കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കൊല്ലം എംപിയും ആർഎസ്പി നേതാവുമായ പ്രേമചന്ദ്രൻ. മോദിയെ വാനോളം പുകഴ്ത്തിയ ശേഷം കേന്ദ്ര സർക്കാരിനെ ചെറുതായി ഒന്ന് വിമർശിക്കാനും ഇൻഡ്യ മുന്നണിയുടെ ഭാഗമായ പ്രേമചന്ദ്രൻ മറന്നില്ല.
ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പുരോഗതി കൃത്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുമെന്നാണ് പ്രേമചന്ദ്രൻ അഭിപ്രായം. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനു നേരെ വിമർശനവും എംപി ഉന്നയിച്ചു. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയിൽവേ മേല്‍പ്പാലത്തിന്റെ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ആദ്യം പ്രശംസയും പിന്നീട് വിമർശനവും ഉണ്ടായത്.
പ്രേമചന്ദ്രൻ പറഞ്ഞത്
ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിർമാണ പുരോഗതി എല്ലാമാസവും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി അവലോകനം ചെയ്യും. അത്തരം പദ്ധതികളിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ കേന്ദ്ര സർക്കാർ തന്നെ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ പ്രശംസയുണ്ട്.
പദ്ധതികൾ ഉദ്ഘാടന പട്ടികയിൽ ഉൾപ്പെടുത്തി കഴിഞ്ഞാൽ ഒരു കാര്യം ഉറപ്പാണ്. മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പൂർത്തീകരണം, എല്ലാ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് കൃത്യമായി മോണിറ്റർ ചെയ്യും. സ്വാഭാവികമായും കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല പദ്ധതി നടക്കുമെന്ന കാര്യത്തിൽ സംശയമില്ല.
താൻ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. പ്രാരംഭ ഘട്ടത്തിൽ തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യണമോ എന്ന് അവരോട് ചോദിച്ചു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ മോണിറ്ററിംഗ് എല്ലാ മാസവും നടക്കുമെന്നും സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ കേന്ദ്രം തന്നെ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നുമാണ് അവർ മറുപടി നൽകിയത്. റെയിൽവേ മേൽപ്പാല നിർമ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിർവഹിക്കുന്നത് വരെ അനുഗ്രഹീതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പിന്നാലെ കേന്ദ്ര സർക്കാരിന് ധാർഷ്ട്യവും അഹങ്കാരവുമാണെന്നും ആർഎസ്പി നേതാവ് കുറ്റപ്പെടുത്തി. മോദി സർക്കാർ മാറി മതേതര സർക്കാർ വരുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
















