കൊന്നിട്ടും തീരാത്ത ശാപമായി മാറിയിരിക്കുകയാണ് സി.പി.എമ്മിന് ടി.പി. ചന്ദ്രശേഖരന്‍ എന്ന പഴയ സഖാവ്. കൊലപാതക കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ വിധി വന്നതിനു പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയില്‍ പറയുന്നത്, പാര്‍ട്ടിക്ക് പങ്കില്ലെന്നാണ്. എന്നാല്‍, കൊലപ്പെടുത്തിയതില്‍ പ്രതികള്‍ക്കുള്ള പങ്കും അതില്‍ നടത്തിയ ഗൂഢാലോചനയ്ക്കും വ്യക്തമായ തെളിവുണ്ടെന്നു വിധിന്യായത്തില്‍ ഹൈക്കോടതി വ്യക്തമാക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറി ‘പാര്‍ട്ടിക്കു പങ്കില്ല’ എന്ന നിലപാട് ആവര്‍ത്തിക്കുന്നത്.
150 പേജുള്ളതാണ് വിധിന്യായം. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവര്‍ക്കെതിരെയും വിചാരണ കോടതി വിട്ടയച്ച രണ്ടു പേര്‍ക്കെതിരെയും ഗൂഢാലോചനാ കുറ്റവും കോടതി ചുമത്തിയിട്ടുണ്ട്. വിധിന്യായത്തില്‍ പറയുന്നത് ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് 2012 ഏപ്രില്‍ 2നും ഏപ്രില്‍ 20നും ഇടയില്‍ കെ.സി.രാമചന്ദ്രന്‍, മനോജന്‍, ജ്യോതി ബാബു, കുഞ്ഞനന്തന്‍ എന്നിവര്‍ തമ്മില്‍ 32 തവണ ഫോണ്‍വിളികള്‍ നടന്നിട്ടുണ്ട് എന്നാണ്. ഇവരെല്ലാം സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരുമാണ്.
2012 ഏപ്രില്‍ 10ന് ഒന്നാം പ്രതി അനൂപ്, മൂന്നാം പ്രതി കൊടി സുനി എന്നിവര്‍ കെ.സി. രാമചന്ദ്രന്‍, മനോജന്‍, ജ്യോതി ബാബു എന്നിവരുമായി ചൊക്ലിയിലെ സമീറ ക്വാര്‍ട്ടേഴ്‌സില്‍ വച്ച് കൂടിക്കാഴ്ച നടത്തിയതിനു തെളിവുകളുണ്ട്. അനൂപും കൊടി സുനിയും സിപിഎമ്മുമായി ബന്ധമുള്ളവരല്ല. എന്നാല്‍ തെളിവുകള്‍ പരിശോധിച്ചതില്‍ നിന്ന് ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയായിരുന്നു ഈ കൂടിക്കാഴ്ച എന്നു മനസ്സിലാകുന്നു. ഇവരുടെ ഗൂഢാലോചന, കൊലപാതക പങ്കാളിത്തത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
2012 ഏപ്രില്‍ 20ന് കെ.സി.രാമചന്ദ്രനും മനോജനും കൂടി കുഞ്ഞനന്തനെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കണ്ടിരുന്നു. 20നും 24നും ഇടയില്‍ കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, കെ.സി.രാമചന്ദ്രന്‍, മനോജന്‍, ജ്യോതി ബാബു, കുഞ്ഞനന്തന്‍ എന്നിവര്‍ തമ്മില്‍ 16 ടെലിഫോണ്‍ വിളികള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും സിപിഎം പ്രവര്‍ത്തകരല്ല, എന്നാല്‍ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നത് ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്കിലേക്കാണ്.
26നും മേയ് 1നും ഇടയില്‍ കിര്‍മാണി മനോജ്, മുഹമ്മദ് ഷാഫി, മനോജന്‍, ജ്യോതി ബാബു, കുഞ്ഞനന്തന്‍, മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ തമ്മില്‍ 11 തവണ ഫോണ്‍വിളികള്‍ നടത്തിയിട്ടുണ്ട്. കൊലപാതകം നടന്ന 2012 മേയ് നാലിന് അനൂപ്, കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ്, പ്രദീപന്‍ എന്നിവരെ ഇന്നോവയ്ക്കൊപ്പം ചൊക്ലി ടാക്‌സി സ്റ്റാന്‍ഡില്‍ കണ്ടിരുന്നു. അന്നു രാത്രി ഒമ്പതു മണിയോടെ ടി.കെ.രജീഷ്, ഷിജിത്, ദില്‍ഷാദ്, ഫസലു എന്നിവര്‍ ഇന്നോവയിലേക്ക് വാള്‍ പോലുള്ളവ കയറ്റി വയ്ക്കുന്നത് കണ്ടു. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലും അതിനുള്ള ഗൂഡാലോചനയിലും ഈ പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചാല്‍, 1 മുതല്‍ 7 വരെയുള്ള പ്രതികള്‍ക്കു കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയുമുള്ള തെളിവുകള്‍ ഉണ്ടെന്ന് കാണാനാകും.
മാത്രമല്ല, ഇവര്‍ സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളുമുണ്ട്. അതുപോലെ കേസിലെ ആറാം പ്രതിയായ സിജിത്തിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിനു തെളിവുണ്ടെങ്കിലും പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം ഉന്നയിച്ചിട്ടില്ല. 14-ാം പ്രതിയായിരുന്ന പി. മോഹനന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു എന്ന് തെളിയിക്കാനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. അതേസമയം, ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കെല്ലാം കൊലപാതകത്തില്‍ ബന്ധമുണ്ടെന്നതിനു തെളിവുകളുണ്ട്. പത്താം പ്രതിയായിരുന്ന കെ.കെ. കൃഷ്ണന്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തുമെന്നു പ്രസംഗിച്ചിട്ടുണ്ട്.
കെ.സി.രാമചന്ദ്രന്‍ അത് നടപ്പാക്കാനായി ആളുകളെ കണ്ടെത്തുന്നതു മുതല്‍ കൊലപാതകം നടപ്പാക്കുന്നതു വരെ ചെയ്തു. ലഭ്യമായ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ ഈ പ്രതികള്‍ കുറ്റക്കാര്‍ തന്നെയാണ് എന്നാണ് കോടതിക്കു ബോധ്യമാകുന്നത്. കൊലപാതകം നടത്തിയ 1 മുതല്‍ 7 വരെയുള്ള പ്രതികളില്‍ ആറാം പ്രതി സിജിത് ഒഴികെയുള്ളവരും പത്താം പ്രതി കെ.കെ.കൃഷ്ണന്‍, 12-ാം പ്രതി ജ്യോതി ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനാക്കുറ്റവും കോടതി ചുമത്തി. ഇവര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ഇത് ഉള്‍പ്പെടുത്താന്‍ വിചാരണക്കോടതി പരാജയപ്പെട്ടു എന്നും ഹൈക്കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കോടതിയുടെ വിധിന്യായത്തില്‍ പറയുന്ന കാര്യങ്ങള്‍ വെട്ടുനോക്കിയാല്‍ സി.പി.എം എന്ന പാര്‍ട്ടിക്ക് ഇതില്‍ നേരിട്ട് പങ്കുണ്ടെന്നാണ് മനസ്സിലാക്കാനാവുക. മാത്രമല്ല, ടിപിക്ക് ആ പ്രദേശത്തെ ഗുണ്ടകളുമായോ, സാമൂഹ്യ വുരദ്ധ ശക്തികളുമായോ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. രാഷ്ട്രീൂയ വൈരാഗ്യം ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ ഇല്ലായിരുന്നുവെന്നും വ്യക്തമാണ്. സി.പി.എമ്മിനുള്ളിലെ ചിലര്‍ക്ക് ടി.പി കണ്ണില്‍ക്കരടായിരുന്നുവെന്നതിന് പ്രത്യക്ഷ തെളിവുകളുമുണ്ട്. പോലീസിന്റെ അന്വേഷണത്തില്‍ പിടിക്കപ്പെട്ട് വാടകക്കൊലയാളികള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയിട്ടു പോലും പാര്‍ട്ടീ സ്വാധീനം കൊണ്ട് പലതും ചെയ്തിട്ടുണ്ടായിരുന്നതും പുറത്തു വന്ന കാര്യങ്ങളാണ്.
സി.പി.എമ്മിനെ ബോധ പൂര്‍വ്വം ടി.പി വധക്കേസില്‍ പെടുത്താനുള്ള നീക്കം പ്രതിപക്ഷ നിരയില്‍ നിന്നുപോലും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. ഏറ്റവും വലിയ സത്യമെന്തെന്നാല്‍, മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇതുവരെയും ടിപി കൊലക്കേസില്‍ പാര്‍ട്ടിക്കു പങ്കില്ല എന്നു പറഞ്ഞിട്ടില്ല എന്നതാണ്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക