വാഷിങ്ടൺ: മൂന്നാംതവണയും ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം യു.എൻ രക്ഷാസമിതിയിൽ വീറ്റോ ചെയ്ത് യു.എസ്. ബന്ദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ വെടിനിർത്തൽ പ്രമേയം സ്വാധീനിക്കുമെന്നാണ് യു.എസ് വാദം. അൾജീരിയയാണ് യു.എൻ രക്ഷാസമിതിയിൽ പ്രമേയം കൊണ്ട് വന്നത്. യു.എസ് മാത്രമാണ് ഇതിനെ എതിർത്ത് വോട്ട് ചെയ്തത്.
യു.കെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നപ്പോൾ 13 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ 30,000ത്തോളം ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 20 ലക്ഷത്തോളം പേർ കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തിലും വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യു.എസ് നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
പ്രമേയത്തെ അനുകൂലിച്ചുള്ള ഓരോ വോട്ടും ഫലസ്തീനികളുടെ ജീവിക്കാനുള്ള അവകാശത്തിനുള്ള പിന്തുണയാണെന്ന് യു.എന്നിലെ അൾജീരിയൻ പ്രതിനിധി അമർ ബെൻഡാമ പറഞ്ഞു. എന്നാൽ, അതിനെതിരെ വോട്ട് ചെയ്യുന്നത് ക്രൂരമായ അക്രമത്തിന് പിന്തുണ നൽകുന്നതിനെ സൂചിപ്പിക്കുന്നുവെന്നും അൾജീരിയയുടെ നയതന്ത്രപ്രതിനിധി വ്യക്തമാക്കി.
വെടിനിർത്തലിനൊപ്പം അന്താരാഷ്ട്ര നീതിന്യായ കോടതി ജനുവരിയിൽ പുറപ്പെടുവിച്ച നിർദേശങ്ങൾ നടപ്പിലാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നുണ്ട്. സിവിലിയൻമാരെ സംരക്ഷിക്കണമെന്നും ഗസ്സക്കുള്ള സഹായം സുഗമമായി എത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിന് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇതൊന്നും ചെവിക്കൊള്ളാൻ ഇസ്രായേൽ തയാറായിട്ടില്ല.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ