തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ചേക്കുമെന്ന അഭ്യൂഹം ശക്തം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉന്തരേന്ത്യയിൽ നിന്നും ജനവിധി തേടാനാണ് ഗവർണറുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. 2019 സെപ്റ്റംബർ ആറിനാണ് ഗവർണറായി അദ്ദേഹം സംസ്ഥാന ഗവർണറായി ചുമതലയേറ്റത്.
ഈ വർഷം സെപ്റ്റംബർ വരെയുള്ള ഗവർണർ ശേഷിക്കുന്ന ഫയലുകൾ അതിവേഗത്തിൽ തീർപ്പാക്കാൻ നിർദ്ദേശിച്ചതാണ് ഇത്തരമൊരു അഭ്യൂഹം ശക്തമാകാൻ കാരണം. സ്ഥിരമായി ഡൽഹിയിൽ ക്യാംപ് ചെയ്ത് ഗവർണർ ഖാൻ നടത്തുന്ന നീക്കങ്ങളും ഈ അഭ്യൂഹങ്ങൾക്ക് കരുത്ത് പകരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാനെ ന്യൂനപക്ഷ മുഖമായി ബിജെപി വടക്കേയിന്ത്യയിൽ രംഗത്തിറക്കാനാണ് സാധ്യത.
ഒരു തവണ ഉത്തർപ്രദേശ് നിയമസഭാംഗമായും 4 തവണ പാർലമെൻ്റ് അംഗമായും പാർലമെൻ്ററി രംഗത്ത് പ്രവർത്തിച്ച അനുഭവ സമ്പത്തും ഗവർണർക്കുണ്ട്. രാജീവ് ഗാന്ധി, വിപി സിംഗ് മന്ത്രിസഭകള്ളിൽ കേന്ദ്രമന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ജയിച്ചാൽ കേന്ദ്ര മന്ത്രി
എഴുപത്തിമൂന്ന് കാരനായ ആരിഫ് മുഹമ്മദ് ഖാൻ മുമ്പ് ഉപരാഷ്ട്രപതിയാകാൻ നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ ബിജെപി നേത്യത്വം ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധൻകറിനെ തെരഞ്ഞെടുത്തതോടെ ഖാൻ്റെ മോഹത്തിന് തിരിച്ചടിയാവുകയായിരുന്നു.
പാർട്ടി മാറി മാറി ഒടുവിൽ ബിജെപിയിൽ
ചൗധരി ചരൺ സിംഗിൻ്റെ ഭാരതീയ ക്രാന്തി ദളിൽ തുടങ്ങി കോൺഗ്രസിലൂടെ വളർന്ന ഖാൻ ഒടുവിൽ ജനതാദളിലൂടെ 2004ൽ ബിജെപിയിൽ ചേരുകയായിരുന്നു. ഉത്തർപ്രദേശിലെ ബുലന്ദ്ശഹറാണ് സ്വദേശിയായ അദ്ദേഹം ഇരുപത്തിയാറാം വയസിൽ ഉത്തർപ്രദേശ് നിയമസഭയിലെത്തി. യുപി നിയമസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന റെക്കോർഡും ഖാൻ സ്വന്തമാക്കി.
അലിഗഡ് മുസ്ലിം സർവ്വകലാശാലയിൽ സ്വതന്ത്രതാ പാർട്ടിയുടെ ബാനറിൽ കോളേജ് യൂണിയൻ പ്രസിഡന്റായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കോൺഗ്രസിലെത്തിക്കുന്നത്. എഐസിസിസി ജോയിൻ്റ് സെക്രട്ടറിയായി ചുമതലയും നൽകി. കോൺഗ്രസിലൂടെ പാർലമെൻ്ററി രാഷ്ട്രീയത്തിൽ ഖാൻ അതിവേഗം വളർന്നു.
1980ൽ കാൺപൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലെത്തി. 1982ൽ കേന്ദ്ര വാർത്താ വിതരണ സഹമന്ത്രി. യുപിയിലെ ബഹ്‌റൈച്ചിൽ നിന്ന് രണ്ടാം തവണയും ലോക‌്‌സഭാംഗമായി. ഇന്ദിരയുടെ മരണത്തിന് ശേഷം മകൻ രാജീവ് ഗാന്ധിയുടെ വിശ്വസ്തനായി മാറി.
കോൺഗ്രസിൽ നിന്നും പുറത്തേക്ക്
ഷാബാനു കേസിൽ മുസ്ലിം വനിതകൾക്ക് ജീവനാംശം നൽകണമെന്ന സുപ്രീംകോടതിയെ വിധിക്കെതിരെ രാജീവ് ഗാന്ധി സർക്കാർ 1986ൽ മുസ്ലിം വിവാഹമോചന സംരക്ഷണ നിയമം കൊണ്ടുവന്നു. ഇതിൽ വിയോജിപ്പുണ്ടായിരുന്ന ഖാൻ നിയമം പാസാകുന്നതിന് മുമ്പ് മന്ത്രി സ്ഥാനം രാജിവയ്ക്കുകയും കോൺഗ്രസ് വിടുകയും ചെയ്തു.
വീണ്ടും പാർട്ടികൾ പലതും മാറുന്നു
കോൺഗ്രസിൽ നിന്നും പടിയിറങ്ങിയ ശേഷം മുൻ പ്രധാനമന്ത്രി വി.പി. സിംഗിനൊപ്പം ജൻമോർച്ചയിലൂടെ ജനതാദളിലെത്തി. ബഹ്റൈച്ചിൽ നിന്നും ലോക്സഭാംഗമായ വി.പി.സിംഗ് സർക്കാരിൽ വ്യോമയാന മന്ത്രിയായി. പിന്നീട് മായാവതിയുടെ ബിഎസ്പിയിൽ ചേർന്ന ഖാൻ ബഹ്റൈച്ചിൽ നിന്നും വിജയം ആവർത്തിച്ചു.
സംസ്ഥാന സർക്കാറിന് ആശ്വാസവാർത്തയോ?
പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരുമായി ഉണ്ടായിരുന്ന തർക്കങ്ങളാണ് അടുത്തിടെ ആരിഫ് മുഹമ്മദ് ഖാനെ ദേശീയ തലത്തിൽ ശ്രദ്ധേയനാക്കിയത്. നിയമസഭ പാസാക്കുന്ന സുപ്രധാന ബില്ലുകളെല്ലാം പിടിച്ചു വയ്ക്കുന്ന ഖാൻ്റെ നടപടിയും യുണിവേഴ്സിറ്റികളുമായി ഉണ്ടായ നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാറുമായി ഉണ്ടായിരുന്ന തർക്കങ്ങളും സുപ്രിം കോടതി വരെ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാൻ രാജിക്കൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നത്. മുഖത്തോടു മുഖം നോക്കാൻപോലും ആകാത്തവിധം ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അകൽച്ച രൂക്ഷമായിരിക്കെ ഇത് സർക്കാരിന് അത് ആശ്വാസ വാർത്തയാകുമോ എന്ന് വരുംനാളുകളിൽ അറിയാം