തൃശ്ശൂർ: ഗവേഷണവും വിഷയ വൈവിധ്യ വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനായി സർവകലാശാലകൾക്കനുവദിക്കുന്ന കേന്ദ്ര ഫണ്ടിന്റെ ആദ്യഘട്ടം കേരളത്തിനില്ല. രണ്ടാംഘട്ടത്തിനായാണ് ഇനി കാത്തിരിപ്പ്. എന്നാൽ, ആദ്യഘട്ടത്തിലേതുപോലെയുള്ള അവസരം രണ്ടാംഘട്ടത്തിലുണ്ടാകില്ല. ദേശീയ വിദ്യാഭ്യാസനയം സംബന്ധിച്ച രാഷ്ട്രീയനിലപാടുകളിലാണ് സർവകലശാലകളുടെ വികസനം കുരുങ്ങിയത്. ഇതിനുപുറമേ സംസ്ഥാനത്തെ നാലു കോളേജുകൾക്ക് റൂസയിൽ അനുവദിച്ച 11 കോടിരൂപയുടെ സഹായവും നടപടികളിലെ മെല്ലെപ്പോക്കുകാരണം നഷ്ടമായി.
സാർവത്രിക ഉന്നതവിദ്യാഭ്യാസത്തിന് ആവിഷ്‌കരിച്ച റൂസയുടെ പുതിയ പതിപ്പാണ് ‘പി.എം. ഉഷ’ പദ്ധതി. റൂസയിൽ അനുവദിച്ച പണത്തിന്റെ ഭൂരിഭാഗവും മരാമത്ത് പ്രവൃത്തികൾക്ക് ചെലവാക്കിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് കൃത്യമായ മാനദണ്ഡം ആവിഷ്കരിച്ചത്. ഇതുപ്രകാരം അപേക്ഷ സമർപ്പിക്കുമ്പോൾ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുമെന്ന ഉറപ്പ് എഴുതിനൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. അവസാനനിമിഷമാണ് കേരളം അപേക്ഷ നൽകിയത്. ഇതിൽ ഈ ഭാഗം പൂരിപ്പിച്ചിരുന്നില്ല. അപേക്ഷ തിരിച്ചയച്ച കേന്ദ്രം മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്നാണ് വിവരങ്ങളെല്ലാം രേഖപ്പെടുത്തിയ അപേക്ഷ സ്വീകരിച്ചത്.
കേരളത്തിന് സമാനമായ നിലപാടാണ് തമിഴ്നാടും പശ്ചിമബംഗാളും സ്വീകരിച്ചത്. ഡൽഹിയിൽനടന്ന യോഗത്തിൽ ഏകദേശം 2600 കോടിരൂപവരുന്ന 26 പദ്ധതികൾക്കാണ് ആദ്യഘട്ടാനുമതിയായത്. ഇതിൽ കേരളമുൾപ്പെടെ മൂന്നു സംസ്ഥാനങ്ങളിലെയും സർവകലാശാലകളില്ല. എന്നാൽ, കേരളത്തിലെ സർവകലാശാലകളെക്കാൾ കുറഞ്ഞനിലവാരമുള്ളവ പട്ടികയിൽ കയറിക്കൂടി. ഇനി ഒൻപത് ഗുണഭോക്താക്കളെയാണ് കണ്ടെത്താനുള്ളത്. ഇതിൽ കേരളത്തിലെ സർവകലശാലകൾക്ക് മത്സരിക്കേണ്ടിവരുക ബംഗാളിലെയും തമിഴ്‌നാട്ടിലെയും മികച്ച സ്ഥാപനങ്ങളുമായാണ്.
സർവകലാശാലകളുടെ ശാക്തീകരണമെന്ന രണ്ടാംവിഭാഗത്തിൽ 73 സ്ഥാപനങ്ങൾക്കാണ് സഹായം. ആദ്യഘട്ടമായി 52 എണ്ണത്തിനാണ് പരമാവധി 20 കോടി രൂപവരെ അനുവദിച്ചത്. ഈയിനത്തിൽ 21 സ്ഥാപനങ്ങൾക്കുകൂടി തുക അനുവദിക്കാനുണ്ട്. റൂസയുടെ രണ്ടാംഘട്ടത്തിൽ തുക അനുവദിച്ച 144 സ്ഥാപനങ്ങൾക്കുള്ള സഹായം റദ്ദുചെയ്തതും കേരളത്തിന് തിരിച്ചടിയായി. ഇതിൽ എറണാകുളം മഹാരാജാസ് (അഞ്ച് കോടി), പയ്യന്നൂർ കോളേജ് (രണ്ട്), ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് (രണ്ട്), തുമ്പ സെയ്‌ന്റ് സേവ്യേഴ്‌സ് (രണ്ട്) എന്നിങ്ങനെയാണ് റദ്ദാക്കിയത്.
Read More:
- 23 വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഇന്ന്; 88 സ്ഥാനാർത്ഥികൾ സ്ത്രീകൾ
- മുഖ്യമന്ത്രിയുടെ മുഖാമുഖം: നവകേരള സ്ത്രീ സദസ് ഇന്ന്; വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകൾ പങ്കെടുക്കും
- അറസ്റ്റിൻ്റെ നിഴലിലുള്ള കെ.എം.എബ്രഹാമിന് ക്യാബിനറ്റ് പദവി; പൂച്ചപെറ്റ് കിടക്കുന്ന ഖജനാവിന് കോടികൾ നഷ്ടമുണ്ടാക്കുന്ന തീരുമാനത്തിന് പിന്നിലെന്ത്? അടുത്ത ക്യാബിനറ്റ് പദവിയിൽ എത്താൻ പോകുന്ന അവതാരം ആര്?
- ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്
- ചൂട് കൂടുന്നു; 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക