കേരളത്തിന്റെ സാമൂഹ്യ ചുറ്റുപാട് വളരെയധികം മാറിപ്പോയിരിക്കുന്നു. തിരക്കിട്ടോടുന്ന ജീവിതത്തില്‍ ഒന്നിനും സമയം തികയാത്തവരാണ് ഏറെയും. എന്നാല്‍, ഈ ജീവനെടുക്കുന്ന തിരക്കിലും വലിയ തിരക്കില്ലാത്ത ഒരു കൂട്ടരുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പോലീസ്. കള്ളന്‍മാര്‍. അവര്‍ക്ക് നല്ല സമയമുണ്ട്. അന്യന്റെ സ്വത്ത് കൈക്കലാക്കാന്‍ വിയര്‍പ്പൊഴുക്കാതെ തന്ത്രവും കുതന്ത്രവും ശക്തിയും ഉപയോഗിച്ച് ശ്രമിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇവര്‍ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സമയമുണ്ട്. മുടക്കു മുതലില്ലാത്ത ബിസിനസ്സാണ് കള്ളന്‍മാര്‍ക്കിത്.
തന്ത്രപരമായ നീക്കം നടത്തിയാല്‍ കിട്ടുന്നത് അന്യന്റെ വിലകൂടിയ മുതലായിരിക്കും. ആധുനിക കാലത്ത് മോഷണത്തിന്റെ തലങ്ങളും മാറിയിട്ടുണ്ട്. കറുത്ത മുഖം മൂടിയും, ശരീരത്തില്‍ എണ്ണയും തേച്ച്, കറുത്ത പെയിന്റും അടിച്ച് ഒരു നിക്കറുമിട്ട് രാത്രിയില്‍ മതില്‍ചാടി എത്തുന്ന കള്ളന്‍മാര്‍ ക്ലീഷേകളായി. ഇപ്പോള്‍ ഹൈടെക് കള്ളന്‍മാരാണ്. കണ്ണില്‍ നോക്കി പറ്റിക്കുന്നവരാണ് ഏറെയും. ഇതിലെ പെണ്‍ മുഖങ്ങളാണ് ഓരോ ദിവസവും പോലീസിന് തലവേദന സൃഷ്ടിക്കുന്നത്.
പട്ടാപ്പകല്‍ വീടുകളില്‍ മോഷണം നടത്താന്‍ ഇവര്‍ കണ്ടെത്തിയിരിക്കുന്ന ട്രിക്ക് എന്താണെന്ന് പോലീസിന് മനസ്സിലായിട്ടുണ്ട്. പക്ഷെ, ട്രിക്ക് മനസ്സിലായതു കൊണ്ട് മാത്രം കാര്യമില്ല, ഇവരെ പിടിക്കാനാകില്ല എന്നതാണ് പ്രശ്‌നം. ഓരോ ഇടങ്ങളില്‍ ഓപ്പറേഷന്റെ മുഴുവന്‍ സ്ട്രക്ച്ചറും മാറ്റുന്ന കൂട്ടരാണ് പെണ്‍ കള്ളികള്‍. ഇവരുടെ തന്ത്രം മനസ്സിലാക്കി പെരുമാറുകയെന്നതേയുള്ളൂ മോഷണം തടയാനുള്ള ഏക മാര്‍ഗം. കള്ളികളുടെ തന്ത്രപരമായ നീക്കം ബുദ്ധി ഉപയോഗിച്ച് പ്രതിരോധിച്ചാല്‍ അവര്‍ മോഷണ ശ്രമത്തില്‍ നിന്നും പിന്‍മാറും. രക്ഷപ്പെടാന്‍ ശ്രമിക്കും. മോഷണം തടയാന്‍ ഇതേയുള്ളൂ മാര്‍ഗം.
ഒരു കള്ളി മാത്രമല്ല, കള്ളികളുടെ ഗ്രൂപ്പാണ് മോഷണത്തിനെത്തുന്നത്. ഒറ്റയ്ക്കു നടത്തുന്ന മോഷണങ്ങളുടെ റിസ്‌ക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ഇവര്‍ ചെയ്യുന്നത്. രാത്രിയില്‍ ആളുറങ്ങുമ്പോള്‍ പൂട്ടു പൊളിച്ച് കുത്തിത്തുറന്ന് പണ്ടങ്ങള്‍ കവര്‍ന്നിരുന്ന കാലത്തിന്റെ ഓര്‍മ്മ പോലും ഇപ്പോഴില്ല. എന്നാല്‍, പരമ്പരാഗത മോഷണ രീതി വിടാത്ത ലോക്കല്‍ കള്ളന്‍മാരും കുറവല്ലെന്ന് പോലീസുകാര്‍ പറയുന്നുണ്ട്. പെണ്‍ കള്ളികള്‍ക്ക് ശക്തികൊണ്് മോഷണം നടത്താന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് കുതന്ത്രങ്ങളെ കൂട്ടു പിടിക്കുന്നത്.
കേരളാ പോലീസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. അതുകൊണ്ടു തന്നെ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വേഗത്തില്‍ പോലീസിന്റെ മെസേജുകള്‍ കാണാനും വിവരങ്ങള്‍ മനസ്സിലാക്കാനും കഴിയുന്നുണ്ട്. ഇതാ ഏറ്റവും പുതിയ വിവരവുമായി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ‘വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാനെത്തുന്നവരെ സൂക്ഷിക്കുക എന്നാണ് നിര്‍ദ്ദേശം.’
പോസ്റ്റ് ഇങ്ങനെ:
‘ വീടുകളില്‍ പാഴ് വസ്തുക്കള്‍ പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക. പഴയ സാധനങ്ങള്‍ എടുക്കാന്‍ എന്ന വ്യാജേന വീടുകളില്‍ കയറി മോഷണം നടത്തുന്ന സംഭവങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടോ മൂന്നോ സ്ത്രീകള്‍ ഒരു കുപ്പിയോ ഇരുമ്പിന്റെ കഷണമോ ആയി വീട്ടിലേയ്ക്ക് എത്തുന്നു. ശേഷം ഈ കുപ്പി അല്ലെങ്കില്‍ ഇരുമ്പിന്റെ കഷണം വീടിനു സമീപം അല്ലെങ്കില്‍ കോമ്പൗണ്ടിനുള്ളില്‍ വെയ്ക്കുന്നു. തുടര്‍ന്ന്, കൂടെയുള്ള ഒരു സ്ത്രീ കോളിംഗ് ബെല്‍ അമര്‍ത്തുകയും മറ്റു രണ്ടു സ്ത്രീകള്‍ വീടിന്റെ രണ്ടു വശങ്ങളിലായി മാറിനില്‍ക്കുകയും ചെയ്യുന്നു.
വാതില്‍ തുറക്കുന്ന ആളിനോട് താന്‍ആക്രി പെറുക്കാന്‍ വന്നതാണെന്ന് പറയുകയും വീട്ടിലുള്ള പഴയ സാധനങ്ങള്‍ക്ക് നല്ല വില തരാമെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഇതില്‍ വീഴുന്ന വീട്ടുടമ മുന്നില്‍ നില്‍ക്കുന്ന സ്ത്രീയുമായി വീടിന്റെ പിന്‍വശത്തേയ്ക്ക് അല്ലെങ്കില്‍ പഴയ വസ്തുക്കള്‍ വെച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് പോകുന്നു. അവര്‍ ഈ സമയം വളരെ നല്ല രീതിയില്‍ വീട്ടുടമയോട് ഇടപഴകാന്‍ തുടങ്ങും. ബാക്കി രണ്ടു സ്ത്രീകള്‍ ഈ അവസരം മുതലെടുത്ത് മുന്‍വശത്തുകൂടിയോ പിന്‍വശത്തുകൂടിയോ വീടിനകത്തു കടന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ കൈക്കലാക്കുന്നു.
കാളിങ് ബെല്‍ അടിച്ചശേഷം വീടുകളില്‍ ആരുമില്ല എന്ന് മനസിലായാല്‍ പുറത്തു കാണുന്ന അല്ലെങ്കില്‍ കിട്ടുന്ന സാധനങ്ങള്‍ എടുത്തുകൊണ്ടുപോകാറാണ് പതിവ്. ഇത്തരമൊരു സംഭവം കഴിഞ്ഞ ദിവസം തൃശൂര്‍ സിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 പവന്‍ സ്വര്‍ണമാണ് അവിടെ നഷ്ടമായത്. അപരിചിതര്‍ വീട്ടിലേയ്ക്ക് കടന്നുവരുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തുക. അവശ്യ സന്ദര്‍ഭങ്ങളില്‍ 112 എന്ന നമ്പറില്‍ പോലീസിനെ വിളിക്കുക. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…’ ഇതാണ് പോസ്റ്റ്.
പോലീസ് ഇവരുടെ പിന്നാലെയുണ്ട്. പക്ഷെ, പോലീസിനു മുന്നിലാണ് ഇവര്‍ എന്നതാണ് പ്രശ്‌നം. മോഷണവും, കുറ്റകൃത്യങ്ങളും നടന്നതിനു ശേഷമായിരിക്കും പോലീസിന് എത്തിപ്പെടാന്‍ പറ്റുന്നത്. എന്നാല്‍, നമുക്ക് അത് തടയാനാകും. കാരണം, കള്ളികള്‍ക്കു മുമ്പിലാണ് നമ്മള്‍ നില്‍ക്കുന്നത്. അപരിചിതരോ, ഭാഷയില്‍ വ്യത്യാസമുള്ളവരോ, ഒന്നില്‍ക്കൂടുതല്‍ ആളുകളോ വീടിനു മുമ്പില്‍ വന്നാല്‍ ചാടി വെളിയിലിറങ്ങാന്‍ പാടില്ല എന്നതാണ് പ്രാഥമികമായി ചെയ്യേണ്ടത്. മൊബൈല്‍ എപ്പോഴും ചാര്‍ജ്ജ് ചെയ്ത് വെയ്ക്കണം.
അയല്‍ക്കാരെയോ, പരിചയമുള്ളവരെയോ വേഗം വിളിച്ച് കാര്യം ധരിപ്പിക്കാനുള്ള മാനസികാവസ്ഥ കൈവരിക്കണം. ആക്രി വിറ്റിട്ട് അരിവാങ്ങേണ്ട ഗതികേടിലല്ല, നിങ്ങളെന്ന് ആദ്യം തിരിച്ചറിയണം. ഇതാണ് കള്ളികളെ പൂട്ടാന്‍ നമ്മള്‍ പഠിക്കേണ്ട പാഠം. ആക്രിക്ക് നല്ല വിലതരാം എന്നു പറഞ്ഞാണ് അവര്‍ വീടുകളില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ആക്രി വില്‍പ്പന പൂര്‍ണ്ണമായും നമ്മള്‍ നിര്‍ത്തിയാല്‍ കള്ളികളുടെ ആപ്പീസ് പൂട്ടും.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക