പാലക്കാട്: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട് കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചള്ള സ്വദേശിനിയായ 29 കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.
ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാർ വിവരം ആശാ പ്രവർത്തകയെ അറിയിക്കുകയും തുടർന്ന് ആശാ പ്രവർത്തക 108 എന്ന നമ്പറിലേക്ക് ബന്ധപ്പെടുകയുമായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം കൊഴിഞ്ഞാമ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി.
ആംബുലൻസ് പൈലറ്റ് രാജേഷ് വി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ കവിത ആർ എന്നിവർ ഉടൻ സ്ഥലത്ത് എത്തി. അപ്പോഴേക്കും യുവതിയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യം ആണെന്ന് മനസിലാക്കി കവിത വീട്ടിൽ വെച്ച് തന്നെ പ്രസവം എടുക്കുകയായിരുന്നു.
അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തിയ കവിത ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് രാജേഷ് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Read more :
- ഐഎസ്ആർഒ കേന്ദ്രം: പരസ്യത്തിൽ ചൈനീസ് പതാക; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
- യുപിഎ ഭരണകാലത്ത് തമിഴ്‌നാടിന് അർഹമായ പരിഗണന ലഭിച്ചില്ല: മൂന്നാം തവണ പുതിയ ശക്തിയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി
- പശ്ചിമ ബംഗാളിലെ കോൺഗ്രസ് നേതാവ് കൗസ്തവ് ബാഗ്ചി പാർട്ടി വിട്ടു : ബിജെപിയിൽ ചേരുമെന്ന് സൂചന
- 2026ലെ തിരഞ്ഞെടുപ്പിന് കുറച്ച് മുസ്ലീം എംഎൽഎമാർ മാത്രമേ കോൺഗ്രസിൽ കാണൂ : ഹിമന്ത ബിശ്വ ശർമ്മ
- മാട്രിമോണിയൽ സൈറ്റിലൂടെ വിവാഹത്തട്ടിപ്പ് : യുവതിക്ക് നഷ്ടമായത് 9.98 ലക്ഷം രൂപ