തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി.ഫെബ്രുവരി 26 ന് ദേശിയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും. പന്ന്യൻ രവീന്ദ്രനെ തിരുവനന്തപുരത്തും സി.എ.അനിൽകുമാറിനെ മാവേലിക്കരയിലും വി.എസ്. സുനിൽ കുമാറിനെ തൃശൂരിലും ആനി രാജയെ വയനാട്ടിലും മത്സരിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരത്ത് മന്ത്രി ജി.ആർ.അനിലിൻ്റെ പേരും പാർട്ടി പരിഗണിച്ചിരുന്നെങ്കിലും പന്ന്യനെ മത്സരിപ്പിക്കാൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ദേശീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും.
രാഹുല്‍ ഗാന്ധി തന്നെയാകും ഇത്തവണയും വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എന്നാണ് പുറത്തുവരുന്ന വിവരം. അതോടെ മണ്ഡലം ദേശീയ തലത്തില്‍ ചര്‍ച്ചയാകുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ആനി രാജയെ പോലെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന നേതാവ് എതിര്‍ സ്ഥാനാര്‍ഥിയാകണമെന്ന് എല്‍ഡിഎഫും സിപിഐയും നിലപാടെടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് നിലവിൽ ആനി രാജ. പാർട്ടി പറഞ്ഞാൽ വയനാട്ടിൽ മത്സരിക്കുമെന്ന് ആനി രാജ വ്യക്തമാക്കിയിരുന്നു.
എൽഡിഎഫിലെ ധാരണ പ്രകാരം സിപിഎം- 15 സിപിഐ- 4 കേരള കോൺഗ്രസ് (എം) – 1 എന്നിങ്ങനെയാണ് സീറ്റ് വിഭജനം നടന്നത്. മാണി കോൺഗ്രസിൻ്റെ സീറ്റായ കോട്ടയത്ത് തോമസ് ചാഴിക്കാടനാണ് സ്ഥാനാർത്ഥി. സിപിഎമ്മിൻ്റെ സ്ഥാനാർത്ഥി പട്ടിക കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ മാസം 26 ന് സിപിഎമ്മും ഔദ്യോഗികമായി പ്രഖ്യാപിക്കും.
വടകരയിൽ കെ.കെ. ശൈലജ, ചാലക്കുടിയിൽ സി രവീന്ദ്രനാഥ്, പത്തനംതിട്ടയിൽ ടി എം തോമസ് ഐസക്, ആറ്റിങ്ങലിൽ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈൻ, ഇടുക്കിയിൽ ജോയ്‌സ് ജോർജ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയിൽ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവർ സ്ഥാനാർത്ഥികളാവും. മലപ്പുറത്ത് ഡിവൈഎഫ്‌ഐ നേതാവ് വി വസീഫ്, കണ്ണൂരിൽ എംവി ജയരാജൻ, കാസർകോട് എംവി ബാലകൃഷ്ണൻ, പാലക്കാട് എ വിജയരാഘവൻ, ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ എന്നിവരും സിപിഎമ്മിനായി കളത്തിലിറങ്ങും.
















