ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ ഒരു ചീറ്റ കൂടി ചത്തു. നമീബിയയില്‍ നിന്നെത്തിച്ച ശൗര്യ എന്ന ചീറ്റയാണ് ചത്തത്.ചൊവ്വാഴ്ച്ച പുലര്‍ച്ചയോടെ അവശ നിലയില്‍ കണ്ടെത്തിയ ചീറ്റ വൈകാതെ ചാവുകയായിരുന്നു. ഇതോടെ കുനോയില്‍ ചത്ത ചീറ്റകളുടെ എണ്ണം പത്തായി.
2022 ല്‍ തുടങ്ങിയ പ്രൊജക്ട് ചീറ്റ വഴി 20 ചീറ്റകളാണ് കുനോ ദേശീയോദ്യാനത്തില്‍ എത്തിയത്. ആദ്യ ഘട്ടത്തില്‍ 8 ചീറ്റകള്‍ നമീബിയയില്‍ നിന്നും 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് എത്തിച്ചത്. എന്നാല്‍ അണുബാധയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാരണം 10 ചീറ്റകളാണ് ഇതിനോടകം ചത്തത്. ഏറ്റവും ഒടുവില്‍ ചത്ത ചീറ്റ ശൌര്യയുടെ മരണ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് അധികൃതര്‍ പറഞ്ഞു. 10ല്‍ ഏഴെണ്ണം മുതിര്‍ന്ന ചീറ്റകളും മൂന്നെണ്ണം കുഞ്ഞുങ്ങളുമാണ്.
2024 ജനുവരി 16ന് ഉച്ചകഴിഞ്ഞ് 3.17 ഓടെയാണ് നമീബിയൻ ചീറ്റ ശൗര്യ ചത്തതെന്ന് വനംവകുപ്പ് അഡീഷണല്‍ പ്രിൻസിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. രാവിലെ ചീറ്റയെ അവശനായി കണ്ടെത്തിയിരുന്നു. ചീറ്റ സിപിആറിനോട് പ്രതികരിച്ചില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്നും അഡീഷണല്‍ പ്രിൻസിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് രണ്ടിനാണ് കുനോയിലെ ഒമ്പതാമത്തെ ചീറ്റയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. മഴക്കാലത്ത് പ്രാണികള്‍ മൂലമുണ്ടാകുന്ന അണുബാധയാണ് അവസാനത്തെ രണ്ട് മരണങ്ങള്‍ക്ക് കാരണമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.
1952ലാണ് ഇന്ത്യയില്‍ ചീറ്റകള്‍ക്ക് വംശനാശം സംഭവിച്ചത്. അതിനാലാണ് 2022ല്‍ വിദേശത്ത് നിന്ന് 20 ഓളം ചീറ്റകളെ കുനോ പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. ചീറ്റകളെ രണ്ട് ബാച്ചുകളായാണ് ഇറക്കുമതി ചെയ്തത്. നമീബിയയില്‍ നിന്ന് 2022ലും ദക്ഷിണാഫ്രിക്കയില്‍ നിന്ന് 2023ലുമാണ് ചീറ്റകളെ കൊണ്ടുവന്നത്. ഗാന്ധി സാഗര്‍ വന്യജീവി സങ്കേതത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മറ്റൊരു കൂട്ടം ചീറ്റകളെ ഇറക്കുമതി ചെയ്യുമെന്ന് പ്രോജക്ട് ചീറ്റ ഹെഡ് എസ്പി യാദവ് നേരത്തെ അറിയിക്കുകയുണ്ടായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു