ആനി രാജയുടെ വരവിന് പിന്നിൽ സിപിഎം; ലക്ഷ്യം രാഹുൽ കേരളത്തിൽ മത്സരിക്കുന്നത് തടയുക; തമിഴ്നാട്ടിൽ യുവരാജാവിന് സുരക്ഷിത മണ്ഡലമൊരുക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: വയനാട്ടിൽ സിപിഐ ദേശീയ നേതാവ് ആനി രാജ മത്സരിക്കാനിറങ്ങിയതിന് പിന്നിൽ ഇടതുപക്ഷത്തിൻ്റെ കൃത്യമായ പ്ലാൻ. നിലവിൽ കേരളത്തിൽ പരസ്പരം പോരടിക്കുന്നെങ്കിലും ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികളാണ് കോൺഗ്രസും, സിപിഎം ഉം സിപിഐയും. രാഹുൽ ഗാന്ധിക്കെതിരെ സിപിഐയുടെ ഏറ്റവും കരുത്തയായ സ്ഥാനാർത്ഥിയെ രംഗത്തിറക്കുക വഴി കേരളത്തിൽ നിന്നും രാഹുൽ ഗാന്ധിയെ മത്സര രംഗത്ത് നിന്നും തടയുക എന്ന ലക്ഷ്യമാണ് ഇടതു മുന്നണി നടപ്പാക്കിയത്.

നിലവിൽ ഇടത് മുന്നണിക്ക് കേരളത്തിൽ ൽ നിന്ന് ഒന്നും തമിഴ്നാട്ടിൽ നിന്നും നാല് അംഗങ്ങളാണ് ലോക്സഭയിൽ ഉള്ളത്. തമിഴ്നാട്ടിൽ സിപിഎമ്മിനുംനും സിപിഐക്കും രണ്ട് സീറ്റുകളാണുള്ളത്. കേരളത്തിൽ സിപിഐക്ക് സീറ്റുകളില്ല. പഴയ ശക്തികേന്ദ്രമായ ബംഗാളിൽ പാർട്ടി വട്ടപ്പൂജ്യമാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നും ഇത്തവണ പരമാവധി സീറ്റുകൾ സ്വന്തമാക്കി അംഗബലം കൂട്ടാനാണ് ഇടതു മുന്നണിയുടെ ശ്രമം. സിപിഎമ്മിൻ്റെ സമ്മർദഫലമായിട്ടാണ് വയനാട്ടിൽ ആനി രാജ മത്സരിക്കാനിറങ്ങിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രാഹുൽ ഫാക്ടർ കൂടി വർക്ക് ചെയ്തതു കൊണ്ടാണ് സിപിഎമ്മിനും സിപിഐക്കും വലിയ തിരിച്ചടി നേരിട്ടത് എന്ന തിരിച്ചറിവാണ് ഇടത് മുന്നണിയെ ഇങ്ങനെയൊരു തന്ത്രത്തിന് പ്രേരിപ്പിച്ചത്. ഇൻഡ്യ മുന്നണിയുടെ രൂപീകരണത്തിന് ശേഷം വയനാട്ടിൽ മത്സരിക്കണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു രാഹുൽ എന്നാണ് ചില കോൺഗ്രസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. അതിനാൽ വയനാടിന് പുറമേ തമിഴ്നാട്, കർണാക എന്നിവിടങ്ങളിലെ സുരക്ഷിതമണ്ഡലങ്ങൾ രാഹുലിന് വേണ്ടി പാർട്ടി നേതൃത്വം നോക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യ മുന്നണിയുടെ അമരക്കാരൻ എന്ന് വിശേഷിപ്പിക്കുന്ന രാഹുൽ മുന്നണിയിലെ മറ്റൊരു പ്രബല സഖ്യകക്ഷിയായ ഇടതുപക്ഷവുമായി വിശേഷിച്ച് ഒരു ദേശീയ നേതാവിനോട്   നേരിട്ടു മത്സരിക്കുന്നത് ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ ശക്തി ചേർത്തുമെന്ന ഉപദേശം രാഹുലിന് ലഭിച്ചതായിട്ടാണ് വിവരം. രാഹുലും ആനിയും തമ്മിൽ ഏറ്റുമുട്ടിയാൽ അത് ദേശീയ രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചയാകും. ഇൻഡ്യ മുന്നണിയിലെ ഈ ചക്കളത്തിപ്പോര് ബിജെപി രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യും എന്ന തിരിച്ചറിവിൽ നിന്നും രാഹുൽ മണ്ഡലം മാറുമെന്നാണ് സൂചനകൾ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കേണ്ടത് ദേശീയ ഇടത് മുന്നണിയുടെ ഭാഗവും കേരളത്തിൽ യുഡിഎഫിൽ ഉള്ളതുമായ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജനായിരുന്നു. എന്നാൽ ഇടത് പാർട്ടിയായ സിപിഎം പിബി അംഗത്തിനെതിരെ മറ്റൊരു ഇടതുപാർട്ടിയായ ഫോർവേഡ് ബ്ലോക്കിൻ്റെ അഖിലേന്ത്യാ സെക്രട്ടറി മത്സരിക്കുന്നത് ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടി ദേവരാജൻ പിൻമാറുകയായിരുന്നു. ഇത് ദേശീയ തലത്തിൽ ഇടതു മുന്നണിയുടെ ബിജെപിക്കെതിരായ പോരാട്ടത്തെ ബാധിക്കുമെന്നായിരുന്നു അതിന് കാരണം പറഞ്ഞത്. സമാനമായ അവസ്ഥയിലാണ് നിലവിൽ കോൺഗ്രസും രാഹുലും. എന്തായിരുന്നു ആനി രാജയുടെ സ്ഥാനാർത്ഥിത്വം വഴി ഇടത് മുന്നണി ലക്ഷ്യം വെച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് മന്ത്രി പി രാജീവ് നടത്തിയ പ്രസ്താവന.

“ഇടതുപക്ഷത്തിനെതിരെ കേരളത്തിൽ മത്സരിക്കണോ എന്നു തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും രാജീവ് പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തിൽ എന്നും മുന്നില്‍ നിൽക്കുന്നത് ഇടതുപക്ഷമാണ്.” – എന്നായിരുന്നു രാജീവ് പറഞ്ഞത്.
 
വയനാട്ടിൽ മത്സരിച്ചില്ലെങ്കിൽ രാഹുലിനായി വിവിധ മണ്ഡലങ്ങൾ കണ്ടെത്തിയതായും വിവരമുണ്ട്.  രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ മത്സരിച്ചേക്കുമെന്നും സൂചനകളുണ്ട്. നിലവില്‍ കോണ്‍ഗ്രസിലെ വിജയ് വസന്താണ് അവിടെ നിന്നുള്ള ലോക്സഭാംഗം.  സുരക്ഷിതമായ സീറ്റ് എന്ന നിലയിലാണു കന്യാകുമാരിയെ പാര്‍ട്ടി കാണുന്നത്. ഇവിടെ മത്സരിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ആകെ രാഹുലിന്റെ പ്രഭാവം നിലനിര്‍ത്താന്‍ കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

ഡി എം കെ- ഇടതുപക്ഷ സഖ്യത്തിനോടൊപ്പം നിന്ന് ബിജെപിക്ക് എതിരെ മത്സരിക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ മതേതര സഖ്യത്തെ ബലപ്പെടുത്താനും ഇൻഡ്യ സഖ്യം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാനും അതുവഴി കഴിയുമെന്നാണു കണക്കുകൂട്ടല്‍.മത്സരം ബി ജെ പിക്കെതിരെയാണെന്നു വരുത്താനും കന്യകുമാരിയിലേക്കുളള മാറ്റം കൊണ്ടു സാധ്യമാവുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുലിനായി കന്യാകുമാരിയും ബംഗളൂരു റൂറലും പരിഗണിച്ചിരുന്നു. എന്നാല്‍ കേരള നേതാക്കളുടെ സമ്മര്‍ദ്ദത്തിന്  രാഹുൽ വയനാട്ടിലെത്തിയത്. ഈ ഒറ്റ തീരുമാനം ഹിന്ദി ഹൃദയ ഭൂമിയിൽ കോണ്‍ഗ്രസിന് കനത്ത ക്ഷീണമുണ്ടാക്കി. വയനാട്ടിലെ യുഡിഎഫ് റാലിയിലെ ലീഗ് പതാക പോലും ബി ജെ പി ഉത്തരേന്ത്യയില്‍ രാഹുലിനെതിരെ പ്രചാരണത്തിന് ഉപയോഗിച്ചു.ഇത് പാർട്ടിക്ക് തിരിച്ചടിയായി. രാഹുൽ വയനാട്ടിൽ മത്സരിച്ചത് കൊണ്ടാണ് മൂന്നക്കം പോലും കടക്കാൻ പാർട്ടിക്ക്  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേടാൻ കഴിയാതെ പോയതെന്ന വിമർശനവുമുണ്ട്.

 

രാഹുല്‍ കന്യാകുമാരിയിലേക്ക് നീങ്ങുകയാണെങ്കില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉറച്ച സീറ്റ് എന്ന നിലയില്‍ വയനാട്ടില്‍ മത്സരിക്കാനും സാധ്യതയുണ്ട്.നിലവിൽ എംഎം ഹസൻ്റെ പേരാണ് ഉയർന്ന് കേൾക്കുന്നതെങ്കിലും വയനാട്ടിൽ രാഹുൽ നിർബന്ധിച്ചാൽ വേണുഗോപാൽ കളത്തിലിറങ്ങും. ആനി രാജക്കെതിരെ ഹസൻ മത്സരിച്ചാൽ രാഹുലിൻ്റെ പിൻമാറ്റം കൊണ്ട് തന്നെ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ഇടതു മുന്നണിക്ക് ഇരട്ടി മധുരമായി അത് മാറും. വയനാട്ടിൽ ആനിക്കെതിരെ ഹസൻ മത്സരിച്ചാൽ യുഡിഎഫ് പൊന്നാപുരം കോട്ട ഇക്കുറി ഇടത്തേക്ക് ചായും എന്ന് കോൺഗ്രസിൽ തന്നെ അഭിപ്രായമുണ്ട്രാഹുലിനു വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഉറച്ച സീറ്റുകള്‍ ഓഫര്‍ വരുന്നുണ്ട്. അധികം വൈകാതെ ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുമെന്നാണു പാര്‍ട്ടി കേന്ദ്രങ്ങൾ പറയുന്നത്.