ആലപ്പുഴ: കോൺഗ്രസിൻ്റെ സമരാഗ്നി പരിപ്പാടിക്കിടെ ആലപ്പുഴയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് എത്താൻ വൈകിയതിൽ കെപിസിസി പ്രസിഡൻ്റ് അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി വി.ഡി. സതീശൻ. കെ. സുധാകരൻ നിഷ്‌കളങ്കമായി പറഞ്ഞതാണെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. സുധാകരനും താനും ജ്യേഷ്ഠാനുജൻമാരെപ്പോലെയാണ്.അതുകൊണ്ട് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആരാണെങ്കിലും സുധാകരേട്ടൻ പറഞ്ഞ ആ വാക്ക് തന്നെ പറയും. നിങ്ങളാണെങ്കിലും അതു തന്നെ പറയുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
അടുത്ത സുഹൃത്തുക്കൾ തമ്മിലുള്ള സംസാരത്തിനിടയിൽ പറയുന്നതാണ് അദ്ദേഹം പറഞ്ഞത്. നിങ്ങളാണെങ്കിലും അതു തന്നെ പറയുകയുള്ളു. നിങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹമത് പറഞ്ഞത്. മുൻകൂട്ടി വാർത്താസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്ന് വൈകി ഒരാൾ കാത്തിരിക്കുമ്പോൾ പറയുന്നതാണത്. ഒരാൾ കാത്തിരുന്നാൽ അസ്വസ്ഥനാകില്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
“എഐസി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സ്ഥലത്തുള്ളതിനാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചില ചർച്ചകൾ രാവിലെ നടന്നിരുന്നു. അതിന് ശേഷം മറ്റൊരു പരിപാടിയിൽ പങ്കെടുക്കേണ്ടി വന്നതിനാലാണ് വൈകിയത്. സഹപ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതല്ലേ അദ്ദേഹം പറഞ്ഞത്? അതിന്‍റെ അപ്പുറത്ത് എന്താ ഉള്ളത്. അവൻ എവിടെ പോയി കിടക്കുവാ എന്ന് ചോദിച്ചു “- സതീശൻ പറഞ്ഞു
“നിങ്ങൾ വരുമ്പോൾ നിങ്ങളുടെ കാമറാമാനെ കണ്ടില്ലെങ്കിൽ നിങ്ങൾ ചോദിക്കില്ലേ അവൻ എവിടെ പോയികിടക്കുവാ എന്ന്. അത്ര തന്നെ ഉള്ളൂ. അതിനപ്പുറത്തേക്ക് ഒന്നുമില്ല. അതു പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. നിങ്ങളിത് വല്യ വാർത്തയാക്കേണ്ട. ഹൈക്കമാൻഡ് ഇടപെട്ടു, ഹൈക്കമാൻഡ് ഇടപെട്ടു, താക്കീത് നൽകി, രാജി ഭീഷണി മുഴക്കി, ഇങ്ങനെ എന്തല്ലാം വാർത്തകളാണ് നൽകിയത്.സമ്മതിച്ചു ഞാൻ” – എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.
ആലപ്പുഴയിൽ സംഭവിച്ചത്
വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ എത്താൻ വൈകിയതിനെ തുടർന്ന് ബാബു പ്രസാദിനോട് സതീശന്‍ എവിടെയെന്ന് സുധാകരന്‍ അന്വേഷിച്ചു.
‘ഒന്ന് വിളിച്ച് നോക്കാന്‍ പറ, ഇയാൾ എവിടെയെന്ന്. ഇയാള്‍ എന്ത്…( അസഭ്യം) പത്രക്കാരോട് പറഞ്ഞിട്ട് എന്തൊരു മോശമാണിത്’ -സുധാകരന്‍ ചോദിച്ചു.
ഇതോടെ ഷാനിമോള്‍ ഉസ്മാന്‍ ഇടപെട്ടു. മൈക്ക് ഓണ്‍ ആണെന്ന് ഷാനിമോള്‍ ഉസ്മാനും പ്രസിഡന്റേ, ക്യാമറയും ഓണാണെന്ന് ബാബു പ്രസാദും ഓര്‍മിപ്പിച്ചു. ഇതോടെ സുധാകരന്‍ പിൻമാറി. പിന്നീട് സതീശന്‍ എത്തിയ ശേഷം അദ്ദേഹത്തോട് സുധാകരന്‍ നീരസം കാട്ടിയില്ല. ഇരുവരും പരസ്പരം സംസാരിക്കുകയും ഒന്നിച്ച് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.
ഏതാനും മാസങ്ങൾക്ക് മുൻപ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ആദ്യം ആര് സംസാരിക്കണം എന്നത് സംബന്ധിച്ച് സുധാകരനും സതീശനും തമ്മിലുള്ള ഭിന്നത വലിയ വിവാദമായിരുന്നു. വാര്‍ത്തസമ്മേളനത്തിൽ മൈക്കിനും കാമറയ്ക്കും മുന്നിൽവെച്ച് സുധാകരനും സതീശനും അടിപിടിക്ക് സമാനമായ സംഭവമാണ് ഇന്നും ഉണ്ടായത്.
















