ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്; തട്ടിപ്പ് സംഘത്തെ പിടികൂടിയത് ഗുജറാത്തിൽ നിന്ന്

കോഴിക്കോട്: ലോൺ ആപ്പ് തട്ടിപ്പിൽ കേരളത്തിലെ ആദ്യ അറസ്റ്റ്.  തട്ടിപ്പിനിരയായി വയനാട്ടിൽ അജയരാജ്44) യുവാവ് ജീവനൊടുക്കിയതിന്  കാരണമായ അന്ത:സംസ്ഥാന സംഘത്തിലെ 4 പേരെ വയനാട്  മീനങ്ങാടി പോലീസ് ഗുജറാത്തിൽനിന്നുമാണ്  അറസ്റ്റ് ചെയ്യുന്നത്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു കേസിൽ പ്രതികൾ അറസ്റ്റിലാവുന്നത്.

   യുവാവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ ഗുജറാത്ത് അമറേലി സ്വദേശികളായ ഖേറാനി സമിർഭായ് (30), കൽവത്തർ മുഹമ്മദ് ഫരിജ് (20), അലി അജിത്ത് ഭായ് (43) എന്നിവരെയും പ്രായപൂർത്തിയാവാത്ത ഒരാളെയുമാണ് വയനാട് ജില്ലാ പൊലീസ് മേധാവി ടി. നാരായണന്റെ നിർദേശപ്രകാരം മീനങ്ങാടി ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള  സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം  പിടികൂടിയത്.

   2023 സെപ്റ്റംബർ 15ന് പൂതാടി, താഴെമുണ്ട ചിറക്കൊന്നത്ത് വീട്ടിൽ സി.എസ്. അജയരാജ്  ആത്മഹത്യ ചെയ്തത്. കാൻഡി കാഷ് എന്ന വായ്പാ ആപ്പ് തട്ടിപ്പുസംഘം ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കു അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു അജയരാജ് ജീവനൊടുക്കിയത്.

   തുടക്കത്തിൽ  അസ്വാഭാവിക മരണത്തിന് മീനങ്ങാടി പൊലീസ് കേസെടുത്തു.തുടർന്ന്  നടത്തിയ അന്വേഷണത്തിൽ ലോൺ ആപ്പ് കെണിയിൽപ്പെട്ടാണ് അജയ്‌രാജ് ആത്മഹത്യ ചെയ്തതെന്ന് തെളിയുകയായിരുന്നു.വിദഗ്ധ പരിശോധന ക്കൊടുവിൽ ലോൺ ആപ്പിൻ്റെ ഉറവിടം കണ്ടെത്തുകയും ഗുജറാത്തിൽ പോയി പ്രതികളെ പൊലീസ് അതിസാഹസികമായി വലയിലാക്കുകയുമായിരുന്നു.

Read More:

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക