ദില്ലി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടു. നല്‍കിയ ചെക്കുകള്‍ ഒന്നും ബാങ്ക് അനുവദിക്കുന്നില്ലെന്നും കോൺഗ്രസിനൊപ്പം യൂത്ത് കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചുവെന്നും കോണ്‍ഗ്രസ് ട്രഷറർ അജയ് മാക്കാൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കോൺഗ്രസിന്റെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ആദായനികുതി അടക്കാൻ വൈകിയെന്ന പേരിലാണ് നടപടി. 45 ദിവസം വൈകിയെന്ന പേരിൽ 210 കോടി രൂപ പിഴയും ചുമത്തി. പാര്‍ട്ടി ഇൻകംടാക്സ് അതോരിറ്റിയെ സമീപിച്ചതായി അജയ് മാക്കാൻ അറിയിച്ചു. 210 കോടി രൂപയാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനായി ഇൻകംടാക്സ് ആവശ്യപ്പെട്ടതെന്നും അജയ് മാക്കാൻ വ്യക്തമാക്കി.
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മാത്രമല്ല, രാജ്യത്തെ ജനാധിപത്യമാണ് ഇത്തരം നടപടികളിലൂടെ മരവിപ്പിക്കപ്പെടുന്നത്. ക്രൗണ്ട് ഫണ്ടിങിലൂടെയും മറ്റും സമാഹരിക്കപ്പെട്ട പണമാണ് അക്കൗണ്ടുകളില്‍ ഉണ്ടായിരുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍റെ മെമ്പർഷിപ്പിലൂടെ സമാഹരിക്കപ്പെട്ട പണവും അക്കൗണ്ടിലുണ്ടായിരുന്നു’. ഒറ്റ പാര്‍ട്ടിക്ക് മാത്രമാണോ ഇന്ത്യയില്‍ പ്രവർത്തിക്കാൻ അനുവാദമുള്ളതെന്നും അജയ് മാക്കൻ ചോദിച്ചു.
Read more…
ബിജെപി ഭരണഘടന വിരുദ്ധമായി ഇലക്ട്രല്‍ ബോണ്ടിലൂടെ ആറായിരം കോടി സമാഹരിച്ച ബാങ്ക് അക്കൗണ്ട് നിലനില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസിന്‍റ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത്. നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഇത് ആദ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതെന്ന് ഓർക്കണം. കോടതിയെയും സമീപിക്കുന്നത് പരിഗണിക്കുന്നതായും അജയ് മാക്കൻ വിശദീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക