എസ്.സി -എസ്.ടി വിഭാഗങ്ങളുടെ പരാതിയിന്മേല്‍ നടപടി സ്വീകരിക്കേണ്ടത് എങ്ങനെയെന്ന് വ്യക്തമായ സര്‍ക്കുലര്‍ ഇറക്കിയിട്ടും അട്ടപ്പാടിയില്‍ അത് നടപ്പാക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. 2014 ഡിസംബര്‍ രണ്ടിനാണ് നിര്‍ദേശം നല്‍കിയത്. എ.ഡി.ജി.പി, ഐ.ജി, ജില്ല പൊലീസ് മേധാവി തുടങ്ങിയവര്‍ക്കായിരുന്നു നിര്‍ദേശം. എന്നാല്‍, അട്ടപ്പാടിയിലെ ആദിവാസി മേഖലയിലെ പ്രശ്‌നങ്ങളില്‍ ഈ സര്‍ക്കുലര്‍ പാലിക്കാന്‍ തയ്യാറായിട്ടില്ലെന്നു മാത്രമല്ല, ഡി.ജി.പിയുടെ നിര്‍ദേശത്തിന് പുല്ലുവിലയാണ് കല്‍പ്പിച്ചത്. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ചയോ അടുത്ത പ്രവര്‍ത്തി ദിവസമോ ജില്ലാ പൊലീസ് ഓഫീസുകളില്‍ പെറ്റിഷന്‍ അദാലത്ത് നടത്തി പരാതികള്‍ വേഗത്തില്‍ പരഹരിക്കണമെന്നായിരുന്നു നിര്‍ദേശങ്ങളില്‍ ഒന്ന്.

പരാതിയിന്മേല്‍ സമയബന്ധിതമായി നടപടി സ്വീകരിക്കണം. പരാതികളില്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് അതാത് മാസങ്ങളില്‍ അദാലത്തിനോടൊപ്പം നല്‍കണം. ഈ വിഷയവുമായി ബന്ധപ്പെട്ട് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ വിവരവും കേസിന്റെ നിലവിലെ അവസ്ഥ ഉള്‍പ്പെടെയുളളവ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. സര്‍ക്കുലറിലെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തി അട്ടപ്പാടിയിലെ ആദിവാസി പിടിച്ചെടുക്കാന്‍ വ്യാജരേഖകളുമായി വരുന്നവര്‍ക്ക് ഷോളയൂര്‍ പൊലീസ് സംരക്ഷണ നല്‍കിയെന്നാണ് ആദിവാസികളുടെ പരാതി.

കാലതാമസം ഒഴിവാക്കാന്‍ റിപ്പോര്‍ട്ടുകള്‍ ഐ. ആപ്പ് വഴി അയക്കണം. റിപ്പോര്‍ട്ടുകള്‍ മലയാളഭാഷയില്‍ തന്നെ അയക്കണം. അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്ന പരാതികളില്‍ മേലുളള റിപ്പോര്‍ട്ടിനോടൊപ്പം പരാതികക്ഷിക്ക് നല്‍കിയ മറുപടിയുടെ പകര്‍പ്പും പരാതികക്ഷിയുടെയും എതിര്‍കക്ഷികളുടെയും സാക്ഷികളുടെയും മൊഴികളുടെ പകര്‍പ്പും മറ്റ് അനുബന്ധ രേഖകളും ഹെഡ്ക്വാട്ടേഴ്‌സിലേക്ക് അയക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ കര്‍ശനമായും ഈ ഉദ്യോഗസ്ഥരെക്കാള്‍ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണം.

പരാതികള്‍ ഓരോന്നും വളരെ സത്യസന്ധമായി പക്ഷാഭേദം ഇല്ലാതെയും അന്വേഷിക്കണം. നിയമസഭാ സമിതി വഴി സമര്‍പ്പിച്ച പരാതികളിന്‍മേല്‍ സമയം ബന്ധിതമായി റിപ്പോര്‍ട്ട് സര്‍ക്കാരിന് നേരിട്ട് നല്‍കുകയും പകര്‍പ്പ് ഹെഡ് ക്വാട്ടേഴ്‌സിലേക്ക് അയക്കണമെന്നും നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ നിര്‍ദേശിക്കുന്ന സമയപരിധി കര്‍ശനമായും പാലിക്കണം. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ സമയപരിധി പാലിക്കാന്‍ കഴിയാതെ വന്നാല്‍ ആ വിവരം പരാതി യുടെ അന്വേഷണ പുരോഗതി സഹിതം അറിയിക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും ജില്ലാ പൊലീസ് മേധാവിയുടെ വ്യക്തമായ അഭിപ്രായക്കുറിപ്പോടുകൂടി പൊലീസ് ഹെഡ് ക്വാട്ടേഴ്‌സിലേക്ക് അയക്കണം.

എസ്.സി-എസ്.ടി കമീഷന്‍ ഹിയറിങ്ങിലോ മറ്റു പ്രധാന യോഗത്തിലോ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലോ ഹാജരാകാന്‍ നിര്‍ദേശം ലഭിച്ചാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ പരാതി, അന്വേഷണ റിപ്പോര്‍ട്ട്, അനുബന്ധ രേഖകള്‍ സഹിതം ഹാജരാകണം. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഹാജരാകാന്‍ കഴിയാതെ വന്നാല്‍, അതേ റാങ്കിലുളള മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി ആ വിവരം ഹാജരാകാന്‍ കഴിയാത്ത കാരണം സഹിതം മടക്കതപാലില്‍ അറിയി ക്കണം. അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പരാതിക്കാരന്റെയും എതിര്‍കക്ഷികളുടെയും മൊഴിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെയും കക്ഷികളുടെയും തീയതിയോടുകുടിയ ഒപ്പ് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ഈ നിര്‍ദേശങ്ങളെല്ലാം അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് വെള്ളത്തിലെ വരയായി.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















