മാനന്തവാടി: വയനാട്ടിൽ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തെ കാണാനെത്തിയ മന്ത്രിമാർക്ക് നേരെ ക്ഷുഭിതരായി അജീഷിന്റെ മക്കളും നാട്ടുകാരും. “ഇനി മനുഷ്യരൊന്നും വോട്ട് ചെയ്യേണ്ടല്ലോ, മൃഗങ്ങൾ വോട്ട് ചെയ്താൽ മതിയല്ലോ’ എന്നായിരുന്നു അജീഷിന്റെ മകൻ അലൻ മന്ത്രിമാരോട് ചോദിച്ചത്.
വാച്ചർമാർക്ക് മുളവടിയോ പടക്കമോ പോരാ, തോക്ക് നൽകണമെന്നും അജീഷിന്റെ മകൾ മന്ത്രിസംഘത്തോടു പറഞ്ഞു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, കെ.രാജൻ എന്നിവർ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാരും നാട്ടുകാരും പ്രതിഷേധിച്ചത്.
വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പറ്റുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. വോട്ട് മാത്രം കണ്ടാൽ പോരാ. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. ആനയെ ഇത്രയും ദിവസമായിട്ടും വെടിവെച്ചില്ല. ഇതുവരെ സമാധാനിപ്പിക്കാൻ പോലും ആരും വന്നില്ലല്ലോ എന്നും കുടുംബം ചോദിച്ചു. മന്ത്രിമാർക്ക് മുന്നിൽ അജീഷിന്റെ അച്ഛൻ വിതുമ്പി. ഇനി ഒരാൾക്കും തന്റെ ഗതി വരരുത് എന്നും അദ്ദേഹം പറഞ്ഞു.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം-വെള്ളച്ചാലില്‍ സ്വദേശി പോള്‍, കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ള പാക്കം -കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്ത്, കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീടുകളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.
വീടുകളില്‍ എത്തിയ മന്ത്രിമാര്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, ജില്ലാ കളക്ടര്‍ ഡോ രേണു രാജ്, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണം തുടരുന്നതിനിടെയാണ് ഇന്ന് മന്ത്രിതല സംഘം വയനാട്ടിലെത്തിയത്. മന്ത്രിതല യോഗത്തിനുശേഷമായിരുന്നു മരിച്ചവരുടെ വീടുകളില്‍ മന്ത്രിമാരെത്തിയത്. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെ വനംമന്ത്രിക്കുനേരെ സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ച് കരിങ്കൊടി പ്രതിഷേധമുണ്ടായി.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
















