തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പാർട്ടി കേരള കേരള ഘടകം സെക്രട്ടറി ബിനോയ് വിശ്വമാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. ബിജെപിക്ക് എതിരായ പോരാട്ട ഭൂമി ഇതാണോ. ഒരു എം പി പോലും ബിജെ പിക്ക് ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സ്ഥലത്താണോ പോരാട്ടം നടത്തേണ്ടത്. കോൺഗ്രസിൻ്റെ രാഷ്ട്രീയ ബുദ്ധി ചോദ്യം ചെയ്യപ്പെടുകയാണെന്നും സിപിഐ സെക്രട്ടറി കുറ്റപ്പെടുത്തി.
കോൺഗ്രസ് ചാഞ്ചാട്ടം കാണിക്കുന്ന പാർട്ടിയാണ്.അയോധ്യ പ്രാണ പ്രതിഷ്ഠക്ക് ഗോഡ്സെയുടെ പാർട്ടി വിളിച്ചപ്പോൾ ഗാന്ധിയുടെ പാർട്ടി ചാഞ്ചാടിയെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യൻ ന്യൂനപക്ഷ കമ്മിഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ല. ന്യൂനപക്ഷാവകാശത്തെ രാഷ്ട്രീയ നിലപാടിൻ്റെ ഭാഗമായി കാണുന്ന ഇടതുപക്ഷത്തെ ന്യൂനപക്ഷം മിത്രങ്ങളായി കാണുന്നു. സ്ഥാനാർത്ഥിയായി പ്രഖാപിക്കുന്നവർ എല്ലാം ജനകീയരാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ കാറ്റാണുള്ളത്. ജനങ്ങൾ ചിന്തിക്കുന്നത് എൽഡിഎഫിനെക്കുറിച്ചാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഇതിൻ്റെ തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്ന് ഇലക്ഷൻ പ്രഖ്യാപിച്ചാലും ഇടതുമുന്നണി സജ്ജമാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം യുഡിഎഫിൻ്റെ സ്ഥിതി അതല്ലെന്നും വ്യക്തമാക്കി. മറുഭാഗത്ത് ഒരു പാർട്ടിയിലും ഐക്യമില്ല. യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധത്തിന് കൈകോർക്കുന്നു. അവർക്ക് പഴയകൈത്തഴമ്പ് ഉണ്ട്. അത് മാഞ്ഞ് പോയിട്ടില്ലെന്നും ബിനോയ് വിശ്വം പരിഹസിച്ചു.
സിപിഐ മത്സരിക്കുന്ന സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥികളെ ബിനോയ് വിശ്വം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കരയിൽ സി.എ. അരുൺ കുമാർ, തൃശ്ശൂരിൽ മുൻമന്ത്രി വി.എസ്. സുനിൽ കുമാർ, വയനാട് ആനി രാജ എന്നിവർ മത്സരിക്കും.
















