ഈരാറ്റുപേട്ട: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയെ വാഹനമിടിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരേ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പള്ളി അസിസ്റ്റന്റ് വികാരി ഫാ. തോമസ് ആറ്റുച്ചാലിനെ പള്ളിമുറ്റത്ത് ഒരുകൂട്ടം യുവാക്കള്‍ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. ആരാധനാ നടന്നുകൊണ്ടിരിക്കെ പള്ളിമുറ്റത്ത് കടന്ന യുവാക്കള്‍ ബൈക്ക് റേസിങ് നടത്തുകയായിരുന്നു. ശബ്ദംമൂലം ആരാധന തടസപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം ചോദിക്കാന്‍ പുറത്തിറങ്ങിയ വൈദികനെ അക്രമാസക്തരായ യുവാക്കള്‍ രണ്ട് തവണ ബൈക്ക് ഇടിപ്പിക്കുകയായിരുന്നു.
അക്രമികളോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് ഗേറ്റ് അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടയാണ് സംഭവം. പരിക്കേറ്റ ഫാ. തോമസ് ആറ്റുച്ചാലിനെ പരിക്കുകളോടെ പാല മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോമ്പ് കാലം ആയതിനാല്‍ പള്ളിയില്‍ ആരാധന നടക്കവെയാണ് ബൈക്ക് റേസിങ്ങുമായി യുവാക്കളെത്തിയത്.
കഴിഞ്ഞ ദിവസം പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ്.മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന അനിഷ്ട സംഭവം കേരള സമൂഹത്തെ ആകെ ഞെട്ടിക്കുന്നതും കേരളത്തിന്റെ അന്തരീക്ഷത്തെ തകർക്കുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടിരുന്നു.
ആരാധനയെ തടസപ്പെടുത്തുവാൻ പാടില്ലായെന്ന് സൗമ്യമായി പറഞ്ഞ വൈദികനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ നടത്തിയ ശ്രമം ഏറ്റം കുറ്റകരമായ ഭീകരപ്രവര്‍ത്തനമായിത്തന്നെ നാം കാണേണ്ടതുണ്ട്. കേരളത്തിന്റെ മത സന്തുലിതാവസ്ഥയെ പരിപൂര്‍ണ്ണമായി നശിപ്പിക്കുന്ന ഇത്തരത്തിലുള്ള കുത്സിത ശ്രമങ്ങളെ പൊതുസമൂഹം ഒന്നാകെയാണ് നേരിടേണ്ടതും ചെറുക്കേണ്ടതും. സമാധാനപരമായി ജീവിക്കുന്നവരെ പ്രകോപിപ്പിക്കുകയും കായിക ബലത്തിലൂടെ എല്ലാം കീഴടക്കാം എന്ന് കരുതുകയും ചെയ്യുന്ന നിലപാട് നമ്മുടെ പൊതുസമൂഹത്തെ തകർക്കുകയും സമുദായങ്ങൾ തമ്മിൽ സ്പർധയും വിദ്വേഷവും വർദ്ധിപ്പിക്കുകയും ചെയ്യും എന്നത് ഏവരും ഓർത്തിരിക്കേണ്ടതാണ്. സമാധാനമാണ് ദൈവമാർഗ്ഗമെന്നും കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
















