കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ നടത്തുന്ന പദയാത്ര വിവാദത്തിൽ. സുരേന്ദ്രൻ്റെ യാത്രയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിവരങ്ങളടങ്ങിയ പോസ്റ്ററിലെ ജാതിയത ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമുയരുന്നത്. നവോത്ഥാനത്തിൽ നിന്ന് പിന്നോട്ട് നടത്തുകയാണെന്ന് ദളിത് ചിന്തകർ ആരോപിക്കുന്നു.
ഇന്നലെ കോഴിക്കോട് വെച്ചുനടന്ന പദയാത്രക്കിടെയുള്ള ‘ഉച്ചയൂണ് എസ്സി, എസ്ടി നേതാക്കളോടൊപ്പം’ എന്നെഴുതിയ പോസ്റ്ററിനെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനവുമായി ആളുകൾ രംഗത്ത് എത്തിയിരിക്കുന്നു. കോഴിക്കോട് ബിജെപിയുടെ ഔദ്യോഗിക പേജിലും ബിജെപി കേരളം പേജിലുമെല്ലാം ഈ പോസ്റ്റർ കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയിതിരുന്നു.എസ്സി, എസ്‍ടി നേതാക്കളെ എടുത്തുപറഞ്ഞത് ബിജെപി ഇന്നും തുടരുന്ന ജാതി വിവേചനം കാരണമെന്നാണ് ദളിത് ചിന്തകർ അടക്കം ഉയർത്തുന്ന പ്രധാന വിമർശനം.
ഹിന്ദുക്കളെ ഒന്നിപ്പിക്കാന്‍ നടക്കുന്നവരുടെ ജാതിവെറിയാണ് പുറത്തുവരുന്നതെന്നാണ് പോസ്റ്ററിനെതിരെ ഉയരുന്ന പ്രധാന വിമർശനം.സവർണ്ണമേൽക്കോയ്മയെ പുൽകുന്ന ബിജെപിയുടെ ജാതീയമായ അധിക്ഷേപത്തിന്റെ അങ്ങേയറ്റമാണ് ഈ പോസ്റ്റർ. പന്തിഭോജനത്തിലൂടെ ജാതീയതയെ തൂത്തെറിഞ്ഞ നവോത്ഥാന കേരളത്തിനെ പിന്നോട്ട് നടത്തുകയാണ് ബിജെപിയെന്നും ദളിത് ചിന്തകർ ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യയിലെ എസ്സി, എസ്ടി വിഭാഗക്കാരുടെ വീടുകളിൽ ബിജെപി നേതാക്കൾ പോകുന്നതും ഭക്ഷണം കഴിക്കുന്നതും പ്രചാരണമാക്കുകയാണ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് കാലത്തെ രീതി. ഇത് കേരളത്തിലും പ്രാവർത്തികമാക്കാൻ ശ്രമിക്കുമ്പോൾ അതിന് പിന്നിൽ ഒളിച്ചിരിക്കുന്ന അജണ്ട എസ്സി, എസ്ടി വിഭാഗക്കാർ തിരിച്ചറിയണമെന്നും ദളിത് ആക്ടിവിസ്റ്റുകൾ പറയുന്നു.
‘ഞങ്ങളിൽ ഇനിയും സവര്‍ണ മേല്‍ക്കോയ്മ ആരോപിക്കരുതേ’ ട്രോളിക്കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ ബിജെപിയെ വിമർശകർ പരിഹസിക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
കെ. സുരേന്ദ്രന്റെ കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നവരെങ്കിലും ബിജെപിയുടെ ജാതീയതയും പിന്നാക്കക്കാരോടുള്ള മനോഭാവവും മനസിലാക്കണമെന്നും വിമര്‍ശകര്‍ പറയുന്നു. ബിജെപി ഭരണത്തിലെത്തണമെന്നും സനാതന ഹിന്ദു ആകാന്‍ നടക്കുന്നവന്റെ സ്ഥാനം എവിടെയാകുമെന്ന് അപ്പോള്‍ മനസിലാകുമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
പദയാത്രയെന്ന പേരില്‍ സമൂഹത്തിലുടെ ഭിന്നിപ്പുണ്ടാക്കാൻ നടത്തുന്ന ബിജെപി സംഗമത്തിലൂടെ സംഘപരിവാർ അജണ്ടയാണ് വെളിവാകുന്നത്. അതേസമയം, ക്ഷേത്ര ദര്‍ശനവും, പുഷ്പ്പാര്‍ച്ചനയും, മാറാട് അരയ സമാജത്തില്‍ നിന്നുള്ള പ്രഭാത ഭക്ഷണവും അടങ്ങുന്നതായിരുന്നു കെ. സുരേന്ദ്രന്റെ കോഴിക്കോട്ടെ പദയാത്ര.
ബിജെപി സംസ്ഥാന അധ്യക്ഷൻ നടത്തുന്ന കേരള പദയാത്ര എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് ബഹിഷ്ക്കരിച്ചിരുന്നു. കോഴിക്കോട് നടന്ന പരിപാടിയില്‍ ബിഡിജെഎസ് നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തിട്ടില്ല. എന്‍ഡിഎയുടെ പരിപാടികളില്‍ പാർട്ടിയെ തഴയുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌ക്കരണം. അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ ചിത്രം പോസ്റ്ററിലും ഫ്ലക്സിലും ഇല്ലാത്തതും ബിഡിജെഎസ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാന വേദിയിൽ മാത്രമാണ് തുഷാറിൻ്റെ ചിത്രം ഉള്ളതെന്നും ബോധപൂർവ്വം തഴയാനുള്ള ശ്രമങ്ങളാണ് ബിജെപി നേതാക്കൾ നടത്തുന്നതെന്നും ബിഡിജെഎസ് ആരോപിക്കുന്നു.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം