ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത് ഗവർണർക്കെതിരെ സർക്കാരിൻ്റെ വിജയം എന്ന രീതിയിലാണ് മാധ്യമങ്ങളും ഇടതുമുന്നണി നേതാക്കളും വിലയിരുത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിലുള്ള ഭിന്നത രൂക്ഷമായ ഘട്ടത്തിലാണ് ലോകായുക്ത നിയമ ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയയ്ക്കുന്നത്. ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയച്ച ബില്ലിന് രാഷ്ട്രീയ അംഗീകാരം നൽകിയത് സർക്കാരിൻ്റെ രാഷ്ട്രീയ വിജയം എന്ന് സർക്കാർ അനുകൂലികൾ കൊട്ടിഘോഷിക്കപ്പെടുമ്പോൾ വിസ്മരിക്കപ്പെടുന്ന ചില വസ്തുതകൾ ഉണ്ട്. ലോകായുക്ത ഭേദഗതിയെ എതിർത്തത് ഗവർണറും പ്രതിപക്ഷവും മാത്രവുമായിരുന്നോ?.
ബന്ധു നിയമന വിവാദത്തിൽ ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിയായിരുന്ന കെടി ജലീൽ രാജിവച്ചതിന് ശേഷമാണ് ലോകായുക്ത നിയമ ഭേദഗതി ബില്ലിനെ സംബന്ധിച്ച് ഇടതു മുന്നണി വിശേഷിച്ച് സിപിഎം ആലോചിക്കുന്നത്. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു രാജി. വിഷയത്തില്‍ സുപ്രീം കോടതിയെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും കോടതി ഇടപെട്ടില്ല. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ അധികാരങ്ങള്‍ കവരാനാണ് സര്‍ക്കാര്‍ ശ്രമങ്ങൾ ആരംഭിച്ചത്. നിലവിൽ മുഖ്യമന്ത്രിക്ക് എതിരെയടക്കം സർക്കാരിനെതിരെ ലോകായുക്തയിൽ നിലനിൽക്കുന്ന കേസുകളിൽ തിരിച്ചടിയുണ്ടായാലുള്ള സാഹചര്യം മുൻകൂട്ടിക്കണ്ടാണ് ഇത്തരമൊരു ബില്ലിൻ്റെ പിന്നിൽ എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം.
സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെ പ്രതിപക്ഷം മാത്രമല്ല അന്ന് രംഗത്ത് വന്നത്. സർക്കാരിലെ പങ്കാളിയും ഇടതു മുന്നയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയും ഓർഡിനൻസിനെതിരെ രംഗത്ത് വന്നു. സ്വന്തം മന്ത്രിമാര്‍ക്ക് പോലും ഓര്‍ഡിനന്‍സില്‍ ജാഗ്രതക്കുറവുണ്ടായെന്ന സ്വയം വിമര്‍ശനവും സിപിഐ ഉയർത്തി. ഓര്‍ഡിനന്‍സിനെതിരേ അന്നത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരസ്യവിമര്‍ശനവുമായി രംഗത്ത് വന്നതോടെ സിപിഎമ്മും മുന്നണിയും വെട്ടിലായി. സിപിഐയെ അനുനയിപ്പിക്കാൻ കാനം രാജേന്ദ്രനുമായി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് ചര്‍ച്ച നടത്തിയെങ്കിലും നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുകയായിരുന്നു.
പ്രതിപക്ഷത്തേക്കാൾ വീറുറ്റ ശബ്ദത്തിൽ ഓർഡിനൻസിനെ എതിർത്തത് സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്ന കെ.പ്രകാശ്ബാബുവായിരുന്നു. ഇടതു പക്ഷത്തിന് ഇനിയെന്ത് ധാർമ്മികത? എന്ന ചോദ്യമാണ് പ്രകാശ് ബാബു അന്നുയർത്തിയത്. തൻ്റെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ലോകായുക്ത ഓർഡിനൻസിലെ അനുച്ഛേദം 14 റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അനുച്ഛേദം 14 തന്നെ ഭരണഘടനാവിരുദ്ധം എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. നിക്ഷിപ്ത താത്പര്യക്കാരാണ് ലോകായുക്ത ഓർഡിനൻസിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടിയ പ്രകാശ് ബാബു ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠമായ ലോകായുക്ത നിയമമാണ് കേരളത്തിലേതെന്നും അഭിപ്രായപ്പെട്ടിരുന്നു. സിപിഐ ഉയർത്തിയ എതിർപ്പ് വകവെക്കാതെ സർക്കാർ ബില്ലുമായി മുന്നോട്ടു പോകുകയായിരുന്നു. സിപിഐയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാകും ബിൽ അവതരിപ്പിക്കുന്നതെന്ന വിശദീകരണവുമായിട്ടായിരുന്നു സർക്കാരിൻ്റെ നീക്കം.
1999ൽ സിപിഐ നേതാവ് നേതാവ് ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയായിരിക്കെ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ ദുർബലപ്പെടുത്താതിരിക്കാൻ പാർട്ടി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. സർക്കാർ ബില്ലുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ നിർദേശങ്ങളുമായി സിപിഐ വീണ്ടും രംഗത്തെത്തി. ലോകായുക്തയുടെ തീരുമാനത്തെ തള്ളാൻ സർക്കാരിന് അധികാരം നൽകുന്നതിനു പകരം സ്വതന്ത്ര സ്വഭാവ ഉന്നത സമിതിയുടെ തീരുമാനത്തിനു വിടണമെന്നാണു നിർദ്ദേശം. അഴിമതിക്കെതിരെയുള്ള ഫലപ്രദമായ സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടു സ്വീകരിക്കാനാകില്ലെന്നായിരുന്നു സിപിഐ യുടെ നിലപാട്.
സ്വന്തം സ്വഭാവമുള്ള സമിതിയുടെ കാര്യത്തിൽ പാർട്ടി നിയമോപദേശവും തേടിയിരുന്നു. എന്നാൽ ലോകായുക്തയുടെ തീരുമാനത്തെ തള്ളാൻ സർക്കാരിന് അധികാരം നൽകുന്ന നിയമവുമായി മുന്നോട്ട് പോകാനായിരുന്നു സിപിഎം തീരുമാനം. അങ്ങനെ സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത എതിർപ്പിനെ മറികടന്നാണ് സർക്കാർ ബിൽ അവതരിപ്പിച്ചതും ഇപ്പോൾ രാഷ്ട്രപതി അതിന് അംഗീകാരം നൽകുന്നതും. അതു കൊണ്ടു തന്നെ ”നഷ്ടപ്പെട്ടത് ആരുടെ ധാർമികത?” എന്ന ചോദ്യമാണ് ബിൽ നിയമമാകാൻ പോകുന്ന ഈയവസരത്തിൽ ഉയരുന്നത്.