ഫെബ്രുവരി 21 മാതൃഭാഷാ ദിനം. ലോക ജനത അവരവരുടെ മാതൃഭാഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ദിവസം. ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി പ്രത്യേകതകളും പറയാൻ ചരിത്രവുമുണ്ട്. ഭാഷാ വൈവിധ്യം മനുഷ്യൻ്റെ മൗലീക അവകാശമായി അടിവരയിടുന്നു. ‘ബഹുഭാഷാ വിദ്യാഭ്യാസം- വിദ്യാഭ്യാസമേഖലയിലെ മാറ്റത്തിനൊരു അനിവാര്യ ഘടകം’ എന്നാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. രാജ്യത്തുടനീളം സംസാരിക്കുന്ന വൈവിധ്യമാർന്ന ഭാഷാഭേദങ്ങളാൽ ലോകത്തിന് ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തിൻ്റെ പ്രതീകമായി ഇന്ത്യ എന്നും നിലകൊണ്ടിരുന്നു. രാജ്യത്ത് ഹിന്ദി അടിച്ചേല്‍പ്പിച്ച് ഇന്ത്യയെ ഒരു ഏകഭാഷാ രാജ്യമാക്കാന്‍ രാജ്യത്തെ ഭരണകൂടവും ഹിന്ദി ഭാഷാവാദികളും ശ്രമിക്കുന്ന വര്‍ത്തമാനകാലത്ത് ഈ ദിനാചരണത്തിന് പിന്നില്‍ വലിയ ഒരു സമരചരിത്രമുണ്ട് എന്ന് ഓരോരുത്തരും ഓർക്കേണ്ടതുണ്ട്. ഒരു രാജ്യം, ഒരു നിയമം, ഒരു തെരഞ്ഞെടുപ്പ് എന്നീ ഗണത്തില്‍ ഒരു ഭാഷ എന്ന മുദ്രാവാക്യം ഉയർത്തുന്നതും ചില ഗൂഡ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ് എന്ന് ഈ ദിനത്തിലെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്.
എല്ലാ മാറ്റങ്ങള്‍ക്ക് പിന്നിലും രക്തരൂക്ഷിതമായ സമരചരിത്രമുണ്ടാകും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ലോകത്ത് ജനിച്ചു വീഴുന്ന ഓരോ മനുഷ്യനും സ്വന്തമായി ഒരു മാതൃഭാഷയുണ്ട്. ഓരോ ഭാഷകള്‍ക്കും അതിന്റേതായ പ്രത്യേകതകളുമുണ്ട്. ഈ സവിശേഷതകളുടെയും വൈവിധ്യത്തിന്റെയും ആഘോഷമാണ് ലോക മാതൃഭാഷാ ദിനം.
ലോക മാതൃഭാഷാ ദിനം എന്ന ആശയത്തിലേക്ക് ഐക്യരാഷ്ട്ര സഭ എത്തിയത് ബംഗ്ലാദേശില്‍ (കിഴക്കൻ പാകിസ്ഥാൻ) നിന്നാണ്. ബംഗ്ലായെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് അവിഭക്ത പാകിസ്ഥാനിലെ ഭരണകൂടത്തിനെതിരെ നടന്ന രക്തരൂക്ഷിതമായ സമരമാണ് മാതൃഭാഷാ ദിനമെന്ന ആശയത്തിലേക്ക് എത്തിച്ചത്. വിഭജനത്തിന് മുമ്പ് പാകിസ്ഥാന്റെ ഭാഗമായിരുന്ന കിഴക്കന്‍ പാകിസ്ഥാനില്‍ രാഷ്ട്രഭാഷയായ ഉര്‍ദ്ദു അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ കിഴക്കന്‍ പാകിസ്ഥാനിലെ ഭൂരിപക്ഷം പേരും സംസാരിച്ചിരുന്നത് ബംഗ്ലായായിരുന്നു. പടിഞ്ഞാറന്‍-കിഴക്കന്‍ പാകിസ്ഥാനിലെ ഭൂപ്രകൃതിയിലും സംസ്‌കാരത്തിലും ഭാഷയിലും ജീവിതരീതിയിലുമടക്കം വലിയ വൈവിധ്യങ്ങളാണ് ഉണ്ടായിരുന്നത്. 1948ല്‍ ഉര്‍ദുവിനെ മാത്രം ഔദ്യോഗിക ഭാഷയായി അംഗീകരിച്ച പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ കിഴക്കന്‍ പാകിസ്ഥാനില്‍ വലിയ പ്രക്ഷോഭമാണ് അരങ്ങേറിയത്.
മാതൃഭാഷയ്ക്കുവേണ്ടി ബംഗ്ലാഭാഷ സംസാരിക്കുന്ന കിഴക്കന്‍ പാകിസ്ഥാന്‍ ഉജ്വലമായ സമരഭൂമികയായി മാറി. സര്‍വവിഭാഗത്തില്‍പ്പെട്ടവരും ജാതി- മത-വര്‍ണ്ണ- ലിംഗ- വേഷ വ്യത്യാസമില്ലാതെ സമരമുഖത്തേക്കിറങ്ങി. ഭരണകൂടം സമരത്തെ അടിച്ചമര്‍ത്താന്‍ നീചമായ എല്ലാ മാര്‍ഗവും സ്വീകരിച്ചു. 1952 ഫെബ്രുവരി 21ന് പൊലീസിന്റെ വെടിയേറ്റ് 4 സര്‍വ്വകാലശാല വിദ്യാര്‍ത്ഥികള്‍ മരിച്ചുവീണു. നൂറുകണക്കിന് പേര്‍ക്കാണ് പൊലീസ് അതിക്രമത്തില്‍ പരുക്കേറ്റത്. മാതൃഭാഷയ്ക്ക് വേണ്ടി ആളുകള്‍ ജീവന്‍ ബലികൊടുക്കുന്ന ലോകചരിത്രത്തിലെ അപൂര്‍വ്വ കാഴ്ചയായി ഇത് മാറി. ഈ ഓര്‍മ്മയ്ക്കായാണ് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി യുഎന്‍ തെരഞ്ഞെടുക്കുന്നത്.
ഭാഷകളുടെ വൈവിധ്യം, ഭാഷകളുമായി ബന്ധപ്പെട്ട വിവിധ സംസ്‌കാരങ്ങള്‍ എന്നിവ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1999 നവംബര്‍ 17ന് യുനെസ്‌കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഇത് 2000ല്‍ ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ജനറല്‍ അസംബ്ലി ശരിവെച്ചു. തുടര്‍ന്ന് 2008 മുതലാണ് എല്ലാ വര്‍ഷവും അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിച്ചു തുടങ്ങിയത്.
ഇന്ത്യയുടെ ഭരണഘടന മൂല്യങ്ങളുടെ കാതല്‍ ബഹുസ്വരതയാണ്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിലാണ് രാജ്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നത്. ഓരോ ഭാഷകളുടെയും സ്വത്വം സംരക്ഷിച്ച് അത് സമൂഹത്തിന്റെ ഐക്യത്തിനുള്ള ഉപാധിയാക്കുക എന്നതിന് പകരം ജനങ്ങളെ ഭിന്നിപ്പിച്ച് രാജ്യത്തെ ഒരു ഹിന്ദിഭാഷാരാജ്യമാക്കാന്‍ നീക്കങ്ങള്‍ നടക്കുന്ന കാലത്ത് ലോക മാതൃഭാഷാ ദിനാചരണത്തിന്റെ പ്രസക്തിയേറുന്നു. രാഷ്ട്രത്തിന്റെ പൈതൃക വികസനത്തിനും, അതിന്റെ സംരക്ഷണത്തിനും മാതൃഭാഷയേക്കാള്‍ ശക്തിയുള്ള മറ്റൊരു മാധ്യമമില്ലെന്ന് രാജ്യത്തിന്റെ ചരിത്രവും പൈതൃകവും തിരുത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് താക്കീത് നല്‍കാനുള്ള ഓര്‍മ്മ പുതുക്കലായി മാറട്ടേ ഈ ലോകമാതൃഭാഷ ദിനം.
2022 മുതൽ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഭാഷാ പ്രതിജ്ഞ ചെയ്യാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കേരളത്തിലെ ഭാഷാപ്രതിജ്ഞ
“മലയാളമാണ് എന്റെ ഭാഷ
എന്റെ ഭാഷ എന്റെ വീടാണ്.
എന്റെ ആകാശമാണ്.
ഞാൻ കാണുന്ന നക്ഷത്രമാണ്.
എന്നെത്തഴുകുന്ന കാറ്റാണ്.
എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്.
എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.
ഏതുനാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.
എന്റെ ഭാഷ ഞാൻ തന്നെയാണ്. “‘.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം