അറിയണം അഭീഷ്ട വരദായിനി ആറ്റുകാല്‍ അമ്മയുടെ ഐതീഹ്യവും ചരിത്രവും: ഭക്തര്‍ക്ക് ദേവിയുടെ സാമീപ്യം തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം

വീണ്ടും ഒരു ആറ്റുകാല്‍ പൊങ്കാല ദിവസം വരികയാണ്. തലസ്ഥാന വാസികളുടെ ഏറ്റവും വലിയ ഉത്സവത്തിന്റെ നാളുകള്‍. ലക്ഷോപലക്ഷം സ്ത്രീകള്‍ തലസ്ഥാനത്തേക്ക് എത്തുന്ന ദിവസം. കാലങ്ങളായി പൊങ്കാലയിടുന്നവരും, പുതുതായി വരുന്നവരും ചേര്‍ന്ന് റെക്കോഡുകള്‍ ഭേദിച്ച് ഗിന്നസ് ബുക്കിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയ ഉത്സവം. ഫെബ്രുവരി 25നാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. ആഘോഷവും പൊങ്കാലയും നടത്തുമ്പോള്‍ ഇതിന്റെ ഐതീഹ്യവും ചരിത്രവും കൂടി അറിഞ്ഞിരിക്കണം. 

കുംഭമാസത്തിലെ പൂരം നാള്‍. ചരിത്രപ്രസിദ്ധവും ഇപ്പോള്‍ ലോക പ്രസിദ്ധവുമായ ആറ്റുകാല്‍ പൊങ്കാല അന്നാണ്. പൊങ്കാലക്ക് എട്ട് ദിവസം മുന്‍പ് കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്താം ദിവസം ഉത്രംനാളില്‍ അവസാനിക്കും. പിന്നെ കേരളത്തിന്റെ തലസ്ഥാന നഗരം യാഗശാലയായി മാറുന്ന കാഴ്ചയാണ്. ഈ ദിവസം പൂര്‍ണ്ണമായും സ്ത്രീകള്‍ക്കു വേണ്ടി ഒരു നഗരം മാറ്റിവെയ്ക്കപ്പെടുന്നു. എവിടെയും ഭക്തി സാന്ദ്രമായ അന്തരീക്ഷം. എല്ലാ വീടുകളും അതിഥികള്‍ക്കായി തുറന്നിടുന്ന ദിവസം. മണ്‍കലങ്ങള്‍ നിറയുന്ന വഴിയോരങ്ങള്‍. പൊള്ളുന്ന വെയിലിലും തളരാത്ത മനുഷ്യരുടെ കൂട്ടായ്മകള്‍. വഴിയരികിലും മരച്ചുവടുകളിലുംകാക്കത്തണലുകളിലും മുഖം ചേര്‍ത്തു മയങ്ങുന്നവര്‍. 

തീയും പുകയും കൊണ്ട് അവശരായ അമ്മമാര്‍ക്കും പെങ്ങമ്മാര്‍ക്കും ഒരിറ്റു വെള്ളവുമായി എത്തുന്ന സന്നദ്ധ പ്രവര്‍ത്തകര്‍. പുകപടലങ്ങള്‍ നിറഞ്ഞ ആകാശം. ലക്ഷോപലക്ഷം മനസ്സുകള്‍ ഉരുവിടുന്ന ഒരേയൊരു നാമം. അറ്റുകാലമ്മ. കരമനയാറും കിളളിയാറും സംഗമിക്കുന്നിടത്താണ് മനോഹരമായി പണികഴിപ്പിച്ചിരിക്കുന്ന ഈ ഭഗവതി ക്ഷേത്രത്തിന്റെ സ്ഥാനം. ഹൈന്ദവ വിശ്വാസപ്രകാരവും ശാക്തേയ വിശ്വാസപ്രകാരവും ലോകമാതാവായ ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ഭദ്രകാളിയാണ് ‘ആറ്റുകാലമ്മ’ എന്നറിയപ്പെടുന്നത്. എന്നാല്‍ ആദിപരാശക്തി, അന്നപൂര്‍ണേശ്വരി, കണ്ണകി, മഹാലക്ഷ്മി, മഹാസരസ്വതി, ഭുവനേശ്വരി തുടങ്ങിയ ഭാവങ്ങളിലും ആറ്റുകാലമ്മയെ സങ്കല്‍പ്പിക്കാറുണ്ട്. 

സാധാരണക്കാര്‍ സ്‌നേഹപൂര്‍വ്വം ‘ആറ്റുകാല്‍ അമ്മച്ചി’ എന്ന് വിളിക്കുന്ന ഇവിടുത്തെ ഭഗവതി സര്‍വ്വ അനുഗ്രഹദായിനി ആണെന്നാണ് വിശ്വാസം. ‘സ്ത്രീകളുടെ ശബരിമല’ എന്നൊരു അപരനാമവും ആറ്റുകാല്‍ ക്ഷേത്രത്തിനുണ്ട്. ഇവിടുത്തെപ്രധാന ഉത്സവമാണ് ‘പൊങ്കാല മഹോത്സവം. കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാല്‍ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തില്‍ കാര്‍ത്തിക നാളില്‍ ആരംഭിച്ച് പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളില്‍ പ്രധാനം പൂരം നാളും പൗര്‍ണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്. ക്ഷേത്ര പരിസരത്തു നിന്നും ഏകദേശം 20 കിലോമീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും.

 

അതുകൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടിയിട്ടുണ്ട്. പൊങ്കാലയിട്ടു പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹിക്കുന്ന ഏതൊരു ന്യായമായ കാര്യവും നടക്കുമെന്നും, ആപത്തുകളില്‍ ആറ്റുകാലമ്മ തുണ ആകുമെന്നും, ഒടുവില്‍ മോക്ഷം ലഭിക്കുമെന്നുമാണ് ഭക്തരുടെ വിശ്വാസം. ഓരോ പൊങ്കാലക്കാലത്തും സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതായാണ് കണക്കാക്കുന്നത്. ഇത്തവണയും ഭക്തരുടെ ബാഹുല്യം വര്‍ദ്ധിക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു. 

* ആറ്റുകാല്‍ ക്ഷേത്രത്തിന്റെ മനോഹരമായ വാസ്തുശില്പരീതി

ഭക്തര്‍ക്ക് ദേവിയുടെ സാമീപ്യം തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണ് ആറ്റുകാല്‍ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദ്രാവിഡ ശൈലിയും കേരള വാസ്തുശില്പ ശൈലിയും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. ക്ഷേത്ര നവീകരണത്തിന്റെ ഭാഗമായി ആധുനികതയും ചേര്‍ന്നുള്ളമനോഹരമായ ഒരു രീതിയാണ് ക്ഷേത്ര നിര്‍മ്മാണത്തിലുള്ളത്. മധുര മീനാക്ഷി ക്ഷേത്രത്തിന്റെ മാതൃകയില്‍ സുന്ദരവും ഗംഭീരവുമായ അലങ്കാരഗോപുരവും കമനീയമായ ധാരാളം ശില്പങ്ങളും കാണാം. ദേവിയുടെ വിവിധ രൂപങ്ങള്‍, കാളീരൂപങ്ങള്‍ മുതല്‍ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങള്‍ വരെ ഇതില്‍പ്പെടുന്നു. 

അലങ്കാരഗോപുരത്തിന് മുന്‍പിലെ മഹിഷാസുരമര്‍ദിനി, വിവിധ കാളീ രൂപങ്ങള്‍, ശ്രീചക്രരാജ സിംഹാസനസ്ഥയായ ഭുവനേശ്വരി ദേവി, പാര്‍വതിസമേതനായ ശിവന്‍, മഹാവിഷ്ണുവിന്റെ ദശാവതാരങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അകമണ്ഡപത്തിന് മുകളിലെ വേതാളാരൂഢയായ ശ്രീ ഭദ്രകാളിയുടെ രൂപം പ്രധാനമാണ്. ഇതിലാണ് ഭക്തര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന ഉടയാട, സാരി നേര്‍ച്ച തുടങ്ങിയവ നടത്തുന്നത്. ഗണപതി, മുരുകന്‍ എന്നിവരുടെ രൂപവും ഭഗവതിയുടെ ഇരുവശത്തുമായയുണ്ട്. മഴ പെയ്താലും ക്ഷേത്രത്തിനുള്ളില്‍ വെള്ളം വീഴാത്ത തരത്തില്‍ ഭക്തര്‍ക്ക് സൗകര്യപ്രദമായ ആധുനിക രീതിയിലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം.

* ആറ്റുകാല്‍ ക്ഷേത്രം എന്ന പേര് കിട്ടിയതിനു പിന്നില്‍

ദ്രാവിഡക്ഷേത്രങ്ങളെ കല്ല് എന്നാണ് വിളിച്ചിരുന്നത്. ആറ്റില്‍, അല്ലെങ്കില്‍ അതിന്റെ സംഗമസ്ഥലത്ത് സ്ഥാപിക്കപ്പെട്ട ക്ഷേത്രത്തിനെ ‘ആറ്റുകല്ല്’ എന്ന് വിളിച്ചിരുന്നു. ഇതാണ് പില്‍ക്കാലത്ത് ആറ്റുകാല്‍ എന്ന് പരിണമിച്ചത്. കിള്ളിയാറ്റില്‍ നിന്നും മുങ്ങിയെടുത്ത കല്ല് കൊണ്ടു നിര്‍മ്മിച്ച ക്ഷേത്രമെന്ന പഴങ്കഥയും തലസ്ഥാനവാസികള്‍ പറയുന്നുണ്ട്. 

* ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ

ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ ഭദ്രകാളിയാണ്. ദാരികവധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന ചതുര്‍ബാഹുവായ രൂപം. ദാരുവിഗ്രഹമാണ്. വടക്കോട്ട് ദര്‍ശനം. നാലു പൂജയും മൂന്നു ശീവേലിയുമുണ്ട്. തന്ത്രം കുഴിക്കാട്ട് ഇല്ലത്തിന്. ആദിപരാശക്തി, കണ്ണകി (കന്യാവ്), അന്നപൂര്‍ണേശ്വരി തുടങ്ങിയ വിവിധ ഭാവങ്ങളിലാണ് ആരാധിക്കപ്പെടുന്നത്. 

* ആറ്റുകാല്‍ പൊങ്കാല മഹോത്സവം

അമ്മ ദൈവങ്ങളെ ആരാധിച്ചിരുന്ന ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. എന്നാല്‍, പിന്നീടത് ശക്തേയ ആചാരങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. അതുകൊണ്ടാണ് ഭഗവതി ക്ഷേത്രങ്ങളില്‍ ഈ അനുഷ്ഠാനം കാണപ്പെടുന്നത്. പൊങ്കാല ഒരു ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് വിശ്വസിക്കുന്നത്. അന്നപൂര്‍ണേശ്വരിയായ ദേവിയുടെ ഇഷ്ടവഴിപാട് കൂടിയാണ് പൊങ്കാല. മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിക്കാന്‍, പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മതി. പൊങ്കാലയ്ക്ക് മുന്‍പ് ഒരു ദിവസമെങ്കിലും വ്രതം നോറ്റിരിക്കണം. പൊങ്കാല ഇുന്നതിനു മുമ്പ് ക്ഷേത്രദര്‍ശനവും നടത്തണം. പൊങ്കാലയിടാന്‍ ദേവിയുടെ അനുവാദം ചോദിക്കാനാണ് ക്ഷേത്ര ദര്‍ശം കൊണ്ുദ്ദേശിക്കുന്നത്. 


പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവല്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവയാണ് വെയ്ക്കുന്നത്. പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടുന്നത്. ക്ഷേത്രത്തിനു മുമ്പില്‍ വെയ്ക്കുന്ന പ്രത്യേക പണ്ഡാര (ഭഗവതിയുടെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കുകയുള്ളൂ. പണ്ഡാര അടുപ്പില്‍ പ്രാര്‍ത്ഥിച്ചു കത്തിത്തുന്ന തീയില്‍ നിന്നും മറ്റ് അടുപ്പുകളിലേക്ക് തീ പകര്‍ന്നു കൊടുക്കും. പിന്നീടുള്ള മണിക്കൂറുകള്‍ പൊങ്കാല പാകമാകാനുള്ള സമയമാണ്. നിവേദ്യം തയ്യാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു. 

ഉണക്കലരിയും തേങ്ങയും ശര്‍ക്കരയും പുത്തന്‍ മണ്‍കലത്തില്‍ വെച്ചു തീ പൂട്ടിയാണ് പൊങ്കാല തയ്യാറാക്കുന്നത്. തറയില്‍ അടുപ്പു കൂട്ടി അതില്‍ മണ്‍കലം വെച്ച് ശുദ്ധജലത്തില്‍ പായസം തയ്യാറാക്കുന്നു. പുതിയ കാലത്ത് പല സ്ഥലങ്ങളിലും ആളുകള്‍ സ്വന്തം വീടുകളില്‍ തന്നെ ആറ്റുകാല്‍ അമ്മയെ സങ്കല്പിച്ചു പൊങ്കാല ഇടാറുണ്ട്. കോവിഡ് കാലത്ത് ഇത്തരം രീതി ആയിരുന്നു എല്ലാവരും അവലമ്പിച്ചിരുന്നത്. ഇന്ന് പല വിദേശ രാജ്യങ്ങളിലും ആറ്റുകാല്‍ പൊങ്കാല നടക്കുന്നുണ്ട്. സാധാരണ വഴിപാടായ ശര്‍ക്കര പായസത്തിന് പുറമേ ഭഗവതിക്ക് ഏറ്റവും പ്രധാനമായ കടുംപായസം (കഠിനപായസം), വെള്ളച്ചോറ്, വെള്ളപ്പായസം, വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി അട, പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുട്ട് തുടങ്ങിയ പലഹാരങ്ങളും പൊങ്കാലദിനത്തില്‍ തയ്യാറാക്കുന്ന നിവേദ്യങ്ങളാണ്. 

വിട്ടുമാറാത്ത തലവേദന, മാരകരോഗങ്ങള്‍ എന്നിവയുള്ളവര്‍ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് മണ്ടപ്പുട്ട്. അഭീഷ്ടസിദ്ധിക്കുള്ളതാണ് വെള്ളച്ചോറ്. ഭഗവതിക്ക് ഏറ്റവും വിശേഷമായ കടുംപായസം കടുത്ത ദുരിതങ്ങളെ തരണം ചെയ്യാന്‍ സഹായിക്കുന്നു എന്നാണ് വിശ്വാസം, അരി, ശര്‍ക്കര, തേന്‍, പാല്‍, പഴം, കല്‍ക്കണ്ടം, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്തുണ്ടാക്കുന്ന നവരസപ്പായസം സര്‍വൈശ്വര്യങ്ങള്‍ക്കായി പ്രത്യേകം അര്‍പ്പിക്കുന്ന പൊങ്കാലയാണ്. അരി, തേങ്ങ, നെയ്യ്, ശര്‍ക്കര, അണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തു തയ്യാറാക്കുന്നതാണ് പഞ്ചസാരപ്പായസം കാര്യസിദ്ധിക്ക് വേണ്ടിയുള്ളതുമാണ്.

* താലപ്പൊലി

ആറ്റുകാല്‍ പൊങ്കാല ദിവസം തന്നെ നടത്തപ്പെടുന്ന മറ്റൊരു പ്രധാന വഴിപാടുകളില്‍ ഒന്നാണ് താലപ്പൊലി. ഇത് കന്യകമാരാണ് നടത്തുന്നത്. വ്രതശുദ്ധിയോടുകൂടി കുളിച്ച് പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് മാതാപിതാകളോടും മറ്റ് ബന്ധുക്കളോടും കൂടി ദേവിയുടെ എഴുന്നള്ളത്തിന്റെ കൂടെ ക്ഷേത്രത്തില്‍ നിന്നും 1.5 കി.മീറ്റര്‍ ദൂരത്ത് സ്ഥിതിചെയ്യുന്ന മണക്കാട് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു. സര്‍വൈശ്വര്യത്തിനായും രോഗബാധ അകറ്റാനും, ഭാവിയില്‍ നല്ലൊരു വിവാഹജീവിതത്തിനുമായാണ് പെണ്‍കുട്ടികള്‍ പ്രധാനമായും താലപ്പൊലി എടുക്കുന്നത്. ഒരു താലത്തില്‍ ദീപം കത്തിച്ച്, ചുറ്റും കമുകിന്‍പൂക്കുല, പൂക്കള്‍, അരി എന്നിവ നിറച്ച് തലയില്‍ പൂക്കള്‍ കൊണ്ട് കിരീടവും അണിഞ്ഞാണ് താലപ്പൊലി എടുക്കുന്നത്.

* കുത്തിയോട്ടം

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള പ്രധാന വഴിപാടാണ് ആണ്‍കുട്ടികളുടെ കുത്തിയോട്ടം. പതിമൂന്ന് വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളാണ് നേര്‍ച്ചയില്‍ പങ്കെടുക്കുന്നത്. മഹിഷാസുരനെ വധിച്ച യുദ്ധത്തില്‍ ദേവിയുടെ മുറിവേറ്റ ഭടന്‍മാരാണ് കുത്തിയോട്ടക്കാര്‍ എന്നതാണ് സങ്കല്പം. കാപ്പ് കെട്ടി മൂന്നാം നാള്‍ മുതല്‍ വ്രതം ആരംഭിക്കുന്നു. മേല്‍ശാന്തിയുടെ കയ്യില്‍ നിന്നും പ്രസാദം വാങ്ങുന്നതോടെ വ്രതത്തിന് തുടക്കമാകും. വ്രതം തുടങ്ങിയാല്‍ അന്ന് മുതല്‍ പൊങ്കാല ദിവസം വരെ കുട്ടികള്‍ ക്ഷേത്രത്തിലാണ് കഴിയുന്നത്. അതിരാവിലെ 4:30ന് ഉണര്‍ന്ന് കുളിച്ച് ഈറനണിഞ്ഞ് ദേവീചിന്തയോടെ ഏഴു ദിവസം കൊണ്ട് 1008 തവണ ക്ഷേത്രം പ്രദക്ഷിണം വയ്ക്കുന്നു. എല്ലാ വ്രതങ്ങളും പോലെ മല്‍സ്യമാംസാദികള്‍ കൂടാതെ ചായ, കാപ്പി എന്നിവയും കുത്തിയോട്ട ബാലന്മാര്‍ക്ക് നല്‍കാറില്ല. 

രാവിലെ കഞ്ഞി, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യ, രാത്രിയില്‍ അവലും പഴവും കരിക്കിന്‍ വെള്ളവുമാണ് വ്രതക്കാരുടെ ഭക്ഷണക്രമം. പൊങ്കാല കഴിയുന്നതുവരെ വീട്ടില്‍ നിന്നോ മറ്റ് സ്ഥലങ്ങളില്‍ നിന്നോ വ്രതക്കാര്‍ക്ക് ഒന്നും തന്നെ നല്‍കില്ല. മാത്രവുമല്ല അവരെ തൊടാന്‍ പോലും ആര്‍ക്കും അവകാശവും ഉണ്ടായിരിക്കുന്നതല്ല. പൊങ്കാല ദിവസം നൈവേദ്യം കഴിയുന്നതോടു കൂടി ദേവിയുടെ മുന്‍പില്‍ വച്ച് എല്ലാവരുടേയും വാരിയെല്ലിനു താഴെ ചൂരല്‍ കുത്തുന്നു. വെള്ളിയില്‍ തീര്‍ത്ത നൂലുകളാണ് ചൂരലായി ഉപയോഗിക്കുന്നത്. അതിനുശേഷം നല്ലതുപോലെ അണിയിച്ചൊരുക്കി മാതാപിതാക്കളുടെ കൂടെ എഴുന്നെള്ളത്തിന് അകമ്പടിക്കായി വിടും.

* ഐതിഹ്യം

ആറ്റുകാല്‍ പ്രദേശത്തെ ഒരു പ്രധാന തറവാടായിരുന്നു മുല്ലവീട്ടില്‍ തറവാട്. അവിടെത്തെ ഭഗവതി ഭക്തനായ ഒരു കാരണവര്‍ ഒരു ദിവസം കിള്ളിയാറ്റില്‍ കുളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു ബാലിക വന്ന് ആറിനക്കരെ ഒന്നു എത്തിക്കാമോയെന്നു ചോദിച്ചു. നല്ല ഒഴുക്കുണ്ടെങ്കിലും തന്റെ മുതുകില്‍ കയറ്റി ബാലികയെ മറുകരയില്‍ കൊണ്ടെത്തിച്ചു. തന്റെ വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം കൊടുത്ത് ബാലികയെ വീട്ടില്‍ താമസിപ്പിക്കാമെന്ന് വിചാരിച്ചെങ്കിലും ബാലിക പൊടുന്നനെ അപ്രത്യക്ഷയായി. അന്ന് രാത്രിയില്‍ കാരണവര്‍ കണ്ട സ്വപ്നത്തില്‍ ആദിപരാശക്തിയായ പ്രപഞ്ചനാഥ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ അരുളി: ‘നിന്റെ മുന്നില്‍ ബാലികാ രൂപത്തില്‍ ഞാന്‍ വന്നപ്പോള്‍ നീ അറിഞ്ഞില്ല. ഞാന്‍ അടയാളപ്പെടുത്തുന്ന സ്ഥലത്ത് ക്ഷേത്രം പണിത് എന്നെ കുടിയിരുത്തണം. 

അങ്ങനെയെങ്കില്‍ ഈ സ്ഥലത്തിന് മേല്‍ക്കുമേല്‍ അഭിവൃദ്ധിയുണ്ടാകും.’ പിറ്റേ ദിവസം രാവിലെ കാവിലെത്തിയ കാരണവര്‍ ശൂലത്താല്‍ അടയാളപ്പെടുത്തിയ മൂന്നു രേഖകള്‍ കണ്ടു. പിറ്റേന്ന് അവിടെ ചെറിയൊരു കോവിലുണ്ടാക്കി ഭഗവതിയെ കുടിയിരുത്തി. കൊടുങ്ങല്ലൂരില്‍ വാഴുന്ന ഭദ്രകാളി ആയിരുന്നു ആ ബാലികയെന്നാണ് വിശ്വാസം. വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രം പുതുക്കുകയും കൈകളില്‍ ‘പള്ളിവാള്‍, ത്രിശൂലം, അസി, ഫലകം’ എന്നിവ ധരിച്ച ചതുര്‍ബാഹുവായ ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു. ദാരിക വധത്തിന് ശേഷം വേതാളപ്പുറത്തിരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ദാരികവധത്തിനു ശേഷം ഭക്തജനങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഭദ്രകാളിയെ ഭക്തര്‍ പൊങ്കാല നിവേദ്യം നല്‍കി സ്വീകരിക്കുന്നുവെന്നു വിശ്വസിക്കുന്നവരുമുണ്ട്. 

നിരപരാധിയായ ഭര്‍ത്താവിനെ പാണ്ട്യരാജാവ് അന്യായമായി വധിച്ചതില്‍ പ്രതിഷേധിച്ചു മുല അറുത്തെറിഞ്ഞ വീരനായിക കണ്ണകി ഭീകരമായ കാളീരൂപം പൂണ്ട് പാണ്ട്യരാജാവിനെ വധിച്ച ശേഷം തന്റെ കോപാഗ്‌നിയാല്‍ മധുരാനഗരത്തെ ചുട്ടെരിച്ചു. ഒടുവില്‍ മധുര മീനാക്ഷിയുടെ അപേക്ഷപ്രകാരം കൊടുങ്ങല്ലൂരമ്മയില്‍ ലയിച്ചു മോക്ഷം നേടി എന്നാണ് ഐതിഹ്യം. ഭഗവതിയുടെ വിജയം ആഘോഷിക്കുന്നതിന് സ്ത്രീകള്‍ നിവേദ്യം അര്‍പ്പിക്കുന്നുവെന്നതും ഒരു സങ്കല്പമാണ്. പൊങ്കാല ആരംഭിക്കുന്ന സമയത്ത് തോറ്റം പാട്ടില്‍ പാണ്ട്യരാജാവിന്റെ വധം പാടിയാണ് ഭഗവതിയെ സ്തുതിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഭഗവതി കൊടുങ്ങല്ലൂരില്‍ നിന്ന് വരുന്നു എന്നാണ് വിശ്വാസം. അന്നപൂര്‍ണേശ്വരിയായ ഭഗവതിയുടെ മുമ്പില്‍ ആഗ്രഹസാഫല്യം കൈവരിക്കാന്‍ വേണ്ടിയാണ് സ്ത്രീകള്‍ പൊങ്കാലയിടുന്നതെന്നാണ് മറ്റൊരു സങ്കല്പം.

*  ചരിത്രം

ആറ്റുകാലമ്മ പുരാതന ദ്രാവിഡ ദൈവമായ ഭദ്രകാളിയാണ്. ദ്രാവിഡരാണ് കൂടുതലും മാതൃ ദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികത മുതല്‍ അതിനു തെളിവുകളുണ്ട്. ഊര്‍വരത, ഐശ്വര്യം, മണ്ണിന്റെ ഫലഭൂയിഷ്ടത, കാര്‍ഷിക സമൃദ്ധി, വീര്യം, ബലം, വിജയം തുടങ്ങിയവയെല്ലാം മാതൃദൈവവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഭഗവാനെ മഹാവിഷ്ണുവുമായി ലയിപ്പിച്ചതിനു തുല്യമായി അമ്മ ദൈവത്തെ ഭഗവതിയുമാക്കിത്തീര്‍ക്കുകയും ഈ പുരാതന മാതൃദൈവം പല പരിണാമങ്ങളിലൂടെ ഇന്നത്തെ ദേവിയായിത്തീരുകയും ചെയ്തു. പൊങ്കാലയിടുന്ന സവിശേഷമായ ആചാരം ആദിദ്രാവിഡ ക്ഷേത്രങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ശാക്തേയര്‍ ആദിപരാശക്തിയായ ഭഗവതിയെ ആരാധിച്ചതെങ്കിലും പിന്നീടത് പാര്‍വ്വതിയുടെ പര്യായമായി തീരുകയായിരുന്നു. ദക്ഷയാഗത്തിലും ദാരികവധത്തിലും പറയുന്ന ശിവപുത്രി, ആദിപരാശക്തി, മഹാകാളി, കാളിക, സപ്തമാതാക്കളില്‍ ചാമുണ്ഡി, പ്രകൃതി, പരമേശ്വരി, ഭുവനേശ്വരി, അന്നപൂര്‍ണേശ്വരി, ബാലത്രിപുര, മഹാത്രിപുര സുന്ദരി, ജഗദംബിക, കുണ്ഡലിനീ ശക്തി തുടങ്ങിയവയെല്ലാം ആറ്റുകാല്‍ ഭഗവതിയാണ്.

* ക്ഷേത്രത്തിലെ പ്രധാന പ്രധാന വഴിപാടുകള്‍
മുഴുക്കാപ്പ്, പഞ്ചാമൃതാഭിഷേകം, കളഭാഭിഷേകം (സ്വര്‍ണ്ണക്കുടത്തില്‍), അഷ്ടദ്രവ്യാഭിഷേകം, കലശാഭിഷേകം, പന്തിരുനാഴി, 101 കലത്തില്‍ പൊങ്കാല, പുഷ്പാഭിഷേകം, ലക്ഷാര്‍ച്ചന, ഭഗവതിസേവ, ഉദയാസ്തമനപൂജ, അര്‍ദ്ധദിനപൂജ, ചുറ്റ് വിളക്ക്, ശ്രീബലി, സര്‍വ്വൈശ്വര്യപൂജ (എല്ലാ പൗര്‍ണ്ണമി നാളിലും), 
വെടിവഴിപാട്, ശിവന് ധാര, ഗണപതിഹോമം എന്നിവയാണ്. 

* വിശേഷ ദിവസങ്ങള്‍
കുംഭത്തിലെ കാര്‍ത്തിക ദിവസം കൊടിയേറ്റം, പൂരം നാളും പൗര്‍ണമിയും ചേര്‍ന്നു വരുന്ന ദിനം ആറ്റുകാല്‍ പൊങ്കാല, നവരാത്രി ഉത്സവവും വിദ്യാരംഭവും, വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക, എല്ലാ ചൊവ്വ, വെള്ളി, പൗര്‍ണമി, അമാവാസി ദിവസങ്ങളും പ്രധാനം, ശിവരാത്രി, ഗണേശചതുര്‍ഥി, ദീപാവലി എന്നിവയാണ്. 

* നേര്‍ച്ചകള്‍

നാരങ്ങവിളക്ക്, പുടവ നല്‍കല്‍, കുത്തിയോട്ടം, താലപ്പൊലി, പൊങ്കാല അര്‍പ്പിക്കല്‍, കുങ്കുമം, മഞ്ഞള്‍പ്പൊടി നല്‍കല്‍ എന്നിവയാണ്. 

* ക്ഷേത്ര ദര്‍ശന സമയം

അതിരാവിലെ 4.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ, വൈകിട്ട് 5 മുതല്‍ രാത്രി 8.30 വരെ

* തലസ്ഥാനത്തിന്റെ അഭിമാനം 

തലസ്ഥാന ജില്ലയുടെ തന്നെ അഭിമാനമായ മൂന്ന് ഉത്സവങ്ങളാണ് ആറ്റുകാല്‍ പൊങ്കാലയും ബീമാപ്പള്ളി ഊറൂസും, വെട്ടുകാട് തിരുനാള്‍ മഹോത്സവവും. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെ മകുടോദാഹരങ്ങളാണ് ഈ മൂന്ന് ഉത്സവങ്ങളും. ജില്ലാ ഭരണകൂടം, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, റെസിഡന്‍സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, പൗരസമിതികള്‍ തുടങ്ങി എല്ലാവരുടെയും പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നിലുണ്ട്. വര്‍ഷങ്ങളായി കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുള്ളതാണ്. പൊങ്കാല കഴിഞ്ഞ് തലസ്ഥാന നഗരം യുദ്ധ സമാനമായാണ് കിടക്കുന്നത്. 

ഇതിനെ നല്ല നഗരമായി പുനര്‍ ക്രമീകരിക്കുന്നതിന് കോര്‍പ്പറേഷന്‍ ജീവനക്കാരുടെ കഠിന ശ്രമമുണ്ട്. മണിക്കൂറുകള്‍ കൊണ്ടാണ് പൊങ്കാല കഴിഞ്ഞ് നഗരത്തില്‍ ഉപേക്ഷിക്കുന്ന വസ്തുക്കള്‍ ശുചിയാക്കുന്നത്. ഇഷ്ടിക, ചാമ്പല്‍, ചൂട്ടുകള്‍ തുടങ്ങിയ മാലിന്യങ്ങളെല്ലാം ക്ലീന്‍ ചെയ്ത്, നഗരം കഴുകി വൃത്തിയാക്കുന്നു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ വരെ കോര്‍പ്പറേഷനെ അഭിനന്ദിച്ചിട്ടുണ്ട്. ഇതുപോലെ തന്നെയാണ് സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ഒരുപോലെ പ്രവര്‍ത്തിക്കുന്നുണ്ട്. ശുദ്ധം ജലം നല്‍കാന്‍ വാട്ടര്‍ അതോറിട്ടി, ക്രമസമാധാനം നോക്കാന്‍ പോലീസ്, ദുരന്തങ്ങള്‍ പരിഹരിക്കാന്‍ ഫയര്‍ ഫോഴ്‌സ്, വഴികള്‍ വൃത്തിയാക്കി നല്‍കാന്‍ മരാമത്ത് അങ്ങനെ എല്ലാ വകുപ്പുകളുടെയും സംയുക്ത സഹകരണം കൊണ്ടാണ് ആറ്റുകാല്‍ പൊങ്കാല ലോക പ്രശസ്തമായി മാറിയത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക