കൊൽക്കത്ത: ലോക്‌സഭാ അംഗത്വം രാജിവച്ച് നടിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മിമി ചക്രവർത്തി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു രാജി പ്രഖ്യാപിച്ചത്. രാഷ്ട്രീയം തനിക്കു പറഞ്ഞ പണിയല്ലെന്ന് രാജിക്കു പിന്നാലെ അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫെബ്രുവരി 13ന് താൻ രാജിക്കത്ത് സമർപ്പിച്ചിരുന്നു. രാഷ്ട്രീയ പ്രവർത്തനം അത്ര എളുപ്പമല്ലെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മനസ്സിലാക്കിയെന്നും ചക്രവർത്തി പറഞ്ഞു. തൻ്റെ മണ്ഡലത്തിലെ പ്രാദേശിക പാർട്ടി നേതൃത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ടാണ് രാജി പ്രഖ്യാപിച്ചത്. അതേസമയം ലോക്സഭാ സ്പീക്കർക്ക് രാജിക്കത്ത് അയച്ചിട്ടില്ലാത്തതിനാൽ ഇത് ഔപചാരിക രാജിയായി കണക്കാക്കില്ല.
രാഷ്ട്രീയക്കാരി എന്നതിനൊപ്പം നടി കൂടിയാണ് താനെന്നും രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാലും ഇല്ലെങ്കിലും വിമർശനം ഏറ്റുവാങ്ങേണ്ടിവരുമെന്നും മിമി ചക്രവർത്തി മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയം എനിക്കു പറഞ്ഞ പണിയല്ല. സിനിമാ മേഖലയിൽനിന്നുള്ള ഒരാളെ ഒന്നും ചെയ്യുന്നില്ലെന്നു പറഞ്ഞ് അപകീർത്തിപ്പെടുത്താൻ എളുപ്പമാണ്. രാഷ്ട്രീയത്തിന്റെ ബാലപാഠം എനിക്ക് അറിയില്ല. വിഷയങ്ങളെല്ലാം മമത ബാനർജിയുമായി സംസാരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ലോക്സഭാ സ്പീക്കർക്ക് അല്ലാതെ മമത ബാനർജിക്ക് രാജിക്കത്ത് നൽകിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന്, ടിഎംസിയുടെ അനുമതി ലഭിച്ചാൽ കത്ത് സ്പീക്കർക്ക് സമർപ്പിക്കുമെന്നായിരുന്നു ചക്രവർത്തിയുടെ മറുപടി. പ്രാദേശിക നേതൃത്വം തീരുമാനങ്ങൾ എടുക്കുന്നതിൽ തടസ്സം സൃഷ്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അത് നിഷേധിക്കില്ലെന്ന് മിമി പറഞ്ഞു. തനിക്ക് സന്തോഷമില്ലാത്തിടത്ത് താൻ തുടരില്ലെന്നും മിമി വ്യക്തമാക്കി.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജാദവ്പൂർ സീറ്റിൽ നിന്നാണ് മിമി ചക്രവർത്തി വിജയിച്ചത്. അടുത്തിടെ പാർലമെന്റിന്റെ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റിയിൽനിന്നും മിമി രാജിവച്ചിരുന്നു. വ്യവസായ സ്റ്റാൻഡിങ് കമ്മിറ്റിയിലും കേന്ദ്ര ഊർജ-പുനരുപയോഗ ഊർജ സംയുക്ത സമിതിയിലും അംഗമായിരുന്നു അവർ. ജാദവ്പൂർ മണ്ഡലത്തിനു കീഴിലുള്ള നാൽമുറി-ജിരാഗച്ഛ ബ്ലോക്ക് പ്രൈമറി ഹെൽത്ത് സെന്റർ പേഷ്യന്റ് വെൽഫെയർ അസോസിയേഷനിൽനിന്നും അവർ രാജി പ്രഖ്യാപിച്ചിരുന്നു.
Read more…
- ഇന്ത്യ സഖ്യത്തിന് തിരിച്ചടി; നാഷണൽ കോൺഫറൻസ് പാർട്ടി ജമ്മു കശ്മീരിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള
- ഇലക്ടറല്‍ ബോണ്ട്: 16000 കോടിയില്‍ 9000 കോടിയും ബി.ജെ.പിയുടെ പോക്കറ്റില്‍, പാവം കോണ്‍ഗ്രസുകാര്‍ക്ക് കുത്തുപാള
- മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ: ഗവർണർ
- കോഴിക്കോട് പേരാമ്പ്രയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ ടിപ്പര്‍ ലോറി ഇടിച്ച് യുവതിക്ക് പരിക്ക്
- ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാവശ്യവുമായി ചിലിയിൽ ബഹുജന പ്രതിഷേധം
















