ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് കർഷക വിരുദ്ധ നിലപാടുകൾക്ക് എതിരെ കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്. പഞ്ചാബ്–ഹരിയാന അതിർത്തിയിലെ പൊലീസ് ബാരിക്കേഡുകൾ മറികടക്കാൻ മണ്ണുമാന്തി യന്ത്രങ്ങങ്ങളും ഹൈഡ്രോളിക് ക്രെയിനുകളുമെല്ലാം ഇവർ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ശംഭു, ഫത്തേബാദ്, ജിൻഡ് തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ ഹരിയാന പൊലീസ് തീർത്ത പ്രതിരോധം മറികടക്കാനാണു കർഷകരുടെ തീരുമാനം.
അവസാന നിമിഷം കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് അനുനയമുണ്ടായില്ലെങ്കിൽ ഇന്നു പഞ്ചാബ്–ഹരിയാന അതിർത്തി പ്രദേശങ്ങളിലുൾപ്പെടെ വൻ സംഘർഷത്തിനു സാധ്യതയുണ്ട്. കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള 12 ആവശ്യങ്ങളുമായി സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച (കെഎംഎം) എന്നീ സംഘടനകളാണു 13ന് ദില്ലി ചലോ മാർച്ച് ആഹ്വാനം ചെയ്തിരുന്നത്. പ്രതിഷേധക്കാരെ ഹരിയാന പൊലീസ് അതിർത്തിയിൽ തടഞ്ഞു. കർഷകർക്കു നേരെ പൊലീസ് കണ്ണീർവാതക ഷെല്ലുകളും മറ്റും പ്രയോഗിച്ചതു വിമർശനത്തിനു കാരണമാകുകയും ചെയ്തു.
സംഘടനകളുമായി കേന്ദ്രസർക്കാർ 4 തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 5 വിളകൾക്ക് 5 വർഷത്തേക്കു താങ്ങുവില ഉറപ്പാക്കാമെന്നു ഞായറാഴ്ച നടന്ന അവസാനത്തെ ചർച്ചയിൽ കേന്ദ്രം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും കർഷക സംഘടനകൾ ഇതു തള്ളി. കേന്ദ്രം വീണ്ടും ഒത്തുതീർപ്പു ചർച്ചകളുമായി രംഗത്തുവരാത്ത സാഹചര്യത്തിലാണ് ഇന്നു വീണ്ടും മാർച്ച് നടത്താനുള്ള തീരുമാനം.
ഇതിനിടെ ട്രാക്ടർ, ട്രോളികൾ എന്നിവ ദേശീയപാതയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണു മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥയെന്നു പഞ്ചാബ്–ഹരിയാന ഹൈക്കോടതി അഭിപ്രായപ്പെട്ടു. കർഷക മാർച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ ഇങ്ങനെ അഭിപ്രായപ്പെട്ടത്. വിഷയത്തിൽ തൽസ്ഥിതി വ്യക്തമാക്കി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാരിനു ഹൈക്കോടതി നിർദേശം നൽകി. വിഷയം അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം