കണ്ണൂർ: കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശക്തമായ മതനിരപേക്ഷ നിലപാടിൽ ഉറച്ചു നിൽക്കാൻ ഒരിക്കലും കോൺഗ്രസിനായിട്ടിലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ കാലത്തും വർഗീയ ശക്തികൾക്കൊപ്പം ചാഞ്ചാടുന്ന നിലപാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്ണൂർ അഴീക്കോടൻ സ്മാരക മന്ദിരം ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഏത് സമയത്തും കോൺഗ്രസുകാർ ബിജെപിയാകും. കോൺഗ്രസിന്റെ ദു:ർബലാവസ്ഥ മുതലെടുത്ത് ഹിന്ദുത്വ വാദികൾ കരകയറി. ഇന്നത്തെ കോൺഗ്രസുകാരൻ നാളെ കോൺഗ്രസിലുണ്ടാകുമോ എന്ന് പറയാനാകില്ലയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ആർഎസ്എസ് ആഭ്യന്തര ശത്രുക്കളെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ന്യൂനപക്ഷവും കമ്യൂണിസ്റ്റുകാരുമുണ്ട്. ഹിറ്റ്ലറെ അംഗീകരിച്ച് നിലപാടെടുത്തവരാണ് ആർഎസ്എസ്. ഹിറ്റ്ലറെ അനുകരണീയ മാതൃകയാക്കിയവരാണ് അവർ. എന്നാൽ മതനിരപേക്ഷതയുടെ ഭാഗത്താണെന്ന് ഉറപ്പിച്ച് പറയാൻ കോൺഗ്രസ്സിനാകുന്നില്ല. അയോധ്യ വിഷയത്തെ ശരിയായ നിലയിൽ സമീപിക്കാൻ കോൺഗ്രസ്സിനായില്ല. ആർഎസ്എസ് മനസ്സുള്ളവർ കോൺഗ്രസ്സിൽ ഉള്ളത് കൊണ്ടാണ് രാമക്ഷേത്ര ഉദ്ഘാടന ദിവസം കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളിൽ പൂജ നടത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംഘപരിവാറിൻ്റെ ശരിയാണ് കോൺഗ്രസിൻ്റ ശരി. പാർലമെന്റ് ഒരു ദിവസം നീട്ടിയത് അയോധ്യ വിഷയത്തിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ബഹിഷ്കരിച്ചപ്പോൾ കോൺഗ്രസ് അനുകൂലിച്ചു. വിപ്പ് നൽകി കോൺഗ്രസ് എംപി മാരെ ഹാജരാക്കിയെന്നും ഇത് വഴി എന്ത് സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഭയത്തിൽ ജീവിക്കുന്ന ഒരു വിഭാഗം ഈ രാജ്യത്തുണ്ട്. അവർക്ക് ആശ്വാസം പകരുന്ന നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നില്ല. ഇടതുപക്ഷം ചെറിയ ശക്തിയാണെങ്കിലും കൃത്യമായ നിലപാടുണ്ട്. ചെറിയ ശക്തിയെ വലിയ കരുത്തായാണ്യ ഭയത്തോടെ ജീവിക്കുന്ന ജനവിഭാഗം കാണുന്നത്. അതാണ് ഇടതുപക്ഷത്തിൻറെ ശക്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വിഭാഗത്തിൽ ജനിച്ചതു കൊണ്ട് ഇവിടെ ഭയത്തോടെ ജീവിക്കണോ? ഈ മണ്ണിൽ ജനിച്ച് ഈ മണ്ണിൽ മണ്ണടിയേണ്ടവരെല്ലേ അവരും എന്നും മുഖ്യമന്ത്രി പറഞ്ഞു.
















