കൊച്ചി: കേരളത്തിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്ന ജവാൻ മദ്യത്തിൻ്റെ വില്പന മരവിപ്പിച്ചു. സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ജവാനിൽ മാലിന്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പതിനൊന്നര ലക്ഷം ലിറ്റർ മദ്യത്തിന്റെ വില്പനയാണ് മരവിപ്പിച്ചത്. മദ്യക്കുപ്പികളിൽ പാടപോലെ രൂപപ്പെട്ടത് ചൂണ്ടിക്കാട്ടിയ ഔട്ട്ലെറ്റുകളിൽ കുപ്പി മാറ്റി കൊടുത്തു.
വടക്കൻ പറവൂരിലെ വാണിയക്കാട് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ മദ്യത്തിൽ മാലിന്യം ശ്രദ്ധയിൽപ്പെട്ട ഉപഭോക്താവിന്റെ പരാതിയിലാണ് എക്സൈസിന്റെ നടപടി. എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മിഷണറുടെ മേൽനോട്ടത്തിലായിരുന്നു വാണിയക്കാട് ഔട്ട്‌ലെറ്റിലെ പരിശോധന.
ജവാൻ ട്രിപ്പിൾ എക്സ് റം 297, 304, 308, 309, 315, 316, 319, 324 ബാച്ചുകളിലും വരാപ്പുഴയിലെ ഔട്ട്‌ലെറ്റിലെ ജവാൻ ട്രിപ്പിൾ എക്സ് റം 307, 322, 267, 328, 312, 292, 200,164, 293 ബാച്ചുകളിലും മാലിന്യം കണ്ടെത്തി. പിശോധനാ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറി.
കേരളത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലെയും ജവാൻ പരിശോധിക്കാൻ അധികൃതർക്ക് നിർദ്ദേശമുണ്ട്. പരിശോധനയ്ക്ക് ശേഖരിക്കുന്ന സാമ്പിൾ ലാബിൽ പരിശോധിക്കും. പരിശോധനാ ഫലത്തിൻ്റെ അടിസ്ഥാനത്തിലാകും വിൽപ്പന തുടരണോ നശിപ്പിക്കണോയെന്ന് തീരുമാനിക്കുക.
















