തിളച്ചു മറിയുന്ന ‘ഭാരത് അരി വെന്ത്’പാവങ്ങള്‍ക്ക് ചോറു തിന്നാന്‍ കഴിയിമോ ? : കേരളത്തിന്റെ കെ. അരി ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം

ഭാരത് അരിയുടെ പേരില്‍ നടക്കുന്ന വിവാദങ്ങള്‍ തിളച്ചു മറിയുമ്പോള്‍ പാവപ്പെട്ടവര്‍ക്കുള്ള ആശങ്ക, അരിവെന്ത് ചോറു തിന്നാന്‍ കഴിയുമോ എന്നതാണ്. സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി നേരത്തെ നാലര രൂപയ്ക്ക് നല്‍കിയിരുന്ന അരിയാണ് ഇപ്പോള്‍ ഭാരത് അരിയെന്ന പേരില്‍ 29 രൂപയ്ക്ക് വിതരണം ചെയ്യുന്നതെന്നാണ് ഭക്ഷ്യ വകുപ്പുമന്ത്കി ജി.ആര്‍. അനില്‍ പറയുന്നത്. പൊതു വിപണിയിലെ അരിവിലയില്‍ നിന്നും കുറവാണെന്ന് കാണിക്കാനുള്ള ശ്രമാണ് ഭാരത് അരിയിലൂടെ നടത്തുന്നത്. ഫെഡറല്‍ വ്യവസ്ഥയുള്ള രാജ്യത്ത് പൊതുവിതരണ സംവിധാനത്തെ തകിടം മറിച്ചുകൊണ്ട് കേന്ദ്രം അരി വിതരണം നടത്താനിറങ്ങുന്നത് ഫെഡറല്‍ മര്യാദകളുടെ ലംഘനമാണെന്നും മന്ത്രി പറയുന്നു. 

ബിപിഎല്‍ ഇതര വിഭാഗങ്ങള്‍ക്ക് സൗജന്യ അരി വിതരണം ചെയ്യുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. എന്നാല്‍ 95 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുള്ള കേരളത്തില്‍ 14,172 റേഷന്‍കടകളിലൂടെ പൊതുവിതരണ സംവിധാനം വളരെ കാര്യക്ഷമമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ബിപിഎല്‍ വിഭാഗത്തിന് മാത്രമായി കേന്ദ്രം സൗജന്യ അരി വിഹിതം വെട്ടിച്ചുരുക്കിയപ്പോള്‍ കേരളം പോലെയുള്ള ഏതാനും ചില സംസ്ഥാനങ്ങള്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീമിലൂടെ ഭക്ഷ്യധാന്യങ്ങള്‍ സമാഹരിച്ച് ബിപിഎല്‍ ഇതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍ക്ക്) 4.50 രൂപ നിരക്കിലും 10.90 രൂപ നിരക്കിലും റേഷന്‍കടകളിലൂടെ വിതരണം ചെയ്തു. 

സംസ്ഥാനത്ത് അരിവില പൊതുവില്‍ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ഇതും വലിയ സഹായിച്ചു. എന്നാല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് ലേലത്തില്‍ സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പങ്കെടുക്കാനാവില്ല എന്ന് ഉത്തരവിറക്കുകയാണ് കേന്ദ്രം ചെയ്തത്. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് ലേലത്തില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് പങ്കെടുക്കാമെന്നും നിഷ്‌ക്കര്‍ഷിച്ചു. ഇതേ അരിയാണ് സപ്ലൈകോയില്‍ കിലോയ്ക്ക് 24 രൂപ നിരക്കില്‍ ലഭ്യമാക്കിയിരുന്നത്. ഫലത്തില്‍, കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്നുവെന്ന് മാത്രമല്ല കേരളത്തിലെ 52 ലക്ഷത്തോളം വരുന്ന ബിപിഎല്‍ ഇതര കുടുംബങ്ങള്‍ക്ക് നാലര രൂപയ്ക്കും 10.90 രൂപയ്ക്കും ലഭിക്കേണ്ട അരി ഇല്ലാതെയുമായി. 

എന്നിട്ട് ഈ അരി തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് തൃശൂരിലെ ചന്തയില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വിറ്റഴിക്കുന്നു. കേരളത്തില്‍ ആദ്യം ഭാരത് അരി വിതരണം തുടങ്ങിയത് തൃശൂരിലാണ്. ചൊവ്വാഴ്ച 150 ചാക്കോളം അരിയാണ് വിറ്റുപോയത്. ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അരി വിതരണം തുടങ്ങാനാണ് നീക്കം. ഇതിനായി ജില്ലകളില്‍ ഇരുന്നൂറോളം ഔട്ട്ലെറ്റുകള്‍ തുടങ്ങുമെന്ന് എന്‍സിസിഎഫ് അധികൃതര്‍ പറയുന്നു. അതേസമയം, ഭാരത് അരി വിതരണത്തെക്കുറിച്ച് വലിയ ആരോപണങ്ങളും ഉയരുന്നുണ്ട്. റേഷന്‍ വിഹിതം വെട്ടിക്കുറച്ചാണ് മൂന്നിരട്ടി വിലയില്‍ ഭാരത് അരി വിതരണത്തിനെത്തിച്ചിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. 

കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷയുള്ള തൃശ്ശൂരില്‍ത്തന്നെ ആദ്യം അരിവിതരണം തുടങ്ങിയതിലും രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഇത്തരം പദ്ധതികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ വഴിയാണ് കേന്ദ്രം നടപ്പിലാക്കുന്നത്. എന്നാല്‍ ഇത്തവണ പതിവു തെറ്റിച്ച് കേന്ദ്രം നേരിട്ടിറങ്ങുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ആക്ഷേപമുണ്ടെന്നും സിപിഎം ആരോപിക്കുന്നുണ്ട്. കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ ഭാരത് അതി വിതരണം ഉദ്ഘാടനം ചെയ്തതോടെയാണ് രാജ്യത്ത് അരിചര്‍ച്ചകള്‍ തിളയ്ച്ചു മറിയാന്‍ തുടങ്ങിയത്. വിലക്കയറ്റം നിയന്ത്രിക്കാനാണ് ഭാരത് അരി വിതരണമെന്ന് സര്‍ക്കാരും ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയനീക്കമാണെന്ന് പ്രതിപക്ഷവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുന്നുണ്ട്. 

നാഷനല്‍ അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷനല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എന്‍സിസിഎഫ്), കേന്ദ്രീയ ഭണ്ഡാര്‍ എന്നീ മൂന്ന് ഏജന്‍സികള്‍ വഴിയാണ് അരി വിതരണം ചെയ്യുക. ഭാരത് അരിക്കായി ആദ്യഘട്ടത്തില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്‌സിഐ) 5 ലക്ഷം ടണ്‍ അരി നാഫെഡിനും എന്‍സിസിഎഫിനും നല്‍കും. ഇവര്‍ പാക്കറ്റിലാക്കി വിതരണത്തിനെത്തിക്കും. നിലവില്‍ നാഫെഡ്, എന്‍സിസിഎഫ് എന്നീ സഹകരണ സ്ഥാപനങ്ങളുടെ ഔട്ട്ലെറ്റുകള്‍, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ സൊസൈറ്റിയുടെ കീഴിലുള്ള കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍ എന്നിവ വഴിയാണ് ഭാരത് അരി വിതരണത്തിനെത്തുക. 

ഓണ്‍ലൈനായി വാങ്ങാവുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും സര്‍ക്കാര്‍ പറയുന്നു. അരി കൂടാതെ ഭാരത് കടലയും വിതരണത്തിനെത്തിയിട്ടുണ്ട്. കിലോയ്ക്ക് 60 രൂപയാണ് വില. ഭാരത് ആട്ട (27.50 രൂപ), പരിപ്പ് (60), പഞ്ചസാര, ഉള്ളി (25 രൂപ), എണ്ണ തുടങ്ങിയവയും കുറഞ്ഞ വിലയില്‍ വിപണിയിലെത്തും. ഭാരത് അരി വാങ്ങാന്‍ റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ ആവശ്യമില്ല. ആര്‍ക്കും അരി കിട്ടും. 5, 10 കിലോ പായ്ക്കറ്റുകളായാണ് വിതരണം. ഒരാള്‍ക്ക് ഒരു തവണ പത്തുകിലോ അരി വാങ്ങാം. .

കേരളത്തില്‍ തൃശൂര്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഒഴുക്കാണ് നടക്കുന്നത്. എല്ലാം സുരേഷ്‌ഗോപിക്കു വേണ്ടിയാണെന്ന് പറഫയുന്നതില്‍ തെറ്റുണ്ടാകില്ല. കേരളത്തില്‍ എല്ലാം കെ യില്‍ നടത്തുമ്പോള്‍ കേന്ദ്രം എല്ലാം ഭാരത് എന്ന പേരിലാണ് കൊണ്ടു വരുന്നത്. കെ. റെയിലിനു ബദലായി വന്ദേ ഭാരത് കൊണ്ടുവന്നു. ഇപ്പോള്‍ ഭാരത് അരിയും എത്തി. ഇനി കേരളത്തില്‍ കെ. അരിയാണ് വരാനുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിക്ക് കേരള സര്‍ക്കാരിന്റെ ബ്രാന്‍ഡില്‍ അരി കൊടുക്കുന്ന ബദലിന് ഭക്ഷ്യവകുപ്പ് ആലോചന തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സിവില്‍ സപ്ലൈസ് ഡയറക്ടര്‍, സപ്ലൈകോ എം.ഡി., ഭക്ഷ്യവകുപ്പ് സെക്രട്ടറി എന്നിവരോട് ഒരാഴ്ചയ്ക്കകം വിശദറിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദേശം. ആവശ്യത്തിന് അരിവിഹിതമില്ലാത്ത വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ഈ ബദല്‍ അരി കൊടുക്കും.

ഭാരത് അരി എന്ന പേരില്‍ വിതരണം ചെയ്യുന്നത് പച്ചരിയാണ്. എന്നാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ജയ, കുറുവ, മട്ട എന്നിവയാണെങ്കിലേ ബദലാകൂ. അതിനാല്‍ ജയ അരി കുറഞ്ഞ നിരക്കില്‍ ആന്ധ്ര അടക്കമുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങാനുള്ള സാധ്യതയും തേടുന്നുണ്ട്. മട്ടയും കുറുവയും കേരളത്തിലെ കര്‍ഷകരില്‍ നിന്ന് തന്നെ സംഭരിക്കാനാണ് തീരുമാനം. ഈ അരിക്ക് ബ്രാന്‍ഡിംഗും പാക്കിംഗും ഉറപ്പായിരിക്കും. റേഷന്‍ കടകള്‍ വഴി വിറ്റാല്‍ കേന്ദ്രവിഹിതത്തെ ബാധിക്കുമെന്ന നിയമപ്രശ്നം ഉണ്ടാകുമെന്നുറപ്പാണ്. അതിനാല്‍ സപ്ലൈകോ വഴിയാകും സംസ്ഥാന സര്‍ക്കാരിന്റെ ബദല്‍ അരി വില്‍പന നടത്താന്‍ പോകുന്നത്.

അതേ സമയം, ഏപ്രില്‍ മുതല്‍ കേരളത്തിലെ എല്ലാ ജില്ലകളിലും റേഷന്‍ കടകളിലൂടെ പോഷകസമ്പുഷ്ട അരി (ഫോര്‍ട്ടിഫൈഡ് റൈസ്) നല്‍കാനുള്ള നീക്കവും വേഗത്തിലാക്കിയിട്ടുണ്ട്. വരുന്ന സാമ്പത്തിക വര്‍ഷത്തോടെ രാജ്യമാകെ എല്ലാ സര്‍ക്കാര്‍ പദ്ധതികളിലും ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യാനാണ് കേന്ദ്ര തീരുമാനം. കഴിഞ്ഞദിവസം ഡല്‍ഹിയില്‍ സംസ്ഥാന ഭക്ഷ്യ സെക്രട്ടറിമാരുടെ യോഗത്തില്‍ കേന്ദ്രം നല്‍കിയ നിര്‍ദേശത്തോടു കേരളം യോജിച്ചിരിക്കുകയാണ്. പക്ഷെ, പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

നിലവില്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചമ്പ (മട്ട) അരിയില്‍ ധാരാളം പോഷകമുള്ളതിനാല്‍ കൂടുതല്‍ സമ്പുഷ്ടീകരണം ആവശ്യമില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. എന്നാല്‍, ഫോര്‍ട്ടിഫൈഡ് അരി നല്‍കിയില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് സബ്‌സിഡി ഇനത്തില്‍ അരി ലഭിക്കില്ലെന്നാണു വ്യവസ്ഥ. നിലവില്‍ വയനാട് ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫോര്‍ട്ടിഫൈഡ് അരി നല്‍കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി, സംയോജിത ശിശുവികസന പദ്ധതി എന്നിവയ്ക്കായും ഇതാണു നല്‍കുന്നത്. 

ഇങ്ങനെ എല്ലാ രീതിയിലും കേന്ദ്രത്തിന്റെ ഭരാത് അതിര്ര് ബദല്‍ തീര്‍ത്ത് ജനങ്ങളുടെ വിശ്വാസം കളയാതെ സൂക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് എത്രത്തോളം നടപ്പാകുമെന്ന് കാത്തിരുന്ന് കാണുകതന്നെ വേണം. കാരണം, സംസ്ഥാനം വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക