ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. സ്ഥാനാര്‍ത്ഥികളെ തേടി മുന്നണികള്‍ പരക്കം പായുന്ന കാലം. കൈയ്യില്‍ കിട്ടുന്നവരെയും കണ്ണില്‍ കാണുന്നവരെയും സ്താനാര്‍ത്ഥിയാക്കുന്ന പഴയകാലമല്ല. ശക്തവും ജനകീയവുമായ സ്ഥാനാര്‍ത്ഥി തന്നെവേണം. അങ്ങനെ കണ്ടെത്താന്‍ കഴിയുന്ന ഒരു ഒരേയൊരു മേഖല മാത്രമേ കേരളത്തിലുള്ളൂ. അതാണ് സിനിമാ മേഖല. തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഒരുപോലെയാണ്. സിനിമാക്കാര്‍ ഭരിക്കുന്ന ഇടംകൂടിയാണ് തമിഴ്‌നാട്. എന്നാല്‍, കേരളത്തിന്റെ രാഷ്ട്രീയം സിനിമയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളില്ല. രാഷ്ട്രീയക്കാരെ സിനിമയും.

ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടു വേണം സിനിമാ മേഖലയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ടത്. ബി.ജെ.പിയുടെ ഐക്കണ്‍ സ്ഥാനാര്‍ത്തിയായ സുരേഷ് ഗോപിക്കു പിന്നാലെ നടി ശോഭന മത്സരിക്കാന്‍ ഇറങ്ങുമെന്നാണ് സൂചനകള്‍. മണിച്ചിത്രത്താഴിലെ നകുലനും നാഗവല്ലിയും തൃശൂരും തിരുവനന്തപുരത്തുമായി ബിജെ.പി സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ വിജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് അണികളും. അടുത്ത കാലത്തൊന്നും കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയില്ലെന്ന് അറിയാമെങ്കിലും ദേശീയ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ അതിന്റെ കുറച്ചില്‍ പ്രധാനമന്ത്രിക്കാണ്.

അതുകൊണ്ട് സിനിമാ താരങ്ങളെ മുന്നില്‍ നിര്‍ത്തി, രാഷ്ട്രീയക്കാര്‍ പിന്നില്‍ നിന്നുള്ള തമിഴ്‌നാട് രാഷ്ട്രീയ അടവാണ് ബി.ജെ.പി എടുത്തിരിക്കുന്നത്. നേരത്തെ ഭീമന്‍ രഘു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു. ക്രിക്കറ്റ് താരം ശ്രീ ശാന്തും മത്സരിച്ചിരുന്നു. ഇവരാരും പച്ചതൊട്ടില്ലെന്നു മാത്രമനല്ല, ബി.ജെ.പി പ്രവര്‍ത്തനം തന്നെ ശ്രീശാന്ത് നിര്‍ത്തി. ഭീമന്‍ രഘുവാകട്ടെ പാര്‍ട്ടിയും മാറി. വിപ്ലവ വഴിയില്‍ ഒരേ നില്‍പ്പ് നില്‍ക്കുകയാണ്. ഇനിയും നടന്‍മാരുണ്ട് ൂി.ജെ.പിയുടെ പട്ടികയില്‍. പക്ഷെ, അവരൊന്നും സിനമിയിലും രാഷ്ട്രീയത്തിലും ജനകീയത കൈവരിച്ചവരല്ല. അടുത്തിടെ കൃഷിക്കാരുടെ വിഷയം ഉയര്‍ത്തി രംഗത്തെത്തിയ യുവനടന്‍ ജയസൂര്യ പ്രതീക്ഷ നല്‍കിയതായിരുന്നു. എന്നാല്‍, മത്സരരംഗത്തേക്ക് വരാന്‍ അദ്ദേഹം മടികാണിച്ചെന്നാണ് സൂചന.

നടന്‍ കെ. കൃഷ്ണ കുമാറിന് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത ഉണ്ടായിരുന്നതാണ്. എന്നാല്‍, അടുത്തിടെ അദ്ദേഹം നടത്തിയ കുമ്പിളില്‍ പഴങ്കഞ്ഞി കുടിയുടെ പ്രസ്താവന തിരിച്ചടിയായി. സുരേഷ് ഗോപിയുടെ പകുതി രാഷ്ട്രീയക്കാരനും പകുതി സിനിമാക്കാരനുമായുള്ള നീക്കം തൃശൂരില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, വിജയത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാറിന്റെ വാദം. തൃശൂര്‍ ഇങ്ങെടുത്തപ്പോള്‍ കിട്ടിയ പണി തന്നെ ഇത്തവണയും പ്രതീക്ഷിച്ചാല്‍ മതിയെന്നും ഇടതനുകൂലികള്‍ പറയുന്നു.

അതേസമയം, ഇടതുപക്ഷം എം. മുകേഷിനെ മാത്രമേ സിനിമാ രംഗത്തു നിന്നും ഇറക്കിയിട്ടുള്ളൂ. എന്നാല്‍, ഇരിങ്ങാലക്കുടയില്‍ മഞ്ജു വാര്യരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമൊക്കെ നടത്തി നോക്കിയെങ്കിലും പാളിപ്പോയി. സംവിധായകന്‍ ആഷിഖ് അബുവിനെയോ ഭാര്യ റിമാ കല്ലിംഗലിനെയോ സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സി.പി.എം പൂര്‍ത്തിയാക്കിയത്. ഇനി അറിയേണ്ടത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കുന്ന സിനിമാക്കാര്‍ ആരാണെന്നാണ്. ജഗദീഷ് നേരത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്. ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും കോണ്‍ഗ്രസ് സീറ്റില്‍ മത്സരിച്ചിരുന്നു. രണ്ടു പേരും തോറ്റതോടെ കോണ്‍ഗ്രസ് വിടാതെ നിശബ്ദരായി. ധര്‍മ്മജന്‍ അല്‍പ്പംകൂടി കടന്ന് കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുകയും ചെയ്തു.

ഇത്തവണ ആലപ്പുഴ സീറ്റില്‍ നടന്‍ സിദ്ദീഖിനെ പരിഗണിക്കുന്നുണ്ടെന്ന അഭ്യാഹങ്ങളുണ്ട്. തീരുമാനം ആയിട്ടില്ല. നടന്‍ രമേശ് പിഷാരഡിയെയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍. പക്ഷെ, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. അതുകൊണ്ട് സിനിമാ മേഖലയിലെ സ്ഥാനാര്‍ത്തികള്‍ക്ക് പരിഗണന കൊടുക്കുന്നുണ്ടോ എന്നറിയാന്‍ വൈകും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















