പലസ്തീനി പതിനാലുകാരൻ അബ്ദുൽറഹ്മാൻ അൽ-സഗലിന് മോചനം. ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ചില ഇസ്രായേലികൾ മോചിപ്പിക്കപ്പെട്ടു. അതിനു പകരമായി അധിനിവേശത്തിൻ്റെ ഭാഗമായി തങ്ങൾ ബന്ദിയാക്കിയവരിൽ ചിലരെ ഇസ്രായേൽ മോചിപ്പിച്ചു. ഇസ്രായേൽ ബന്ദികളാക്കപ്പെട്ടവരിലേറ്റവും പ്രായം കുറഞ്ഞ പലസ്തീനിയാണ് അൽ-സഗാൽ. മോചിതനായ സഗാൽ സന്തോഷവാനാണ്.
ആഴ്‌ചകൾക്കുശേഷമാണ് അൽ-സഗലെന്ന കൗമാരക്കാരൻ മോചിതനാകുന്നത്. ഇസ്രായേൽ സൈന്യത്തിൻ്റെ ആക്രമണത്തിലേറ്റ ഗുരുതരമായ പരിക്കുകളോടെയാണ് അൽ-സഗൽ ബന്ദിയാക്കപ്പെട്ടത്. പരിക്കുകളിപ്പോഴും ഭേദമായിട്ടില്ല.സ്കൂളിൽ പോകാൻ ഇപ്പോഴും ഇസ്രായേലിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് അബ്ദുൽറഹ്മാൻ അൽ-സ ഗലി
ആഗസ്തിൽ ബ്രെഡ് വാങ്ങാൻ വീട്ടിൽ നിന്നിറങ്ങിയപ്പോഴാണ് സഗലിന് വെടിയേറ്റത്. ബോധം വരുമ്പോൾ ആശുപത്രി കിടക്കയിൽ. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അരികിൽ. തലയിലും ഇടുപ്പിലും വെടിയേറ്റ മുറിവുകൾ.
തങ്ങൾക്കെതിരെ സഗൽ പെട്രോൾ ബോംബ് എറിഞ്ഞുവെന്ന കുറ്റമാണ് ഇസ്രായേൽ ചുമത്തിയത്. അത് പക്ഷേ സഗൽ നിഷേധിച്ചു. കിഴക്കൻ ജറുസലേമിലെ തങ്ങളുടെ വീടിന് സമീപമുള്ള ജൂത കുടിയേറ്റ കേന്ദ്രത്തിന് കാവൽ നിൽക്കുന്ന ഇസ്രായേലിയാണ് തൻ്റെ മകനെ വെടിവെച്ചതെന്ന് അമ്മ നജ പറഞ്ഞു. ഒരു കൗമാരക്കാരനെ വെടിവെച്ച് ഗുരുതരമായി പരിക്കേൽപിച്ചതായി വെടിവച്ച രാത്രി തന്നെ ബോർഡർ പൊലിസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. ആ കൗമാരക്കാരൻ സഗാലായിരുന്നു.
ജറുസലേം നിവാസിയെന്ന നിലയിൽ സഗാലിനെതിരെയുള്ള കേസ് ഇസ്രായേൽ സിവിൽ കോടതിയാണ് പരിഗണിച്ചത്. വിചാരണ തീരുംവരെ സഗാലിനെ വീട്ടുതടങ്കലിൽ പാർപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. മോചിതനായ ദിവസം താൻ സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്ന് സഗാൽ പറഞ്ഞു. എന്നാൽ വെടിവയ്പിൽ മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാനിരിക്കെ ആഘോഷങ്ങളിൽ സജീവമാകാനാകത്തവസ്ഥയിലാണ് – അമ്മ പറഞ്ഞു.
ഗസ യുദ്ധത്തിൽ നവംബറിലെ ഒരു ഇടവേളയിൽ ഇസ്രായേൽ മോചിപ്പിച്ച 240 പലസ്തീനികളിൽ 18 വയസ്സിന് താഴെയുള്ള 104 പേരിലൊരാളാണ് സഗാൽ. ഇതിനു പകരമായി ഒക്‌ടോബർ ഏഴിന് ബന്ദികളാക്കിയ 110 സ്ത്രീകളെയും കുട്ടികളെയും വിദേശികളെയും ഹമാസ് മോചിപ്പിച്ചു. കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട പകുതിയിലധികം പലസ്തീനികളെ കുറ്റം ചുമത്താതെ തടവിലാക്കിയതായി ഇസ്രായേലിന്റെ രേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ട്.
2000 മുതൽ ഇസ്രായേൽ സൈന്യം ഏകദേശം 13000 പലസ്തീൻ കുട്ടികളെ തടവിലാക്കിയിട്ടുണ്ട്. ആൺകുട്ടികളിലേറെയും 12 നും 17 നും മിടയിൽ പ്രായമുള്ളവരാണെന്ന് ഡിഫൻസ് ഫോർ ചിൽഡ്രൻ ഇന്റർനാഷണൽ-പാലസ്തീൻ (ഡിസിഐപി) പറയുന്നു.
തങ്ങളുടെ പൗരന്മാർക്കെതിരെ ആക്രമണം നടത്തുകയോ ആക്രമണം ആസൂത്രണം ചെയ്യുകയോ ചെയ്തുവെന്ന സംശയത്തിലാണ് പലസ്തീനികളെ അറസ്റ്റ് ചെയ്യുന്നതെന്ന് ഇസ്രായേൽ പറയുന്നു. ക്രിമിനൽ നടപടികളിലകപ്പെട്ട പ്രായപൂർത്തിയാകാത്തവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അധിനിവേശ വെസ്റ്റ് ബാങ്കിൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേലി സൈന്യം.
വെസ്റ്റ്ബാങ്കിൽ പലസ്തീൻകാരും ഇസ്രായേലികളും വ്യത്യസ്ത നിയമ വ്യവസ്ഥകൾക്ക് വിധേയരാണ്. പ്രായപൂർത്തിയാകാത്തവരു ൾപ്പെടെയുള്ള പലസ്തീനികൾ സൈനിക കോടതിയിൽ വിചാരണ ചെയ്യപ്പെടുന്നു.
2016 – 2022 വേളയിൽ 766 കുട്ടികൾ തടവിലാക്കപ്പെട്ടു. ഇവരിൽ ഏകദേശം 59 ശതമാനത്തെയും സൈനികർ രാത്രിയിൽ തട്ടിക്കൊണ്ടുപോയതായാണ് ഇവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. 75 ശതമാനം കുട്ടികൾ ശാരീരിക പീഡനത്തിന് വിധേയരാകുന്നു. 97 ശതമാനം കുട്ടിക കുടുംബാംഗങ്ങളോ അഭിഭാഷകരോയില്ലാതെ ചോദ്യം ചെയ്യപ്പെടുന്നു. വിചാരണ ആരംഭിക്കുന്നതിന് മുമ്പുതന്നെ നാലിൽ ഒരാൾ രണ്ടോ അതിലധികമോ ദിവസത്തേക്ക് ഏകാന്ത തടവിൽ പാർപ്പിക്കപ്പെടുകയും ചെയ്യുന്നു.
മോചിതരായതിനുശേഷമുള്ള കൗൺസിലിങ് വെല്ലുവിളികൾ നിറഞ്ഞതാണ്. കൗമാരക്കാർ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമെന്ന ഭീതിയിലാണെന്നത് കൗൺസിലിങ്ങിനെ ബാധിക്കുന്നുണ്ടെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന്റെ മാനസികാരോഗ്യ വിഭാഗത്തിന്റെ തലവനായ സൈക്യാട്രിസ്റ്റായ ഡോ. സമാഹ് ജബർ പറയുന്നു.
തന്നെ മുമ്പ് രണ്ട് തവണ ഇസ്രയേലി സൈന്യം തടങ്കലിൽ വെച്ചിട്ടുണ്ടെന്ന് സഗാൽ പറഞ്ഞു. ആദ്യമായി 12-ാം വയസ്സിൽ. ജെറിക്കോയിൽ തന്റെ ബന്ധുവിനൊപ്പം കളിക്കുമ്പോൾ പട്ടാളക്കാർ റൈഫിളുകൾ ഉപയോഗിച്ച് തന്നെ മർദ്ദിച്ചുവെന്നാണ് സഗാൽ പറയുന്നത്. അധനിവേശ മേഖലയിലെ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് അറസ്റ്റു ചെയ്യപ്പെട്ടത്. അത് പക്ഷേ പച്ചക്കള്ളമായിരുന്നുവെന്ന് സഗാൽ.
വെസ്റ്റ് ബാങ്കിൽ തടവിലാക്കപ്പെടുന്ന പലസ്തീൻ പ്രായപൂർത്തിയാകാത്തവർക്കെതിരെ സാധാരണയായി ചുമത്തുന്ന കുറ്റമാണ് കല്ലെറിയൽ. ഇതിന് ഇസ്രായേൽ സൈനിക നിയമപ്രകാരം 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണെന്ന് പലസ്തീൻ അവകാശ സംഘടനയായ അദ്ദമീർ പറഞ്ഞു.
വാരാന്ത്യങ്ങളിൽ തന്റെ പിതാവിനൊപ്പം ടെൽ അവീവ് കുളത്തിൽ നീന്താൻ പോയത് സഗാൽ ഓർക്കുന്നു. ഒരു ലൈഫ് ഗാർഡാകാനായിരുന്നു ആഗ്രഹം. തനിക്ക് സ്‌കൂൾ ഇഷ്ടമാണെന്നും തിരികെ പോകാൻ ആഗ്രഹമുണ്ടെന്നും സഗാൽ പറഞ്ഞു.
ഇസ്രായേൽ തടങ്കലിൽ നിന്ന് മോചിതരായ പലസ്തീനി കുട്ടികളെ 2024 ജനുവരി വരെ സ്കൂളുകളിൽ പോകാൻ അനുവദിക്കില്ല. പകരം അവരെ ഇസ്രായേലി നിയുക്ത ഉദ്യോഗസ്ഥർ സന്ദർശിക്കുമെന്നും ഇസ്രായേൽ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇത്തരമൊരു തീരുമാനത്തിന് കാരണമെന്തെന്ന് പറയുവാൻ ഇസ്രായേലി അധികൃതർ തയ്യാറാകുന്നില്ലെന്നു് റോയിട്ടേഴ്സ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു