ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസിൽനിന്ന് ചാടാൻ ശ്രമിച്ച് യുവാവ്; ജീവനക്കാരും യാത്രക്കാരും ചേർന്ന് തടഞ്ഞു

 ബെംഗളൂരു:  ഓടിക്കൊണ്ടിരുന്ന കേരള ആർടിസി സ്വിഫ്റ്റ് ബസിൽനിന്ന് പുറത്തേക്ക് ചാടാനുള്ള യുവാവിന്റെ ശ്രമം ജീവനക്കാരും യാത്രക്കാരും ചേർന്ന് തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട ഗുരുവായൂർ ഡീലക്സ് ബസിലാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യുവാവ് മൈസൂരു കഴിഞ്ഞതോടെയാണ് ബസിനുള്ളിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.

   ബസ് ജീവനക്കാർ ചേർന്ന് ഇയാളെ ശാന്തനാക്കി യാത്ര തുടർന്നു. തമിഴ്നാട് അതിർത്തിയിൽ മുതുമല ചെക്ക്പോസ്റ്റ് കഴിഞ്ഞതോടെയാണ് ഇയാൾ സൈഡ് ഗ്ലാസ് തുറന്നു പുറത്തേക്ക് ചാടാൻ ശ്രമിച്ചത്. ബസിലുണ്ടായിരുന്ന കെഎസ്ആർടിസി മൈസൂരു സ്റ്റേഷൻ മാസ്റ്റർ റെജികുമാർ യുവാവിന്റെ കാലിൽപിടിച്ചതോടെ പുറത്തേക്ക് വീഴാതെ തൂങ്ങി നിന്നു. ബസ് നിർത്തി ഡ്രൈവർ സെബാസ്റ്റ്യൻ തോമസ്, കണ്ടക്ടർ ബിപിൻ എന്നിവരും യാത്രക്കാരും ചേർന്ന് പുറത്തിറങ്ങി യുവാവിനെ സുരക്ഷിതമായി ബസിനുള്ളിലേക്ക് കൊണ്ടുവന്നു. ബസ് പിന്നീട് വഴിക്കടവ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. 

   വിവരം അറിയിച്ചതിനെ തുടർന്ന് യുവാവിന്റെ ബന്ധുക്കൾ സ്റ്റേഷനിലെത്തിയിരുന്നു. പൊലീസ് വിശദമായി ചോദ്യം ചെയ്ത ശേഷം  ഇയാളെ പിന്നീട് ഇവർക്കൊപ്പം പറഞ്ഞുവിട്ടു.

Read more : 

      അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ