ഇസ്‌ലാമാബാദ്∙ പലസ്തീനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ പുതുവത്സരാഘോഷം നിരോധിച്ചു. പാക്കിസ്ഥാന്റെ കെയർടേക്കർ പ്രധാനമന്ത്രി അൻവർ ഉൽ ഹക്ക് കകാർ ആണ് പുതുവത്സരാഘോഷം നിരോധിച്ചതായി അറിയിച്ചത്. വ്യാഴാഴ്ച, രാഷ്ട്രത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, പലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പുതുവർഷത്തിൽ സംയമനവും വിനയവും പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്തു.
‘‘പലസ്തീനിലെ ഗൗരവമായ സാഹചര്യം കണക്കിലെടുത്ത്, പലസ്തീൻ സഹോദരീസഹോദരന്മാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി, പുതുവത്സരാഘോഷത്തിനായി ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് കർശനമായ നിരോധനം ഉണ്ടായിരിക്കും’’– അദ്ദേഹം പറഞ്ഞു. പലസ്തീനിലേക്ക് പാക്കിസ്ഥാൻ രണ്ട് സഹായ പാക്കേജുകൾ അയച്ചുവെന്നും മൂന്നാമത്തെ പാക്കേജ് തയാറാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പലസ്തീന് സമയബന്ധിതമായി സഹായം നൽകാനും ഗാസയിൽ കഴിയുന്നവരെ ഒഴിപ്പിക്കാനും ജോർദാനുമായും ഈജിപ്തുമായും ചർച്ചയിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിവിധ ആഗോള വേദികളിൽ പലസ്തീൻ ജനതയുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാനാണ് പാക്കിസ്ഥാൻ ശ്രമിച്ചതെന്നും ഇസ്രയേലിന്റെ രക്തച്ചൊരിച്ചിൽ തടയാൻ ഭാവിയിൽ അതു തുടരുമെന്നും കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു