മലപ്പുറം: ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യമായ ഇൻഡ്യ മുന്നണിയെക്കുറിച്ച് പ്രതികരിച്ച് സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. മുന്നണിയെ കുറിച്ച് നിലവിൽ എന്തെങ്കിലും പറയാനുള്ള സാഹചര്യമായിട്ടില്ലെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. മുന്നണി നിലനിൽക്കുമോയെന്നത് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡ്യ മുന്നണിയിലെ ഘടകകക്ഷികൾ ദിനംപ്രതി മുന്നണി വിടുന്നുണ്ട്. എൻഡിഎയിലും ഇത്തരത്തിൽ കൊഴിഞ്ഞുപോക്കുണ്ടാകാറുണ്ടെന്ന്ന്നും കാന്തപുരം ചൂണ്ടിക്കാട്ടി. മലപ്പുറത്ത് മാധ്യമപ്രവർത്തരോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
പൗരത്വ നിയമത്തിനെതിരെയും രാജ്യത്തെ ആരാധനാലയങ്ങളുടെ സംരക്ഷണത്തെ കുറിച്ചും സംഘടന നേരത്തെ തന്നെ നിലപാട് പൊതു സമൂഹത്തിൽ വ്യക്തമാക്കിയതാണ്.ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ പോലും ആരെന്ന് പാർട്ടികൾ തീരുമാനിക്കാത്ത സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ കുറിച്ച് ഒന്നും പറയാനാവില്ല. സംഘടനയുടെ രാഷ്ട്രീയ നിലപാട് സമയമാകുമ്പോൾ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന് മുമ്പേ സംഘടനയുടെ അഭിപ്രായം വ്യക്തമാക്കുമെന്നും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
















