ആലുവ: ആലുവ കുട്ടമശ്ശേരിയിൽ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ ആശപത്രിവിട്ടു. ഫെബ്രുവരി 13 ന് രാവിലെ പിതാവിനൊപ്പം ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഏഴു വയസുകാരൻ നിഷികാന്ത് അപകടത്തിൽപ്പെട്ടത്. ആലുവ രാജഗിരി ആശുപത്രിയിലെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു നിഷികാന്ത്. സംഭവത്തിൽ വാഹനം ഓടിച്ച നെടുമ്പാശ്ശേരി സ്വദേശി ഷാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ നിഷികാന്ത് റോഡിലേക്ക് തെറിച്ച് വീഴുകയും പിന്നാലെ വന്ന കാർ ദേഹത്ത് കൂടി കയറി ഇറങ്ങി ഗുരുതരമായി പരുക്കേൽക്കുകയുമായിരുന്നു. അപകടത്തിൽ തലയ്ക്കും, ആന്തരാവയവങ്ങൾക്കും സാരമായി പരുക്കേറ്റു. തുടർന്ന് നിഷികാന്തിനെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാജഗിരിയിലെ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം മേധാവി ഡോ. സൌമ്യ മേരി തോമസ്സിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചായിരുന്നു പിന്നീടുളള ചികിത്സ. തലച്ചോറിന് ഉണ്ടായ പരുക്കിനെ തുടർന്ന് മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു നിഷികാന്ത്.
തലച്ചോറിലെ വീക്കം നിയന്ത്രണത്തിൽ ആക്കുകയായിരുന്നു പ്രധാന വെല്ലുവിളി.തലച്ചോറിലെ വീക്കം കുറഞ്ഞതോടെ നിഷികാന്തിന്റെ ചികിത്സാ ചുമതല പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ.ദർശൻ ജയറാം ഏറ്റെടുത്തിരുന്നു. ജീവൻ നഷ്ടമാകുമായിരുന്ന അവസ്ഥയിൽ നിന്നും നിഷികാന്തിനെ തിരികെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാൻ സാധിച്ചത് പിഐസിയു യൂണിറ്റിന്റെ കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണെന്ന് ഡോ.ദർശൻ ജയറാം പറഞ്ഞു.
ആലുവ കുട്ടമശ്ശേരി ആനിക്കാട് വച്ചായിരുന്നു അപകടം. അച്ഛൻ പ്രജിത്തിനൊപ്പം ആശുപത്രിയിൽ പോയി ഓട്ടോറിക്ഷയിൽ മടങ്ങുന്നതിനിടെയാണ് കുട്ടി റോഡിലേക്ക് വീണത്. പിന്നാലെയെത്തിയ കാർ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി നിർത്താതെ പോയി. എന്നാൽ കുട്ടിയെ ഇടിച്ച കാര്‍ കണ്ടെത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും കാര്‍ കണ്ടെത്താനോ ഡ്രൈവ് ചെയ്തവരെ വിളിച്ചുവരുത്താനോ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം വാര്‍ത്തയായതോടെയാണ് പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.
കങ്ങരപ്പടിയിൽ നിന്നാണ് പിന്നീട് കാര്‍ കണ്ടെത്തിയത്. തൃക്കാക്കരയിലെ രഞ്ജിനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാര്‍. ഇവരുടെ സുഹൃത്ത് നെടുമ്പാശേരി സ്വദേശി ഷാനാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത്. രഞ്ജിനിയും ഒപ്പമുണ്ടായിരുന്നു. കുട്ടി കാറിനടയിൽപ്പെട്ടത് ശ്രദ്ധിച്ചില്ലെന്നാണ് ഷാൻ മൊഴി നൽകിയത്. സംഭവത്തിൽ രണ്ട് പേരെയും പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
Read more…
- സത്യനാഥന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റു, ആഴത്തില്‍ ആറ് മുറിവുകള്‍; കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്തി
- പി.കെ.കുഞ്ഞനന്തൻ ജയിലിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത് അന്വേഷിക്കണം; എവിടെ പോയി നില്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാം: വി.ഡി.സതീശൻ
- പ്ലസ് വൺ പുസ്തകത്തിലെ ഭരണഘടനാവിരുദ്ധത തിരുത്തും; പിശക് ശ്രദ്ധയിൽപ്പെട്ടത് ഇപ്പോൾ: മന്ത്രി വി ശിവൻകുട്ടി
- ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധി : അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കമൽ നാഥ്
















