നഗ്ന ഫോട്ടോ കാട്ടിയുള്ള നൈജീരിയൻ സംഘത്തിന്റെ ബ്ലാക്ക്‌മെയ്‌ലിങ്; യുകെയിൽ ശ്രീലങ്കൻ വംശജനായ വിദ്യാർഥി ജീവനൊടുക്കി

ലണ്ടൻ • നഗ്നഫോട്ടോ കാട്ടിയുള്ള ബ്ലാക്ക്‌മെയ്‌ലിങ്ങിലൂടെ പണം തട്ടുന്ന നൈജീരിയന്‍ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് യുകെയിൽ എ ലെവൽ വിദ്യാർഥി ജീവനൊടുക്കി. ശ്രീലങ്കൻ വംശജനായ ഡിനല്‍ ഡി ആല്‍വിസ് (16) ആണ് ക്രോയിഡോണിൽ ജീവൻ ഒടുക്കിയത്. സ്‌നാപ്ചാറ്റ് വഴി നൈജീരിയയില്‍ നിന്നെന്നു കരുതുന്ന ഒരു വ്യക്തി ഡിനല്‍ ഡി ആല്‍വിസിനെ ബന്ധപ്പെട്ടതിന് ശേഷം ഡിനലിന്റെ രണ്ട് നഗ്ന ഫോട്ടോകൾ അയച്ചു കൊടുക്കുകയായിരുന്നു. 100 പൗണ്ട് നല്‍കിയില്ലെങ്കില്‍,  ഡിനലിന്റെ എല്ലാ സമൂഹമാധ്യമ അക്കൗണ്ടുകളിലെയും ഫോളോവേഴ്‌സിനു ഫോട്ടോകൾ അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മികച്ച ഫുട്‌ബോള്‍ കളിക്കാരനും റഗ്ബി കളിക്കാരനുമായിരുന്നു ഡിനല്‍.

ഇതേ തുടർന്ന് മാനസീകമായി തളർന്ന ഡിനൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ തുനിയാതെ വീട് വിട്ടിറങ്ങി. തുടർന്ന് ഡിനൽ നൈജീരിയൻ സംഘത്തിന്റെ ഭീഷണി വിവരങ്ങള്‍ വിവരിച്ചു കൊണ്ട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു വിഡിയോ ചെയ്യുകയായിരുന്നു. തെക്കന്‍ ലണ്ടനിലെ സട്ടണില്‍ താമസിക്കുന്ന ഡിനൽ ക്രോയിഡോണിലെ വിറ്റ്ഗിഫ്റ്റ് സ്‌കൂൾ വിദ്യാര്‍ഥിയായിരുന്നു. ജിസിഎസ്ഇ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം എ ലെവലിൽ പഠനം തുടര്‍ന്ന ഡിനൽ  ഇംഗ്ലിഷിലും ഇക്കണോമിക്‌സിലും സ്‌കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു.

2022 ഒക്ടോബറിലാണ് ഭീഷണി ആരംഭിച്ചത് എന്നാണ് ലഭ്യമായ വിവരം. ഭീഷണി മുഴക്കിയ ആളിനെ ബ്ലോക്ക് ചെയ്തത് കൊണ്ട് രക്ഷപ്പെടാന്‍ ആകില്ലെന്നും 100 പൗണ്ട് നല്‍കണമെന്നും ബ്ലാക്ക്‌മെയ്‌ലര്‍ പറഞ്ഞതായി സാക്ഷി മൊഴികൾ ഉണ്ട്‌. തന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പലരുടെ കൈകളിലും എത്തിയിരിക്കും എന്നായിരുന്നു ഡിനൽ ആല്‍വിസ് വിചാരിച്ചത്. ബ്ലാക്ക്‌മെയ്‌ൽ ചെയ്ത ആളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസും നാഷനല്‍ ക്രൈം ഏജന്‍സിയും അറിയിച്ചു. എന്നാൽ ഡിനലിനെതിരെ ഭീഷണി മുഴക്കിയ വ്യക്തി നൈജീരിയ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസും നാഷനൽ ക്രൈം ഏജൻസിയും അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News