കര്‍ഷക മാർച്ചിന് നേരെ വീണ്ടും പൊലീസിൻ്റെ കണ്ണീര്‍വാതക പ്രയോഗം : അഞ്ചാംവട്ട ചര്‍ച്ചക്ക് താൽപര്യമറിയിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഡല്‍ഹി ചലോ മാർച്ചുമായി മുന്നേറുന്ന കർഷകർക്ക് നേരെ ശംഭു അതിർത്തിയില്‍ ഹരിയാന പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കർഷകർ ഇന്ന് രാവിലെ 11ഓടെ മാർച്ച്‌ പുന:രാരംഭിച്ചപ്പോഴാണ് പൊലീസ് അതിക്രം. അതേസമയം, കർഷകരുമായി വീണ്ടും ചർച്ച നടത്താൻ തയാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് കർഷകർ ഇന്ന് വീണ്ടും ഡല്‍ഹി ലക്ഷ്യമാക്കി മാർച്ച്‌ തുടങ്ങിയത്. ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവില്‍ തമ്ബടിച്ച സമരക്കാർ മാർച്ച്‌ ആരംഭിച്ചതും പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയായിരുന്നു. ബാരിക്കേഡുകള്‍ നീക്കാനായി കർഷകർ എത്തിച്ച ബുള്‍ഡോസറുകളും ക്രെയിനുകളും ഉടൻ മാറ്റണമെന്നും അല്ലെങ്കില്‍ ഉടമകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹരിയാന പൊലീസ് മുന്നറിയിപ്പ് നല്‍കി.
അതിനിടെ, കർഷകരുമായി അഞ്ചാംവട്ട ചർച്ചക്ക് ഒരുക്കമാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കർഷകർ ഉന്നയിക്കുന്ന എല്ലാ വിഷയത്തിലും ചർച്ച നടത്താൻ ഒരുക്കമാണെന്ന് കേന്ദ്ര മന്ത്രി അർജുൻ മുണ്ട പറഞ്ഞു. സമാധാനം നിലനിർത്തിക്കൊണ്ട് ചർച്ച നടത്തലാണ് പ്രധാനപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച നടത്തിയ നാലാംവട്ട ചർച്ച പരാജയമായിരുന്നു. കേന്ദ്രം മുന്നോട്ടുവെച്ച നിർദേശങ്ങള്‍ ചർച്ചചെയ്യുന്നതിനായി ഡല്‍ഹി ചലോ മാർച്ച്‌ താല്‍ക്കാലികമായി രണ്ടു ദിവസത്തേക്ക് നിർത്തിയിരുന്നു. ചോളം, പരുത്തി, മൂന്നിനം ധാന്യങ്ങള്‍ എന്നിവക്ക് മാത്രം അഞ്ചു വർഷത്തേക്ക് താങ്ങുവില ഏർപ്പെടുത്താമെന്നായിരുന്നു കേന്ദ്ര നിർദേശം. ഇത് കർഷക സംഘടനകള്‍ ചർച്ച ചെയ്ത് തള്ളി. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുംവരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം.



  

പഞ്ചാബില്‍ നിന്നുള്ള കർഷകരെ ഹരിയാന പൊലീസ് ശംഭു, കനൗരി അതിർത്തികളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ വെച്ചും കണ്ണീർവാതക ഷെല്ലുകള്‍ ഉപയോഗിച്ചും തടഞ്ഞിട്ടിരിക്കുകയാണ്. ഇത് മറികടക്കാനുള്ള സംവിധാനങ്ങളുമായാണ് ബുധനാഴ്ച വീണ്ടും സമരം പുനരാരംഭിച്ചത്. ബാരിക്കേഡുകള്‍ നീക്കാൻ മണ്ണുമാന്തി യന്ത്രങ്ങളും ക്രെയിനുകളും അതിർത്തികളിലേക്ക് എത്തിച്ചു. കൈകളില്‍ ധരിക്കാനുള്ള കൈയ്യുറകളും കണ്ണീർവാതകം പ്രതിരോധിക്കാനുള്ള മാസ്കുകളും വെള്ളം ചീറ്റുന്ന യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
 
Read more :

    

വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുക, എം.എസ്. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, കർഷകർക്കും കർഷകത്തൊഴിലാളികള്‍ക്കും പെൻഷൻ, രാജ്യവാപകമായി കാർഷിക, കർഷക തൊഴിലാളി കടം എഴുതിത്തള്ളുക, 2020ലെ സമരത്തിലെ കേസുകള്‍ പിൻവലിക്കുക, ലഖിംപുർ ഖേരി കർഷക കൂട്ടക്കൊലയിലെ ഇരകള്‍ക്ക് നീതി നല്‍കുക, ഇലക്‌ട്രിസിറ്റി ഭേദഗതി ബില്‍ 2023 പിൻവലിക്കുക, സ്വതന്ത്ര വ്യാപാര കരാറില്‍നിന്ന് ഇന്ത്യ പിന്തിരിയുക തുടങ്ങിയവയാണ് സമരത്തിന്‍റെ ആവശ്യങ്ങള്‍.