക്കവരെയും വിദേശ രാജ്യങ്ങളിലെ പഠനത്തിന് പ്രേരിപ്പിക്കുന്ന മുഖ്യഘടകം. ഭാരിച്ച ഫീസ് സാധാരണക്കാരെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്. എന്നാൽ മഹാരാഷ്ട്രയിലെ പൂനെ സ്വദേശിനി ധൻശ്രീ ഗെയ്ക്ക് വാദിന് യുകെ പഠനം മധുര പ്രതികാരത്തിന്റെ നിമിഷങ്ങളാണ്.
യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ ധൻശ്രീ ഗെയ്ക്ക് വാദ് തന്റെ അച്ഛനെ കെട്ടിപിടിച്ച് ‘വിശ്വസിച്ചതിന് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ പങ്കുവച്ചത്. അച്ഛനും മകളും ആലിംഗനം ചെയ്യുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. പിന്നാലെ എയര്‍പോട്ടില്‍ മകളെ വിമാനം കയറ്റിവിടാനെത്തിയ അച്ഛനെ കാണാം. തുടര്‍ന്ന് യുകെയിലെയൂണിവേഴ്സിറ്റി ഓഫ് പ്ലിമത്തിലെ ബിരുദ ദാന ചടങ്ങിന്റെ ദൃശ്യങ്ങളും ബിരുദ തൊപ്പി വച്ച ധൻശ്രീയുടെ ചില ചിത്രങ്ങളും വിഡിയോയില്‍ കാണാം. വിഡിയോയില്‍ ‘അവന്‍ എന്റെ ലൈഫ്ഗാര്‍ഡ് ആണ്, അവനത് ചെയ്തു..’ എന്നും ധൻശ്രീ എഴുതി ചേർത്തിട്ടുണ്ട്. ധൻശ്രീയെ അഭിനന്ദിച്ചും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തും നിരവധി പ്രമുഖരാണ് എത്തിയത്.